ഞായര്‍ , ഡിസംബര്‍ 22, 2024 Information Gateway on Agriculture to Convert "Know How To Do How" English
കൃഷി > സുഗന്ധവ്യഞ്ജനങ്ങള്‍ > ഗ്രാമ്പൂ
image1
image2

ബാഷ്പ സാന്ദ്രിതമായ ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഗ്രാമ്പുകൃഷിക്ക്‌ യോജിച്ചത്‌. സമുദ്ര നിരപ്പില്‍ നിന്നും 800-900 മീറ്റര്‍ ഉയരവും വര്‍ഷത്തില്‍ 150-250 സെ.മീ. മഴയും ഇതിന്റെ വളര്‍ച്ചയ്ക്ക് അനുയോജ്യമാണ്. നല്ല ആഴവും, വളക്കൂറും നീര്‍വാര്‍ച്ചയുമുള്ള എക്കല്‍ മണ്ണില്‍ ഗ്രാമ്പൂ കൃഷി ചെയ്യാം.

സ്ഥലം തിരഞ്ഞടുക്കല്‍

ശക്തിയേറിയ കാറ്റില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതും നല്ല തണലുള്ളതുമായ പ്രദേശങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കൂടുതല്‍ വെയിലും കൂടുതല്‍ തണലുമുള്ള പ്രദേശങ്ങള്‍ ഒഴിവാക്കുക. തണല്‍ കൂടിയാല്‍ വളര്‍ച്ചയ്ക്ക് തടസ്സം നേരിടുമെന്നതിനു പുറമേ മൊട്ടിടാനും വൈകുകയും ചെയ്യും.

വിത്തും വിതയും

സാധാരണയായി ഗ്രാമ്പൂ കൃഷി ചെയ്യുന്നത് വിത്ത്‌ പാകി മുളപ്പിച്ച തൈകള്‍ ഉണ്ടാക്കിയാണ്. നല്ലത് പോലെ വിളഞ്ഞ് പാകമായ പഴങ്ങളില്‍ നിന്നുള്ള വിത്തുകളാണ് തൈകളുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. സ്ഥിരമായി കായ്ക്കുന്നതും നല്ല വിളവ് തരുന്നതുമായ മാതൃവൃക്ഷങ്ങളില്‍ നിന്നുള്ള പഴങ്ങളാണ് ഇതിനായി ശേഖരിക്കേണ്ടത്. ശേഖരിച്ച പഴങ്ങള്‍ ഒന്നോ രണ്ടോ ദിവസം വെള്ളത്തില്‍ കുതിര്‍ത്തശേഷം കനം കുറഞ്ഞ മരച്ചീളുകള്‍ കൊണ്ടോ വിരലുകൊണ്ടോ പുറംതൊലി മാറ്റണം. നല്ല തണുപ്പും, തണലും, വളക്കൂറും, നീര്‍വാര്‍ച്ചയുമുള്ള സ്ഥലത്ത്‌ തവാരണയുണ്ടാക്കി വിത്തുകള്‍ 12-15 സെ. മീ. അകലത്തില്‍ പൊഴിയുള്ള ഭാഗം അടിയിലാകത്തക്കവണ്ണം 2-5 സെ. മീ. ആഴത്തില്‍ പാകണം. ദിവസവും നനയ്ക്കണം. നനവ്‌ കൂടാനോ ഉണക്ക് ബാധിക്കാനോ പാടില്ല. 12-18 മാസം പ്രായമായ തൈകള്‍ പ്രധാന കൃഷി സ്ഥലത്ത്‌ പറിച്ചു നടാം. ഇത്രയും കാലം തവാരണയില്‍ തന്നെ നിര്‍ത്താതെ 6 മാസം പ്രായമാകുന്നതോടെ തൈകള്‍ പോളിത്തീന്‍ കൂടുകളില്‍ നടുന്ന രീതിയും നിലവിലുണ്ട്.

നടീല്‍

നടുന്നതിനായി പതിനെട്ടു മാസം പ്രായമായ തൈകള്‍ തെരഞ്ഞെടുക്കുക. നടുന്നതിന് ഒരു മാസം മുന്‍പുതന്നെ 6X6 മീ. അകലത്തില്‍ 60X60X60 സെ.മീ. വലിപ്പത്തില്‍ കുഴികളെടുക്കണം. ചുട്ടമണ്ണും, മേല്‍മണ്ണും കമ്പോസ്റ്റും ചേര്‍ത്ത മിശ്രിതം കൊണ്ട് കുഴി നിറയ്ക്കണം. നേരത്തെ തന്നെ തയ്യാറാക്കിയ കുഴികള്‍ക്ക് നടുവില്‍ ചെറിയ കുഴിയെടുത്ത് മഴക്കാലത്ത്‌, മെയ്‌-ജൂണ്‍, ആഗസ്റ്റ്‌-സെപ്റ്റംബര്‍ മാസങ്ങളില്‍ തൈകള്‍ നടാം. വേനല്‍ക്കാലത്തും മഴയില്ലാത്തപ്പോഴും പതിവായി നനച്ചു കൊടുക്കണം. തൈകള്‍ക്ക് തണല്‍ നല്‍കുകയും വേണം. ഇതിനായി ശീമക്കൊന്നയോ, വാഴയോ നടാം.

തെങ്ങിന്തോപ്പിലും, കവുങ്ങിന്തോപ്പിലും, കാപ്പിത്തോട്ടത്തിലും ഇടവിളയായി വളര്‍ത്താന്‍ യോജിച്ച ഒരു വിളയാണ് ഗ്രാമ്പൂ.

വളപ്രയോഗം

കാലിവളമോ, കമ്പോസ്റ്റോ മരമൊന്നിന് വര്‍ഷത്തില്‍ 15 കി. ഗ്രാം എന്ന തോതില്‍ മെയ്‌-ജൂണ്‍ മാസത്തില്‍ ചേര്‍ത്ത് കൊടുക്കണം. ഗ്രാമ്പുവിന്റെ കരുത്തേറിയ വളര്‍ച്ചയ്ക്കും വിളവിനും രാസവളങ്ങളും ചേര്‍ക്കേണ്ടതുണ്ട്. തൈ ഒന്നിന് N:P2O5:K2O വളം ഒന്നാം വര്‍ഷം 20:18:50 ഗ്രാം വീതവും, രണ്ടാം വര്ഷം 40:36:100 ഗ്രാം വീതവുമാണ് ശുപാര്‍ശചെയ്തിട്ടുള്ളത്. ഇത് ക്രമമായി വര്‍ദ്ധിപ്പിച്ച് 15 വര്‍ഷമാകുമ്പോള്‍ മരമൊന്നിന് വര്‍ഷത്തില്‍ 300:250:750 ഗ്രാം N:P2O5:K2O ലഭിക്കുന്നതിനാവശ്യമായ രാസവളങ്ങള്‍ ചേര്‍ത്ത് കൊടുക്കണം. രാസവളം രണ്ട് തുല്യ ഗഡുക്കളായി ആദ്യ ഗഡു ജൈവവളത്തോടൊപ്പം മെയ്‌-ജൂണിലും രണ്ടാമത്‌ സെപ്റ്റംബര്‍-ഒക്ടോബറിലും ചേര്‍ക്കണം. ചെടിയുടെ ചുവട്ടില്‍ നിന്ന് 1-1.25 മീ. അകലത്തില്‍ ആഴം കുറഞ്ഞ തടമെടുത്തുവേണം രാസവളം ചേര്‍ക്കാന്‍.

കൃഷിപ്പണികള്‍

ഇടയിളക്കലും കളയെടുപ്പും ആവശ്യാനുസരണം നടത്തണം. രോഗം ബാധിച്ചതും ഉണങ്ങിയതുമായ കൊമ്പുകള്‍ വെട്ടിക്കളയുന്നത് ചെടിയുടെ വളര്‍ച്ച മെച്ചപ്പെടുത്താന്‍ സഹായിക്കും. ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിച്ച് കൊമ്പുണക്ക് രോഗം നിയന്ത്രിക്കാം.

വിളവെടുപ്പ്‌

പൂമൊട്ടുകള്‍ക്ക് ചുവപ്പ് രാശി വരുന്നതോടെ വിളവെടുക്കാം. പൂക്കള്‍ ഓരോന്നായി പറിച്ചെടുക്കേണ്ടതുകൊണ്ട് ഓരോ പൂങ്കുലയിലും പല പ്രാവശ്യമായി മാത്രമേ വിളവെടുക്കാന്‍ സാധിക്കുകയുള്ളൂ. ഉണങ്ങിയ ഗ്രാമ്പുവിന്റെ ഗുണമേന്മ നിശ്ചയിക്കുന്നതില്‍ പൂമൊട്ടിന്റെ മൂപ്പ്‌ പ്രധാനമാണ്. വിടര്‍ന്ന പൂക്കള്‍ക്ക്‌ വിപണിയില്‍ വിലകുറവാണ്. മൂപ്പെത്താത്ത പൂമൊട്ടിനു ഗുണം ഏറെ കുറയുകയും ചെയ്യും.

സംസ്ക്കരണം

ഗ്രാമ്പുമൊട്ട് പറിച്ച ശേഷം കൂനകൂട്ടിയിടരുത്‌. കാരണം കുറച്ചു സമയം കഴിയുമ്പോള്‍ അത് ക്രമേണ ചൂടാകാന്‍ തുടങ്ങും. ഇത് നല്ലതല്ല. ഗ്രാമ്പൂവിന്റെ ചുവപ്പും പച്ചയും കലര്‍ന്ന നിറത്തെ ഇത് തവിട്ടു നിറമാക്കുന്നു. നല്ലതുപോലെ ഉണങ്ങുമ്പോഴാകട്ടെ, ഒരു വെളുപ്പ് നിറവും, ഇടത്തരം മൊട്ടുകള്‍ക്ക് വിപണിയില്‍ രണ്ടാം സ്ഥാനമേയുള്ളൂ. കുലയില്‍ നിന്നും വേര്‍പ്പെടുത്തിയ ഉടനെതന്നെ ഗ്രാമ്പൂമൊട്ടുകള്‍ പായിലോ പനമ്പിലോ നിരത്തി ഉണങ്ങാനിടണം. മൂന്നാം ദിവസം മൊട്ടുകള്‍ക്ക് നല്ല തവിട്ടുനിറമാകും. എല്ലാ മൊട്ടുകളും ഒരു പോലെ ഉണങ്ങുന്നതിനായി ഇടയ്ക്കിടെ ഇളക്കുന്നത് നല്ലതാണ്. നല്ല സൂര്യപ്രകാശമുള്ള സമയങ്ങളില്‍ നാലോ അഞ്ചോ ദിവസം കൊണ്ട് മൊട്ടുകള്‍ നല്ലതുപോലെ ഉണങ്ങി കിട്ടും. കാര്‍മേഘമോ ചാറ്റല്‍ മഴയോ ഉള്ള സമയത്താണ് ശേഖരിക്കുന്നതെങ്കില്‍ ഉണങ്ങാന്‍ 10-15 ദിവസം വേണ്ടി വരും. പകല്‍ സമയത്ത്‌ ഉണക്കുവാന്‍ വിതറിയിടുന്ന പൂമൊട്ടുകള്‍ രാത്രി ശേഖരിച്ച് അടച്ചു സൂക്ഷിച്ചില്ലെങ്കില്‍ അത് വീണ്ടും ജലാംശം വലിച്ചെടുക്കും. ഇത് ഗ്രാമ്പുവിന്റെ ഗുണം കുറയ്ക്കും. നല്ലതുപോലെ ഉണങ്ങിക്കഴിഞ്ഞാല്‍ തൂക്കത്തില്‍ പച്ചയുടെ മൂന്നില്‍ ഒരു ഭാഗം മാത്രമേ ഉണ്ടായിരിക്കയുള്ളൂ. ഉണക്കിയെടുത്ത വിത്തുകള്‍ വൃത്തിയുള്ള നല്ല പോളിത്തീന്‍ ചാക്കുകളില്‍ കെട്ടി സൂര്യപ്രകാശവും ഈര്‍പ്പവും തട്ടാത്ത സ്ഥലത്ത്‌ സൂക്ഷിക്കണം. നല്ല പാകമെത്തിയ ഗ്രാമ്പുവിന് തിളക്കമുള്ള തവിട്ടുനിറവും ചെറിയ പരുപരുപ്പും ഉണ്ടായിരിക്കും. ചുളിവുകള്‍ ഉണ്ടായിരിക്കില്ല. നല്ല ഗ്രാമ്പൂ വിരലിന്റെ നഖത്തിനടിയില്‍ വെച്ചു ഞെരിച്ചാല്‍ എണ്ണ കിനിയും.

ഗ്രാമ്പൂവിന്റെ മൊട്ട് കുലയില്‍ നിന്നും മാറ്റിക്കഴിഞ്ഞുള്ള ഞെട്ടിന് നല്ല വില കിട്ടും. ഗ്രാമ്പൂ ഉണക്കിയെടുക്കുന്നതുപോലെ തന്നെ ഞെട്ടുകളും വേഗത്തില്‍ ഉണക്കിയെടുക്കണം. ഇവ ഗ്രാമ്പൂതൈലം വാറ്റിയെടുക്കുന്നതിനായി ഉപയോഗിക്കുന്നു. മൊത്തം കിട്ടുന്ന ഗ്രാമ്പൂ മൊട്ടിന്റെ അഞ്ചിലൊന്നു തൂക്കം ഞെട്ടിനും സാധാരണ കിട്ടും.

ഗ്രാമ്പൂ തൈലം

ഗ്രാമ്പൂവിന്റെ മൊട്ടുകളും, പൂങ്കുല ഞെട്ടുകളും, ഇലകളും വാറ്റി തൈലം എടുക്കുന്നുണ്ട്. ഇവയില്‍ മൊട്ടില്‍ നിന്നെടുക്കുന്നതാണ് ഏറ്റവും മുന്തിയ തൈലം. ഇതിന്റെ ഗുണം മൊട്ടിനേയും തൈലത്തിന്റെ ഉല്‍പ്പാദനത്തെയും ആശ്രയിച്ചിരിക്കും. നല്ലവണ്ണം തയ്യാറാക്കിയ ഗ്രാമ്പൂ മൊട്ടില്‍ 21 ശതമാനം വരെ തൈലം ഉണ്ടായിരിക്കും. ഇതില്‍ അടങ്ങിയിട്ടുള്ള പ്രധാന ഘടകം യൂജിനോള്‍ (85-89%) ആണ്. ഞെട്ടില്‍ ഏകദേശം 5 മുതല്‍ 7 ശതമാനം വരെ തൈലം അടങ്ങിയിരിക്കുന്നു. രൂക്ഷഗന്ധത്തോടു കൂടിയ ഈ തൈലത്തിലെ യൂജിനോളിന്റെ അളവ് 90-95 ശതമാനമാണ്.

ഗ്രാമ്പൂവിന്റെ ചെറു ശിഖരങ്ങള്‍ മുറിക്കുമ്പോഴാണ് സാധാരണയായി ഇലകള്‍ വാറ്റുന്നത്. രണ്ടാഴ്ചകൊണ്ട് ഒരു മരത്തില്‍ നിന്നും പൊഴിഞ്ഞുണങ്ങിയ 1.5 കി. ഗ്രാം ഇലകളില്‍ നിന്ന് 2-3 ശതമാനം വരെ തൈലം ലഭിക്കും. ശുദ്ധീകരിച്ച തൈലത്തില്‍ 80-85% യൂജിനോള്‍ ഉണ്ടായിരിക്കും.

ഓളിയോറെസിന്‍

ഏതെങ്കിലും ഒരു കാര്‍ബണിക ലായകം ഉപയോഗിച്ചാണ് ഓളിയോറെസിന്‍ വേര്‍തിരിച്ചെടുക്കുന്നത്. പിന്നീട് ഈ ലായകം ബാഷ്പീകരിച്ച് ഓളിയോറെസിന്‍ ശേഖരിക്കുന്നു. 18-22 ശതമാനം വരെയാണ് ഓളിയോറെസിന്റെ അളവ്. സുഗന്ധദ്രവ്യങ്ങള്‍ നിര്‍മ്മിക്കാനും ഭക്ഷണസാധനങ്ങള്‍ക്ക്‌ മണവും ഗുണവും പ്രദാനം ചെയ്യുവാനുമാണ് ഇത് ഉപയോഗിക്കുന്നത്.

സസ്യസംരക്ഷണം

കീടങ്ങള്‍

സിനോസ്‌കിലോണ്‍ ജനുസ്സില്‍പ്പെട്ട പുഴുക്കള്‍ ഇളം തണ്ടുകള്‍ നശിപ്പിക്കും. ആക്രമണമുണ്ടാകുന്നതിനു മുന്‍പുതന്നെ മുന്‍കരുതല്‍ നടപടിയായി 0.15% കാര്‍ബാറില്‍ തളിക്കുകയാണെങ്കില്‍ ഇവയെ നിയന്ത്രിക്കാം. പ്രായമായ മരങ്ങളില്‍ കൊമ്പുണക്ക ലക്ഷണങ്ങളുള്ള പാര്‍ശ്വശാഖകള്‍ മുറിച്ചു മാറ്റണം. ശീമക്കൊന്നയുടെയോ മറ്റോ ഉണക്കക്കമ്പുകള്‍ കൃഷിയിടത്തിലുണ്ടെങ്കില്‍ ഇതില്‍ വണ്ടുകള്‍ പെരുകുകയും അതുവഴി കീടബാധയ്ക്കുള്ള സാദ്ധ്യത കൂടുകയും ചെയ്യും.

രോഗങ്ങള്‍

ഇലപ്പുള്ളി, കൊമ്പുകരിച്ചില്‍, പൂമൊട്ടുകൊഴിച്ചില്‍ എന്നിങ്ങനെ മൂന്നു രോഗങ്ങളാണ് കണ്ടുവരുന്നത്. ഇലയില്‍ വിവിധ വലിപ്പത്തിലും രൂപത്തിലുമുള്ള പുള്ളികള്‍ കാണുന്നു. ആക്രമണം രൂക്ഷമാകുമ്പോള്‍ ഇലകള്‍ കൊഴിഞ്ഞ് ഉണങ്ങും. നേഴ്സറികളിലാണ് കൊമ്പുണക്കം സാധാരണ കാണുന്നത്. ഇലകളില്‍ നിന്ന് തുടങ്ങി ചെറിയ കമ്പുകളിലലേക്ക് രോഗം വ്യാപിക്കും. രോഗം ബാധിച്ച കൊമ്പുകളിലെ ഇലകള്‍ കൊഴിയുന്നതും അറ്റത്തുള്ള തളിരിലകള്‍ മാത്രം അവശേഷിക്കുന്നതും കാണാം. കൊമ്പുകളില്‍ നിന്ന് മൊട്ടുകളിലേക്കും രോഗം വ്യാപിക്കുകയും പൂമൊട്ടുകള്‍ കൊഴിഞ്ഞു പോകുകയും ചെയ്യും.

നിയന്ത്രണം

ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം ഒന്ന്-ഒന്നര മാസത്തെ ഇടവേളയില്‍ തളിക്കുന്നത് രോഗത്തിന്റെ കാഠിന്യം ലഘൂകരിക്കുന്നതിനും, ഇല, പൂക്കള്‍ എന്നിവയുടെ കൊഴിച്ചില്‍ കുറയ്ക്കുന്നതിനും സഹായിക്കും. ഫലപ്രദമായ നിയന്ത്രണത്തിന് പൂക്കുന്നതിന് തൊട്ടുമുമ്പും അതിനുശേഷം വിളവെടുപ്പ്‌ കഴിയുന്നത് വരെ ഇടയ്ക്കിടയ്ക്കും മരുന്ന് തളിക്കണം. പ്രതികൂല കാലാവസ്ഥയില്‍ രോഗകാരിയായ അണുക്കള്‍ ക്ലീറോഡെന്‍ഡ്രോണ്‍ (പ്രാണല്‍) എന്ന കളയില്‍ ജീവിക്കും എന്നതുകൊണ്ട് ഗ്രാമ്പൂ തോട്ടത്തില്‍ നിന്ന് ഈ കളയെ തീര്‍ത്തും ഒഴിവാക്കണം.

വിവിധ തരാം കുമിളുകള്‍, ആല്‍ഗകള്‍, വൈറസ്സുകള്‍, ഫൈറ്റോപ്ലാസ്മ തുടങ്ങിയവ മൂലമുണ്ടാകുന്ന ചില രോഗങ്ങളും അപൂര്‍വ്വമായി ഗ്രാമ്പുവിനെ ബാധിക്കാറുണ്ട്.

മുകളിലേക്ക്

Admin Login

പകര്‍പ്പവകാശം ©2019. നിര്‍മ്മിച്ചതും നിലനിര്‍ത്തുന്നതും സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്, കേരള കാര്‍ഷിക സര്‍വ്വകലാശാല