വ്യാഴം, ഡിസംബര്‍ 26, 2024 Information Gateway on Agriculture to Convert "Know How To Do How" English
കൃഷി > സുഗന്ധവ്യഞ്ജനങ്ങള്‍ > ജാതി

ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ് ജാതി കൃഷിചെയ്യുവാന്‍ യോജിച്ചത്. നീണ്ട വരള്‍ച്ചയെ ഇതിന് ചെറുക്കാനാവില്ല. നല്ല ജൈവാംശവും നീര്‍വാര്‍ച്ചയുമുള്ളതായിരിക്കണം മണ്ണ്. കുറച്ചു തണലുള്ള താഴ്വാര പ്രദേശങ്ങളാണ് ഏറ്റവും നല്ലത്. സമുദ്ര നിരപ്പില്‍ നിന്ന് 900 മീറ്റര്‍ ഉയരത്തില്‍ വരെ ഇത് വളരും.

ഇനം

വിശ്വശ്രീ

പ്രവര്‍ദ്ധനം

തൈകള്‍ ഉല്പാദിപ്പിക്കുന്നതിന് വിളഞ്ഞു പാകമായ പുറന്തോട് പൊട്ടിയ കായ്കള്‍ നോക്കി തെരഞ്ഞെടുക്കണം. ഇവയുടെ പുറത്തെ മാംസളമായ തൊണ്ടും, ജാതിപത്രിയും മാറ്റിയ ശേഷം ശേഖരിച്ച അന്നുതന്നെ വിത്ത്‌ പാകണം. പാകാന്‍ താമസമുണ്ടെങ്കില്‍ വിത്ത്‌ നനവുള്ള മണ്ണ് നിറച്ച കുട്ടകളില്‍ സൂക്ഷിക്കണം. തണലുള്ള സ്ഥലത്തു സൗകര്യപ്രദമായ നീളത്തിലും, 100 – 120 സെ.മീ. വീതിയിലും 15 സെ.മീ. ഉയരത്തിലും വാരങ്ങള്‍ എടുക്കണം. മണ്ണും മണലും 3:1 എന്ന അനുപാതത്തില്‍ ചേര്‍ത്താണ് തടങ്ങള്‍ തയ്യാറാക്കേണ്ടത്. അതിനുമുകളില്‍ 2 – 3 സെ.മീ. കനത്തില്‍ പൊടി മണല്‍ വിരിച്ച് വിത്ത്‌ രണ്ട് സെ.മീ ആഴത്തില്‍ പാകണം. ഇരുവശത്തും 12 സെ.മീ. ഇടയകലം ആവശ്യമാണ്. 50 – 80 ദിവസത്തിനുള്ളില്‍ വിത്ത്‌ മുളയ്ക്കും. രണ്ട് ഇല വിരിയുന്നതോടെ തൈകള്‍ പോളിത്തീന്‍ കൂടുകളിലേക്ക് മാറ്റി നടാം.

നടീല്‍

ജാതിക്ക് തണല്‍ ആവശ്യമായതു കൊണ്ട് വേഗം വളരുന്ന തണല്‍ മരങ്ങള്‍ (ഉദാ: വാക, മുരിക്ക്) തുടങ്ങിയ നേരത്തെ തന്നെ വച്ചു പിടിപ്പിക്കണം. ആദ്യഘട്ടങ്ങളില്‍ തണലിനായി വാഴ കൃഷിചെയ്യാവുന്നതാണ്. കുഴികള്‍ 90 x 90 x 90 സെ.മീ. വലിപ്പത്തിലും 8 x 8 മീറ്റര്‍ അകലത്തിലും ആയിരിക്കണം. കാലവര്‍ഷാരംഭത്തോടെ കുഴികള്‍ എടുത്ത്‌ മേല്‍മണ്ണ്, കമ്പോസ്റ്റ്, കാലിവളം ഇവയില്‍ ഒന്നുമായി ചേര്‍ത്തു നിറച്ച് തൈകള്‍ നടാം.

വളപ്രയോഗം

ഒന്നാം കൊല്ലം ചെടി ഒന്നിന് 10 കി.ഗ്രാം കാലിവളമോ കമ്പോസ്റ്റോ ചേര്‍ക്കണം. വളത്തിന്‍റെ തോത് ക്രമമായി ഉയര്‍ത്തി 15 വര്‍ഷം പ്രായമായ ഒരു മരത്തിന് 50 കി.ഗ്രാം ജൈവവളം ഒരു കൊല്ലം എന്ന തോതില്‍ ലഭ്യമാക്കണം. N:P2O5:K2O ചെടിയൊന്നിന് 20:18:50 ഗ്രാം വീതം ഒന്നാം കൊല്ലവും ഇതിന്‍റെ ഇരട്ടി രണ്ടാം കൊല്ലവും നല്‍കണം. പതിനഞ്ചുവര്‍ഷം പ്രായമാകുമ്പോഴേയ്ക്ക് ഒരു വര്‍ഷം ഒരു ചെടിയ്ക്ക് 500:250:1000 ഗ്രാം എന്ന തോതില്‍ N:P2O5:K2O ലഭിക്കത്തക്കവണ്ണം രാസവളം നല്‍കണം.

വിളവെടുപ്പ്

വര്‍ഷത്തില്‍ മിക്കവാറും എല്ലാ സമയത്തും കായുണ്ടാകുമെങ്കിലും ജൂണ്‍ മുതല്‍ ജൂലൈ വരെയുള്ള കാലത്താണ് കൂടുതല്‍ വിളവ് ലഭിക്കുക. കായ്കള്‍ മരത്തില്‍ നിന്നും പറിച്ചെടുക്കുകയോ പൊഴിയാന്‍ അനുവദിക്കുകയോ ആവാം. ജാതിക്കായും ജാതിപത്രിയുമാണ് ജാതിയുടെ ഉപയോഗയോഗ്യമായ ഭാഗങ്ങള്‍.

മാംസളമായ പുറംതോട് മാറ്റിയാല്‍ മൃദുലവും തൂവല്‍പോലെയുമുള്ള ചുവന്ന ജാതിപത്രി കാണാം. ജാതിക്കയെക്കാള്‍ കൂടുതല്‍ വില ജാതിപത്രിക്കാണ്. ജാതിപത്രി കേടുകൂടാതെ ഒറ്റ ഇതളായി ഇളക്കിയെടുത്തു തണലില്‍ വച്ച് ഉണക്കിയെടുക്കണം. ശരിയായി ഉണങ്ങിക്കിട്ടാന്‍ 3 മുതല്‍ 5 ദിവസം വരെ വേണ്ടി വരും. കായ്കള്‍ നന്നായി ഉണങ്ങുന്നതിന് 6 – 8 ദിവസം ആവശ്യമാണ്. ശരിയായി ഉണങ്ങിയാല്‍ ജാതിക്കായിലെ എന്‍ഡോസ്പേം അഥവാ ഭ്രൂണകോശം പുറംതോടില്‍ നിന്ന് വേര്‍പെടുകയും തല്‍ഫലമായി ജാതിക്ക കുടുങ്ങുകയും ചെയ്യുന്നു. ഇത് ഈര്‍പ്പം തട്ടാത്ത സ്ഥലത്ത് സൂക്ഷിച്ചുവയ്ക്കണം.

സംസ്കരണം

ഒളിയോറെസിന്‍

പൊടിച്ച ജാതിക്കയില്‍ നിന്നും ജാതിപത്രിയില്‍ നിന്നും കാര്‍ബണിക ലായകങ്ങള്‍ ഉപയോഗിച്ചാണ് ഒളിയോറെസിന്‍ വേര്‍തിരിച്ചെടുക്കുന്നത്. ജാതിക്കയില്‍ നിന്നും പത്രിയില്‍ നിന്നും 10 – 20% ഒളിയോറെസിന്‍ ലഭിക്കും. ജാതിപത്രിയില്‍ നിന്നെടുക്കുന്ന ഒളിയോറെസിന് നല്ല സുഗന്ധമുണ്ടായിരിക്കും.

ജാതിവെണ്ണ ( Nutmeg butter )

ജാതിക്കയില്‍ 25 – 40% സ്ഥിര എണ്ണയുണ്ട് ( Fixed Oil ); ആവിയില്‍ വാറ്റിയെടുക്കുന്ന എണ്ണയ്ക്ക് പുറമേയാണിത്. ചതച്ചരച്ചജാതിക്കയില്‍ ഉയര്‍ന്ന താപത്തില്‍ മര്‍ദ്ദം ചെലുത്തി ഇത് വേര്‍തിരിച്ചെടുക്കാം. ജാതിക്കയുടെ സവിശേഷ സുഗന്ധവും ഓറഞ്ച് നിറവുമുള്ള ഇത് സാധാരണ താപനിലയില്‍ ഉറച്ച് വെണ്ണ പോലെ കട്ടയാകും. ജാതിവെണ്ണ, ജാതി കോണ്‍ക്രീറ്റ് ( Nutmeg concrete ) എന്ന പേരിലും അറിയപ്പെടുന്നു.

ജാതി എണ്ണ

നല്ല സുഗന്ധമുള്ള ഈ എണ്ണയ്ക്ക് ഇളം മഞ്ഞ നിറമാണ്. ജാതിക്ക, ജാതിപത്രി എന്നിവയില്‍ നിന്നും 7 മുതല്‍ 16% വരെ എണ്ണ കിട്ടും. തോടുകളഞ്ഞ ജാതിക്ക യന്ത്രം ഉപയോഗിച്ച് തരുതരുപ്പായി നുറുക്കിയെടുത്ത് കുറഞ്ഞ മര്‍ദ്ദത്തില്‍ ആവിയില്‍ വാറ്റിയാണ് എണ്ണയെടുക്കുന്നത്.

ജാതിപത്രി എണ്ണ

ജാതിപത്രിയില്‍ നിന്നും 4% - 7% വരെ എണ്ണ ലഭിക്കും. നിറമില്ലാത്തതോ ഇളം മഞ്ഞ നിറമുള്ളതോ ആയ ഈ എണ്ണയ്ക്ക് ജാതി എണ്ണയുടെ തന്നെ ഗുണവും സ്വാദും കാണും. ജാതി എണ്ണയും ജാതി പത്രി എണ്ണയും ഭക്ഷണ സാധനങ്ങള്‍ക്ക് സുഗന്ധം നല്‍കുന്നതിനാണ് ഉപയോഗിക്കുന്നത്.

സസ്യസംരക്ഷണം

കീടങ്ങള്‍

ജാതി മരത്തിന്‍റെ ചെറു ശിഖരങ്ങളില്‍ നിന്ന് ശല്‍ക്കകീടങ്ങള്‍ നീരൂറ്റിക്കുടിക്കും. ഈ പ്രാണികള്‍ മധുരമുള്ള ഒരു ദ്രാവകം പുറപ്പെടുവിക്കുന്നതിന്‍റെ ഫലമായി കേടുവന്ന ഭാഗത്ത് കറുത്ത പൂപ്പ് ( കരിംപൂപ്പ് ) കാണാറുണ്ട്‌. ക്വിനാല്‍ഫോസ് എണ്ണ കീടനാശിനി 0.025% വീര്യത്തില്‍ തളിച്ചാല്‍ കീടബാധ നിശ്ശേഷം മാറ്റാവുന്നതാണ്.

രോഗങ്ങള്‍

ഇലപ്പുള്ളി ( Leaf spot and shot hole )

ഇലകളിലെ മഞ്ഞ വലയത്തോടെയുള്ള പുള്ളിക്കുത്തുകളാണ് രോഗബാധയുടെ ആദ്യലക്ഷണം. തുടര്‍ന്ന് പുള്ളിക്കുത്തിന്‍റെ നടുഭാഗം ദ്രവിച്ച് അടര്‍ന്ന് പോകും. ഇലയില്‍ ദ്വാരം അവശേഷിക്കുകയും ചെയ്യും. മൂപ്പെത്തിയ കമ്പുകളില്‍ കൊമ്പുണക്കവും കാണാറുണ്ട്‌. ചെറിയ തൈകളില്‍ ഇലകള്‍ ഉണങ്ങി കൊഴിഞ്ഞു പോകുന്നതായും കാണാം. മഴക്കാലത്ത് ഒരു ശതമാനം ബോര്‍ഡോ മിശ്രിതം രണ്ടോ മൂന്നോ തവണ തളിച്ച് ഈ രോഗം നിയന്ത്രിക്കാം.

കായ്ചീയല്‍

കൊളിറ്റോട്രിക്കം ഗ്ലിയോസ്പോറിയോയിഡ്സ്, ബോട്രിഡിപ്ലോഡിയ തിയോബ്രോമെ എന്നീ രണ്ടു കുമിളുകളാണ് രോഗകാരികള്‍. വെള്ളം വീണ് നനഞ്ഞതു പോലെയുള്ള അടയാളങ്ങള്‍ കായ്കളില്‍ കാണുന്നതാണ് രോഗലക്ഷണം. ഈ ഭാഗത്തെ കോശങ്ങള്‍ നിറവ്യത്യാസത്തോടെ നശിച്ചു പോകുന്നു. മാംസളമായ തൊണ്ട് നേരത്തെ പിളരുകയും ജാതിപത്രിയും വിത്തും ചീഞ്ഞുപോകുകയും ചെയ്യുന്നതാണ് പ്രധാനലക്ഷണം. ഉള്‍വശത്തെ കോശങ്ങള്‍ ദ്രവിച്ചിരിക്കും. പൊഴിഞ്ഞു വീഴുന്ന കായ്കളിലും കുമിളുകള്‍ ഉണ്ടാകും. ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിച്ച് രോഗം നിയന്ത്രിക്കാം.

ഇലപ്പുള്ളി രോഗം, ഇലകരിച്ചില്‍, ആല്‍ഗല്‍ ഇലപ്പുള്ളി തുടങ്ങിയവയാണ് മറ്റു രോഗങ്ങള്‍.

മുകളിലേക്ക്

Admin Login

പകര്‍പ്പവകാശം ©2019. നിര്‍മ്മിച്ചതും നിലനിര്‍ത്തുന്നതും സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്, കേരള കാര്‍ഷിക സര്‍വ്വകലാശാല