ബുധന്‍ , ജനുവരി 22, 2025 Information Gateway on Agriculture to Convert "Know How To Do How" English
കൃഷി > എണ്ണക്കുരുക്കള്‍ > നിലക്കടല

ശാസ്ത്രിയ നാമം : ആരാക്കിസ്‌ ഹൈപോജിയെ

തെങ്ങിന്‍ തോപ്പുകളിലും മരച്ചീനിത്തോട്ടങ്ങളിലും ഇടവിളയായും നെല്‍പ്പാടങ്ങളില്‍ രണ്ടാം വിളയ്ക്കുശേഷവും നിലക്കടലകൃഷി ചെയ്യാം. മണല്‍ കലര്‍ന്ന മണ്ണാണ് ഇതിന്റെ കൃഷിക്ക് ഏറ്റവും യോജിച്ചത്.

കൃഷിക്കാലം

മഴയെ ആശ്രയിച്ച് മേയ്-ജൂണ്‍ മുതല്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ വരെ.

ജലസേചിതകൃഷി –ജനുവരി മുതല്‍ മേയ് വരെ.

ഇനങ്ങള്‍ മൂപ്പ്‌(ദിവസം)
TMV2 (കുലകളായി ഉണ്ടാകുന്ന ഇനം) 100
TMV7 (കുലകളായി ഉണ്ടാകുന്ന ഇനം) 110
TG3 (കുലകളായി ഉണ്ടാകുന്ന ഇനം) 100-110
TG14 (കുലകളായി ഉണ്ടാകുന്ന ഇനം) 105-115
സ്നേഹ (കുലകളായി ഉണ്ടാകുന്ന ഇനം) നേരത്തേ മൂപ്പെത്തും
സ്നിഗ്ധ (കുലകളായി ഉണ്ടാകുന്ന ഇനം) നേരത്തേ മൂപ്പെത്തും
സ്പാനിഷ് ഇംപ്രൂവ്ഡ് 100-110

കുറിപ്പ്‌: TG-3, TMV-2, TMV-7 എന്നിവ തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി ശുപാര്‍ശ ചെയ്തിട്ടുള്ളവയാണ്.

വിത്തും വിതയും

തനിവിള - 100 കി.ഗ്രാം/ഹെക്ടര്‍
തെങ്ങിന്‍തോപ്പില്‍ ഇടവിള - 80 കി.ഗ്രാം/ഹെക്ടര്‍
മരച്ചീനിയുടെ ഇടവിള - 40-50കി.ഗ്രാം/ഹെക്ടര്‍

നിലം മൂന്നോ, നാലോ തവണ ഉഴുത്‌ നിരപ്പാക്കി ഉഴവുച്ചാലില്‍ 15*15 സെ.മീ. അകലത്തില്‍ വിത്തിടാം. റൈസോബിയം കള്‍ച്ചര്‍ ചേര്‍ത്ത വിത്താണ് ഉപയോഗിക്കേണ്ടത്.

വളപ്രയോഗം

കാലിവളം അല്ലെങ്കില്‍ കമ്പോസ്റ്റ്‌ : 2ടണ്‍/ഹെക്ടര്‍
കുമ്മായം : 1-1.5 ടണ്‍/ഹെക്ടര്‍
രാസവളം N:P2O5:K2O : 10:75:75 കി. ഗ്രാം/ഹെക്ടര്‍

മുഴുവന്‍ ജൈവവളവും (കാലിവളം/കമ്പോസ്റ്റ്‌) രാസവളവും അടിവളമായി നല്‍കി മണ്ണില്‍ നല്ലവണ്ണം ഉഴുത്‌ ചേര്‍ക്കണം. പൂവിടുന്ന സമയത്ത് കുമ്മായം ഇട്ട് മണ്ണ് ചെറുതായി ഇളക്കേണ്ടതാണ്. ആഴ്ചയിലൊരിക്കല്‍ നനച്ചു കൊടുക്കുകയും മുളച്ച് 10-15 ദിവസത്തിനുശേഷം കളയെടുത്ത് മണ്ണ് ഇളക്കുകയും ചെയ്യണം. വീണ്ടും കുമ്മായം ചേര്‍ത്ത്‌ മണ്ണ് ഇളക്കണം. വിതച്ച് 45 ദിവസത്തിനുശേഷം മണ്ണിള‍ക്കരുത്.

സസ്യ സംരക്ഷണം

ചെംപൂടപ്പുഴു, ചിതല്‍, ഇലതുരപ്പന്‍പ്പുഴു എന്നിവയാണ് പ്രധാന ശത്രുക്കള്‍. ഇലതീനിപ്പുഴുവിനെതിരെ സ്പര്‍ശന ശേഷിയുള്ള ഏതെങ്കിലും ഓര്‍ഗാനോഫോസ്ഫറസ് കീടനാശിനി പ്രയോഗിക്കാം. കാര്‍ബാറില്‍ 0.15% തളിക്കുന്നതുവഴി ചെംപൂടപ്പുഴുവിനെ നിയന്ത്രിക്കാം. ഉറുമ്പിനും ചിതലിനും ഇരട്ടവാലനും എതിരെ കായ്‌പിടിക്കുന്ന സമയത്ത് 10% കാര്‍ബാറില്‍ പൊടി മണ്ണില്‍ കലര്‍ത്തുക.

മഴയെ ആശ്രയിച്ചുള്ള കൃഷിയേയും ജലസേചിതകൃഷിയേയും ഒരു പോലെ ബാധിക്കുന്ന ഒന്നാണ് ഇലപ്പുള്ളിരോഗം. ഇതിനെതിരെ പൂവിടുന്നതിന് മുന്‍പ് ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിച്ചു കൊടുക്കുക.

വിളവെടുപ്പ്‌

ഇലകള്‍ മഞ്ഞളിച്ച് ഉണങ്ങാന്‍ തുടങ്ങുമ്പോള്‍ വിളവെടുക്കാം. തൊണ്ടിനകത്തുള്ള വിത്തിന്റെ പുറം തൊലി തവിട്ടു നിറമാകുന്നതും വിളവെടുക്കാറായതിന്റെ മറ്റൊരു ലക്ഷണമാണ്.

മുകളിലേക്ക്

Admin Login

പകര്‍പ്പവകാശം ©2019. നിര്‍മ്മിച്ചതും നിലനിര്‍ത്തുന്നതും സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്, കേരള കാര്‍ഷിക സര്‍വ്വകലാശാല