ഞായര്‍ , ഡിസംബര്‍ 22, 2024 Information Gateway on Agriculture to Convert "Know How To Do How" English
കൃഷി > ഫലവര്‍ഗ്ഗ വിളകള്‍ > പ്ലാവ്

പ്ലാവ്(ആര്‍ടോകാര്‍പ്പസ് ഹെട്രോഫൈല്ലസ്)

ഉയര്‍ന്ന ആപേക്ഷിക ആര്‍ദ്രതയും ഈര്‍പ്പവും ഉള്ള കാലാവസ്ഥയാണ് പ്ലാവ്‌ കൃഷിക്ക്‌ യോജിച്ചത്‌.

ഇനങ്ങള്‍

ഇനങ്ങളുടെ കാര്യത്തില്‍ വളരെയധികം വൈവിദ്ധ്യമുള്ള ഒരു വൃക്ഷമാണ് പ്ലാവ്‌. പ്രധാനമായും പഴച്ചക്ക(കൂഴച്ചക്ക) എന്നും വരിക്കച്ചക്ക എന്നും രണ്ടിനങ്ങള്‍ ഉണ്ട്. ഇതില്‍ വരിക്കച്ചക്കയുടെ ചുളക്ക് ഏറെ മധുരവും, സ്വാദും ഉറപ്പുമുണ്ട്. കേരളത്തില്‍ കൃഷി ചെയ്യാന്‍ യോജിച്ച വരിക്കയിനങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

  • മുട്ടം വരിക്ക-ഉറപ്പുള്ള ചുളയും, മധുരവും മണവുമുള്ള ഇനം.

  • സിങ്കപ്പൂര്‍/സിലോണ്‍ ചക്ക – ഒരു ശ്രീലങ്കന്‍ ഇനമാണിത്. നട്ടു മൂന്നുവര്‍ഷം കഴിഞ്ഞാല്‍ കായ്ക്കും. ഉല്പാദനശേഷി വളരെ കൂടുതലാണ്.

നടീല്‍ വസ്തു

തൈകളോ ഗ്രാഫ്റ്റ്‌ തൈകളോ നടാനുപയോഗിക്കാം. ഗ്രാഫ്റ്റ്‌ ചെയ്യുന്നതിന് പ്ലാസ്റ്റിക്ക് കൂടകളില്‍ തൈകള്‍ തയ്യാറാക്കി 9-12 മാസമാകുമ്പോള്‍ വശം ചേര്‍ത്ത്‌ ഒട്ടിക്കാം.

വിത്തുമുളച്ചു പത്ത് ദിവസമാകുന്നതോടെ ഗ്രാഫ്റ്റിങ് നടത്താം. തറനിരപ്പില്‍ നിന്ന് ഒന്നരയിഞ്ച്ച് മുകളില്‍ വെച്ച് തൈ വട്ടം മുറിച്ചു കളയുക. നല്ല മൂര്‍ച്ചയുള്ള ഒട്ടുകത്തികൊണ്ട് മുറിക്കുന്നതായാല്‍ തൊലി ഇളകുകയില്ല. മാതൃവൃക്ഷത്തില്‍ നിന്ന് തൈയ്യുടെ വണ്ണത്തിന് യോജിച്ച കമ്പ് മുറിച്ച് കൊണ്ടു വരണം. ഇലകളെല്ലാം 20 ദിവസം മുന്‍പ്‌ തന്നെ നീക്കം ചെയ്യണം. ഈ കമ്പിന്‍റെ ചുവടുഭാഗത്ത്‌ മുക്കാല്‍ ഇഞ്ച് നീളത്തില്‍ രണ്ടുവശത്തും മൂര്‍ച്ചയുള്ള കത്തികൊണ്ട് ചീന്തി ആപ്പിന്‍റെ ആകൃതിയിലാക്കണം. രണ്ടുവശം മാത്രം ചീന്തുമ്പോള്‍ ചുവടറ്റത്തേക്ക് വരുന്ന ഭാഗം തീര്‍ത്തും നേരത്തു വരണം. കമ്പിന്‍റെ ഓരോ വശവും ഓരോ ചീന്തുകൊണ്ടു തന്നെ ശരിയാക്കിയെടുക്കുന്നതാണ് നല്ലത്. കുറുകെ മുറിച്ച ശേഷം തൈയ്യിലുണ്ടാക്കിയ പിളര്‍പ്പില്‍ ഒട്ടുകമ്പിന്‍റെ ചെത്തി ശരിയാക്കിയ ചുവടറ്റം ഇളക്കിയുറപ്പിക്കുക. പോളിത്തീന്‍ നാട നീളത്തില്‍ അര സെ. മീ. വീതിയില്‍ മുറിച്ചെടുത്ത്‌ ഒട്ടിച്ച ഭാഗത്തിന് ചുറ്റും വരിഞ്ഞു കെട്ടണം. താഴെനിന്ന് മുകളിലേക്ക് വരിഞ്ഞുകെട്ടുന്നതാണ് നല്ലത്. ഒരാഴ്ച്ച കഴിഞ്ഞ് ഒട്ടുകമ്പ് ആരോഗ്യത്തോടെ നില്‍ക്കുന്ന പക്ഷം ഗ്രാഫ്റ്റിംഗ് വിജയിച്ചുവെന്നാണ് കരുതേണ്ടത്. ഒരു മാസം കൊണ്ട് ഒട്ടു പിടിക്കല്‍ പൂര്‍ത്തിയാകും. നടാന്‍ പാകത്തിന് വളര്‍ച്ചയെത്തിയാല്‍ ഗ്രാഫ്റ്റുകള്‍ നട്ടു തുടങ്ങാം.

കൃഷിക്കാലം

മഴ ആരംഭിക്കുന്നതോടെ വിത്തു തൈകളോ ഒരു വര്‍ഷം പ്രായമായ ഗ്രാഫ്റ്റുകളോ നടാം.

നടീല്‍

കുഴികള്‍ 12-15 മീറ്റര്‍ അകലത്തില്‍ 60*60*60 സെ.മീ. അളവില്‍ എടുത്തു മേല്‍മണ്ണും 10 കി.ഗ്രാം കമ്പോസ്റ്റും/കാലിവളവും ചേര്‍ത്തു തറ നിരപ്പില്‍നിന്ന് ഉയര്‍ന്നു നില്ക്കത്തക്കവിധം നിറയ്ക്കുക. തൈകള്‍ കൂടയില്‍ നിന്നിരുന്ന അതേ ആഴത്തില്‍ കഴിയുന്നതും വൈകുന്നേരങ്ങളില്‍ നടുക. കൂടുതല്‍ ആഴത്തില്‍ നടുന്നത് വളര്‍ച്ച കുറയ്ക്കാനിടയാകും. ഗ്രാഫ്റ്റു ചെയ്ത ഭാഗം മണ്ണിനു മുകളിലായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തായ്‌ ഒടിഞ്ഞു പോകാതിരിക്കാന്‍ താങ്ങു കൊടുക്കുകയും വേനല്‍ക്കാലത്ത് തൈകള്‍ക്ക് തണല്‍ കൊടുക്കുകയും വേണം. കേരളത്തിലെ കാലാവസ്ഥയില്‍ വളം ചെയ്യാതെ തന്നെ പ്ലാവ്‌ നന്നായി വളരും.

വിളവെടുപ്പ്

സാധാരണ തൈകള്‍ എട്ടു വര്‍ഷത്തിനുശേഷവും ഗ്രാഫ്റ്റു തൈകള്‍ മൂന്നു വര്‍ഷത്തിനു ശേഷവും കായ്ക്കും. ഡിസംബര്‍ - ജനുവരി മാസങ്ങളില്‍ കായ്കള്‍ ഉണ്ടാവുകയും മെയ്‌ - ജൂണ്‍ മാസത്തോടെ വിളവെടുപ്പ്‌ തീരുകയും ചെയ്യും. ഒരു മരത്തില്‍ നിന്നും ഒരു വര്‍ഷം 10 മുതല്‍ 50 ചക്കകള്‍ വരെ കിട്ടും.

സസ്യസംരക്ഷണം

തണ്ടുതുരപ്പന്‍ പുഴു, മീലിമൂട്ട, ശല്‍ക്കകീടം എന്നിവയാണ് പ്രധാന കീടങ്ങള്‍. സ്പര്‍ശന ശേഷിയുള്ള (കാര്‍ബാറില്‍)ഏതെങ്കിലും കീടനാശിനി തളിച്ച് തണ്ടുതുരപ്പനേയും ശല്‍ക്കകീടങ്ങളേയും നിയന്ത്രിക്കാം.

പിങ്ക് രോഗം, തടിചീയല്‍, കായ്‌ചീയല്‍ എന്നിവയാണ് പ്രധാന രോഗങ്ങള്‍. രോഗം ബാധിച്ച ഭാഗങ്ങള്‍ മുറിച്ചു മാറ്റി മുറിപ്പാടില്‍ ബോര്‍ഡോ കുഴമ്പ് പുരട്ടുന്നതാണ് നിയന്ത്രണമാര്‍ഗ്ഗം.

മുകളിലേയ്ക്ക്

Admin Login

പകര്‍പ്പവകാശം ©2019. നിര്‍മ്മിച്ചതും നിലനിര്‍ത്തുന്നതും സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്, കേരള കാര്‍ഷിക സര്‍വ്വകലാശാല