ഞായര്‍ , നവംബര്‍ 3, 2024 Information Gateway on Agriculture to Convert "Know How To Do How" English
കൃഷി > ധാന്യങ്ങള്‍ > റാഗി (കൂവരക്)

ശാസ്ത്രിയ നാമം : എലുസിന്‍ കോറക്കാന

അധികം വളക്കൂറില്ലാത്തതും എന്നാല്‍ നല്ല നീര്‍വാര്‍ച്ചയുള്ളതുമായ ചുവന്ന ചെങ്കല്‍ മണ്ണില്‍ റാഗി കൃഷിചെയ്യാം. അന്തരീക്ഷതാപനില 27o സെന്‍റി ഗ്രേഡും വാര്‍ഷിക വര്‍ഷപാതം 700 മുതല്‍ 1200 മില്ലീ മീറ്റര്‍ വരെയും ലഭിക്കുന്ന സ്ഥലങ്ങളാണ് അനുയോജ്യം. വിളയുന്ന സമയത്ത്‌ വരണ്ട കാലാവസ്ഥയായിരിക്കുന്നതാണ് നല്ലത്.

പ്രധാനമായും മൂന്നുകാലങ്ങളില്‍ കൃഷിയിറക്കാം.

  1. ജുണ്‍ - സെപ്റ്റംബര്‍
  2. ജൂലൈ - ഒക്ടോബര്‍
  3. ഡിസംബര്‍ /ജനുവരി – മാര്‍ച്ച്‌ /ഏപ്രില്‍

ഇനങ്ങള്‍

PR-202, K-2,Co-2, Co-7, Co-8, Co-9, Co-10.

കൃഷി രീതി

ഒരു ഹെക്ടര്‍ സ്ഥലത്ത് വിതയ്ക്കാന്‍ അഞ്ചു കിലോഗ്രാം വിത്തുവേണ്ടിവരും. നേരിട്ടുള്ള നടീലിന് വിത്ത്‌ ഇതിലും കുറവുമതി (4-5 കിലോഗ്രാം).

ഞാറ്റടി

ഹെക്ടറിന്‌ 5 ടണ്‍ എന്ന തോതില്‍ കാലിവളമോ കമ്പോസ്റ്റോ ചേര്‍ത്ത്‌ നിലം നല്ലപോലെ ഉഴുത്‌ കട്ടയുടച്ച് വാരങ്ങള്‍ കോരണം. വിതച്ചതിനുശേഷം ചെറുതായി മണ്ണിളക്കി വിത്ത്‌ മൂടണം. ഉറുമ്പുശല്യത്തിനെതിരെ വാരങ്ങള്‍ക്കു ചുറ്റും 10 ശതമാനം വീര്യമുള്ള കാര്‍ബറില്‍ തൂവാം. വിതച്ച് രണ്ടാഴ്ച്ചയാവുമ്പോള്‍ 2 ½ സെന്‍റിന് ഒരു കിലോഗ്രാം എന്ന തോതില്‍ അമോണിയം സള്‍ഫേറ്റ് ചേര്‍ക്കണം. മൂന്നാഴ്ച പ്രായമാകുമ്പോള്‍ തൈകള്‍ പ്രധാന നിലത്തിലേക്ക് പറിച്ചുനടാം. ഒരു ഹെക്ടര്‍ സ്ഥലത്ത്‌ നടാന്‍ 480 ചതുരശ്രമീറ്റര്‍ ഞാറ്റടി വേണം.

നിലമൊരുക്കല്‍

ഹെക്ടറൊന്നിന് 5 ടണ്‍ കാലിവളമോ കമ്പോസ്റ്റോ ചേര്‍ത്ത് നിലം മൂന്നോ നാലോ തവണ ഉഴുതതിനുശേഷം രാസവളപ്രയോഗം നടത്താം. പാക്യജനകം, ഭാവഹം, ക്ഷാരം, ഇവ ഓരോന്നും ഹെക്ടറിന് 22 ½ കിലോഗ്രാം എന്നതോതില്‍ അടിവളമായി നല്‍കാം. പിന്നീട് മൂന്നാഴ്ച കഴിഞ്ഞ് 2 ½ കിലോഗ്രാം പാക്യജനകം മേല്‍വളമായി നല്‍കണം. മേല്‍വളം ഇടുന്നതിനുമുമ്പ് കളയെടുപ്പ് നടത്തണം.

പറിച്ചുനടീലിന് വരികള്‍ തമ്മില്‍ 25 സെന്‍റിമീറ്ററും ഒരു വരിയിലെ ചെടികള്‍ തമ്മില്‍ 15 സെന്‍റിമീറ്ററും അകലം പാലിക്കണം. നട്ട അന്നും പിന്നീട് ഒരാഴ്ച ഇടവേളയിലും നനയ്ക്കുന്നത് നല്ലതാണ്.

സസ്യസംരക്ഷണം

പ്രധാന രോഗ-കീട ബാധകള്‍ക്കുള്ള നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

പുല്‍ച്ചാടി -കാര്‍ബറില്‍ 50% WP @ 1.2 കിലോഗ്രാം /ഹെക്ടര്‍; തണ്ടുതുരപ്പന്‍ - കീടനാശിനി ഉപയോഗിക്കേണ്ട ആവശ്യമില്ല. ബ്ളാസ്റ്റ് (കുലവാട്ടം) - മാങ്കോസെബ് 750-1000ഗ്രാം/ ഹെക്ടര്‍.

വിളവെടുപ്പ്‌

കതിരുകള്‍ മഞ്ഞ കലര്‍ന്ന തവിട്ടുനിറമാകുമ്പോള്‍ കൊയ്തെടുക്കാം. മെതിക്കുന്നതിനുമുന്‍പ്‌ കറ്റകള്‍ രണ്ടു മൂന്നു ദിവസം റാഗിയുടെ തന്നെ വൈക്കോല്‍ കൊണ്ട്‌ മൂടി കൂട്ടിയിട്ടാല്‍ മെതിക്കാന്‍ എളുപ്പമാകും.

Admin Login

പകര്‍പ്പവകാശം ©2019. നിര്‍മ്മിച്ചതും നിലനിര്‍ത്തുന്നതും സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്, കേരള കാര്‍ഷിക സര്‍വ്വകലാശാല