ഞായര്‍ , ഡിസംബര്‍ 22, 2024 Information Gateway on Agriculture to Convert "Know How To Do How" English
കൃഷി > സുഗന്ധവ്യഞ്ജനങ്ങള്‍ > കറുവാപട്ട
image1
image2

സമുദ്രനിരപ്പില്‍ നിന്നും 1800 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളില്‍ കറുവാപ്പട്ട വളരും. നിത്യഹരിത വനപ്രദേശങ്ങളും മഴക്കാടുകളും ഇതിന്‍റെ വളര്‍ച്ചയ്ക്ക് കൂടുതല്‍ നല്ലതാണ്. നല്ല നീര്‍വാര്‍ച്ചയും കൂടുതല്‍ ജൈവാംശവും ഉള്ള മണല്‍ മണ്ണിലും കറുവാപ്പട്ടകൃഷി ചെയ്യാം. എന്നാല്‍ ചെങ്കല്‍ പ്രദേശങ്ങളും ചതുപ്പു നിലങ്ങളും പറ്റിയതല്ല.

ഇനങ്ങള്‍

നവശ്രീ, നിത്യശ്രീ, സൂഗന്ധിനി

വിത്തും വിതയും

സാധാരണയായി വിത്ത്‌ വഴിയാണ് കറുവാപ്പട്ടയുടെ പ്രവര്‍ദ്ധനം നടത്തുന്നത്. വിളവെടുത്ത ഉടനെ തന്നെ വിത്ത്‌ തവാരണകളില്‍ പാകണം. തൈകള്‍ക്ക് ആറുമാസം പ്രായമാകുമ്പോള്‍ ചട്ടികളിലോ പോളിത്തീന്‍ കൂടുകളിലേയ്ക്കോ പറിച്ചു നടാം.

നടീല്‍

ഒന്നുമുതല്‍ രണ്ടു വര്‍ഷം വരെ പ്രായമായ തൈകള്‍ കാലവര്‍ഷാരംഭത്തോടെ പ്രധാന കൃഷി സ്ഥലത്ത്‌ നടാം. ഇല ഞെട്ടുകള്‍ക്ക് പച്ച നിറമുള്ള തൈകള്‍ വേണം തെരഞ്ഞെടുക്കാന്‍. 60X60 സെ.മീ. വലിപ്പത്തിലുള്ള കുഴികള്‍ 2X2 മീ. അകലത്തില്‍നേരത്തേ തന്നെ എടുത്തിടണം. നടുന്നതിന് മുന്‍പ്‌ മേല്‍മണ്ണും ഉണങ്ങിപ്പെടിഞ്ഞ ഇലയും കൊണ്ട് കുഴി നിറയ്ക്കണം.

വളപ്രയോഗം

ആദ്യവര്‍ഷം N : P2O5 : K2O എന്നിവ 20:20:25 ഗ്രാം വീതവും രണ്ടാം വര്‍ഷം അതിന്റെ ഇരട്ടിയും ഒരു ചെടിയ്ക്ക്‌ നല്‍കണം. കൂടാതെ ചെടിയൊന്നിനു ഒരു വര്‍ഷം 20 കി. ഗ്രാം കമ്പോസ്റ്റോ കാലിവളമോ ചേര്‍ക്കുകയും വേണം. പത്ത് വര്‍ഷവും അതില്‍ കൂടുതലും പ്രായമായ മരങ്ങള്‍ക്ക് രാസവളത്തിന്‍റെ തോത് 200:180:200 ഗ്രാം എന്ന തോതില്‍ N : P2O5 : K2O ഒരു വര്‍ഷം ലഭിക്കത്തക്കവിധം ക്രമമായി കൂട്ടിക്കൊണ്ടുവരണം.

ജൈവവളങ്ങള്‍ മെയ്‌-ജൂണിലും രാസവളങ്ങള്‍ മെയ്‌-ജൂണ്‍, സെപ്റ്റംബര്‍-ഒക്ടോബര്‍ എന്നീ മാസങ്ങളിലും രണ്ടു തുല്യ ഗഡുക്കളായി നല്‍കാം.

കൃഷിപ്പണികള്‍

വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ കളകള്‍ കൃത്യമായി നീക്കം ചെയ്യണം. വരള്‍ച്ച നീണ്ടു നില്‍ക്കുകയാണെങ്കില്‍ വേര് പിടിക്കുന്നതുവരെ തൈകള്‍ നനച്ചു കൊടുക്കണം. രണ്ടു മൂന്നു വര്‍ഷം പ്രായമാകുമ്പോള്‍ ചെടിയുടെ കൊമ്പുകള്‍, നിലത്ത് നിന്ന് 15 സെ.മീ. ഉയരം വച്ച് കോതണം. താഴെ നിന്ന് വശങ്ങളിലേയ്ക്ക്‌ വളരുന്ന ശിഖിരങ്ങള്‍ മുറിച്ചു മാറ്റുകയും വേണം. ഇങ്ങനെ ചെയ്യുന്നത് കൂടുതല്‍ പാര്‍ശ്വശാഖകള്‍ ഉണ്ടാക്കുന്നതിനും കുറ്റിച്ചെടിയായി നിലനിര്‍ത്തുന്നതിനും സഹായിക്കും.

വിളവെടുപ്പും ഉണക്കലും

നട്ട് മൂന്നു വര്‍ഷം കഴിയുമ്പോള്‍ വിളവെടുക്കാനാകും. മെയ്‌ മാസത്തിലും നവംബര്‍ മാസത്തിലുമായി വര്‍ഷത്തില്‍ രണ്ടു തവണ പട്ട ശേഖരിക്കാം. ഈ സമയത്ത്‌ പുതിയ ശാഖകള്‍ തളിരിട്ട് ഇളം ചുവപ്പാര്‍ന്ന തളിരുകള്‍ മൂപ്പെത്തി പച്ച നിറമാകും. കൂടാതെ ചെടിയുടെ കറ (കോശദ്രാവകം)തൊലിക്കടിയിലൂടെ നന്നായി പ്രവഹിക്കും എന്നതുകൊണ്ട് തൊലി വേഗം ഉരിച്ചെടുക്കാനും കഴിയും. പരിചയസമ്പന്നര്‍ക്ക് മൂര്‍ച്ചയുള്ള കത്തി കൊണ്ട് തൊലി ചെറുതായി മുറിച്ചു നോക്കിയാല്‍ ഇത് അറിയാന്‍ സാധിക്കും. തൊലി പെട്ടന്ന് വിട്ടു പോരുന്നുണ്ടെങ്കില്‍ പട്ട വെട്ടാന്‍ പാകമായി എന്ന് അനുമാനിക്കാം. വിളവെടുപ്പ്‌ കഴിവതും രാവിലെ തന്നെ നടത്തണം. 2-2½ സെ.മീ. വ്യാസമുള്ള കമ്പുകള്‍ 1 ½ മുതല്‍ 2 മീറ്റര്‍ വരെ നീളത്തില്‍ മുറിച്ചെടുക്കണം. ഇതിന്റെ ചില്ലകളും ഇലകളും മാറ്റി പുറമെയുള്ള തവിട്ടുനിറത്തിലുള്ള തൊലി ചുരണ്ടി മാറ്റിയ ശേഷം തണ്ട് ശക്തിയായി തിരുമ്മി തൊലി വിട്ടു പോരുന്ന തരത്തിലാക്കണം. 30 സെ. മീ. അകലത്തില്‍ കമ്പിന് ചുറ്റുമായും പിന്നീട് ഇരു വശത്തുമായി നെടുകയും മുറിവുണ്ടാക്കി വളഞ്ഞ കത്തി കൊണ്ട് തൊലി കമ്പില്‍ നിന്നും വേര്‍പ്പെടുത്തണം നല്ലതും നീളം കൂടിയതുമായ പട്ടകള്‍ പുറത്തും ചെറിയവ അകത്തും വെച്ച് കൈകൊണ്ട് അമര്‍ത്തി ചുരുട്ടി കുഴല്‍ പോലെയാക്കി അറ്റം ഭംഗിയായി വെട്ടിയത്തിനു ശേഷം തണലില്‍ ഉണക്കിയെടുക്കാം. നേരിട്ട് വെയിലില്‍ ഉണക്കിയാല്‍ പട്ട ചുക്കിച്ചുളിഞ്ഞി ഗുണമേന്മ കുറയുന്നതിന് ഇടയാകും. ഉണങ്ങി കിട്ടുന്ന കറുവാപ്പട്ടയ്ക്ക് മഞ്ഞ നിറമായിരിക്കും. പല രീതിയിലും തരത്തിലുമുള്ള പട്ടകളുടെ ഒരു മിശ്രിതവുമായിരിക്കും. ഇതില്‍ നിന്ന് വിവിധ ഗ്രേഡുകള്‍ ആയി പട്ട തരാം തിരിച്ചെടുക്കണം. ഫൈന്‍ അല്ലെങ്കില്‍ കോണ്ടിനെന്റല്‍, മെക്സിക്കന്‍, ഹാംബര്‍ഗ്, (ഓര്‍ഡിനറി) എന്നിവയാണ് വിവിധ ഗ്രേഡുകള്‍. ഉത്തമം (ഫൈന്‍) ഇനത്തില്‍ ഒരേപോലെ കനവും, നിറവും, ഗുണവും ഉള്ളതും യോജിച്ചു നില്‍ക്കുന്ന അരികുകളോടുകൂടിയതുമായ ചുരുളുകളായിരിക്കും. മെക്സിക്കന്‍ ഇടത്തരം ഗുണേമേന്മയുള്ളതാണ്. കാണാം കൂടിയതും ഇരുണ്ട നിറമുള്ളതുമായ ചുരുളുകലാണ് ഹാംബര്‍ഗ് ഇനം. മേല്‍പ്പറഞ്ഞ ഗുണങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത കഷണങ്ങള്‍, അതായത്‌ മറ്റു മുന്തിയ ഗ്രേഡുകളുടെ മുറിഞ്ഞ കഷണങ്ങളെല്ലാം, ക്വില്ലിങ്ങ്സ് എന്ന ഗ്രേഡില്‍ പെടും. തൊലിയുടെ ഉള്‍വശവും വളവുകളുള്ള മറ്റ് കമ്പുകളും മറ്റും ചേര്‍ന്നതാണ് ഫെതറിങ്ങ്സ് എന്ന ഗ്രേഡ്‌.

പട്ടയുടെ അറ്റം വെട്ടി ഒപ്പമാക്കുമ്പോള്‍ കിട്ടുന്ന ചെറിയ കഷണങ്ങള്‍, തൊലിയുടെ ഭാഗങ്ങള്‍, പുറന്തൊലിയുടെ ചെറിയ കഷണങ്ങള്‍ എന്നിവ ചേര്‍ന്നതാണ് ചിപ്സ്.

ഇലവര്‍ങ്ങ സത്ത്

ഏതെങ്കിലും കാര്‍ബണിക വിലായകങ്ങള്‍ ഉപയോഗിച്ച് കറുവപ്പട്ടയുടെ സത്ത് ശേഖരിക്കാം. പത്ത് മുതല്‍ പന്ത്രണ്ട് ശതമാനം വരെ ഇലവര്‍ങ്ങ സത്ത് ലഭിക്കും. സംസ്ക്കരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് സുഗന്ധം നല്‍കുന്നതിനായി ഇലവര്‍ങ്ങ സത്ത് ഉപയോഗിച്ചു വരുന്നു.

ഇലവര്‍ങ്ങ തൈലം

നീരാവി ഉപയോഗിച്ച് കറുവപ്പട്ടയുടെ തൊലി വാറ്റിയെടുക്കുന്ന തൈലത്തിന് ഇളം മഞ്ഞ നിറവും കറുവാപ്പട്ടയുടെ വാസനയുണ്ടാകും. ഏകദ്ദേശം 0.2 മുതല്‍ 0.5 ശതമാനം തൈലം കിട്ടും. ഇതിന്റെ 55% സിനാമാല്‍ഡിഹൈഡാണ്. മറ്റ് ഘടകങ്ങളായ യൂജിനോള്‍, യൂജിനൈല്‍ അസറ്റേറ്റ്, കീറ്റോണുകള്‍, എസ്റ്ററുകള്‍, ടെര്‍പ്പീനുകള്‍ എന്നിവയും തൈലത്തിന് സുഗന്ധം നല്കുന്നവയുമാണ്. ബേക്കറി പലഹാരങ്ങള്‍, സോസുകള്‍, മിഠായികള്‍, ലഘുപാനീയങ്ങള്‍ ഇവ സുഗന്ധപൂരിതമാക്കുന്നതിനും, മരുന്നുകള്‍, പെര്‍ഫ്യൂമുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനും ഇലവര്‍ങ്ങ തൈലം ഉപയോഗിക്കും.

കറുവാപ്പട്ട ഇലയില്‍ നിന്നുള്ള തൈലം

ആവിയില്‍ വാറ്റിയെടുത്താല്‍ ഇലയില്‍ നിന്ന് 0.5 മുതല്‍ 0.7% വരെ എണ്ണ ലഭിക്കും. മഞ്ഞയോ തവിട്ടു കലര്‍ന്ന മഞ്ഞയോ നിറമുള്ളതും രൂക്ഷമായ മസാല ഗന്ധത്തോടുകൂടിയതുമാണ് ഈ എണ്ണ. ഇതില്‍ യൂജിനോള്‍ 90% ഉണ്ടെങ്കിലും സിനമാല്‍ഡി ഹൈഡ്‌ 5% മാത്രമേ ഉള്ളൂ. പെര്‍ഫ്യൂമുകള്‍ ഉണ്ടാക്കുന്നതിനും ഭക്ഷണ വസ്തുക്കള്‍ക്ക് സുഗന്ധം നല്‍കുന്നതിനുമാണ് ഈ തൈലം ഉപയോഗിക്കുന്നത്. കൂടാതെ യൂജിനോളിന്റെ ഒരു ഉറവിടവുമാണ് ഈ തൈലം.

വേര്, തൊലി എന്നിവയില്‍ നിന്നുമുള്ള തൈലം

വേരിന്റെ തൊലിയില്‍ 1 മുതല്‍ 2.8% വരെ എണ്ണയുണ്ട്. ഇതിലെ പ്രധാന ഘടകം കര്‍പ്പൂരമാണ്. വ്യവസായികാടിസ്ഥാനത്തില്‍ വളരെ കുറച്ചു മാത്രം പ്രാധാന്യമുള്ള സിനമാല്‍ ഡിഹൈഡും ചെറിയ തോതില്‍ യൂജിനോളും ഈ തൈലത്തില്‍ അടങ്ങിയിട്ടുണ്ട്.

സസ്യ സംരക്ഷണം

ഇലപ്പുള്ളി രോഗവും കൊമ്പുണക്കലും

നഴ്സറിയിലെ തൈകളില്‍ ചെറിയ തവിട്ടു നിറത്തിലുള്ള പാടുകള്‍ ഉണ്ടാവുകയും ക്രമേണ അവ വലുതായി ഇലകള്‍ കരിയുകയും ചെയ്യുന്നു. ഇലകളില്‍ നിന്ന് രോഗം ക്രമേണ തണ്ടിനെയും ബാധിക്കും. ഇതിന്റെ ഫലമായി ചെടി മുകളറ്റം മുതല്‍ കരിഞ്ഞു തുടങ്ങുന്നു.

കുറച്ചു പ്രായമായ തൈകളിലും മരങ്ങളിലും ഇളം തവിട്ടു നിറത്തിലോ കടും തവിട്ടു നിറത്തിലോ വൃത്താകൃതിയിലുള്ള വലയങ്ങള്‍ കാണും.

മഴക്കാലത്ത്‌ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കുന്നത് ഈ രോഗം നിയന്ത്രിക്കുന്നതിന് സഹായിക്കും.

മുകളിലേക്ക്

Admin Login

പകര്‍പ്പവകാശം ©2019. നിര്‍മ്മിച്ചതും നിലനിര്‍ത്തുന്നതും സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്, കേരള കാര്‍ഷിക സര്‍വ്വകലാശാല