|
|
കൃഷി > കിഴങ്ങുവര്‍ഗ്ഗവിളകള്‍
> ചേമ്പ്
|
മണ്ണും കാലാവസ്ഥയും
സാധാരണയായി വീട്ടുവളപ്പുകളില്‍ ഒരു ഇടവിളയായാണ് ചേമ്പ് കൃഷിചെയ്യുന്നത്. മറ്റ് കിഴങ്ങ്
വര്‍ഗ്ഗവിളകളെപ്പോലെത്തന്നെ നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ചേമ്പ് കൃഷിക്കനുയോജ്യം.
മെയ്-ജൂണ്‍ മാസങ്ങളാണ് നടാന്‍ പറ്റിയ സമയം. നനയുള്ള സ്ഥലങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും
കൃഷി ചെയ്യാം.
ഇനങ്ങള്‍
ശ്രീരശ്മി, ശ്രീപല്ലവി, ശ്രീകിരണ്‍ എന്നിവ കേന്ദ്ര കിഴങ്ങ് വര്‍ഗ്ഗവിള ഗവേഷണ കേന്ദ്രത്തില്‍
നിന്ന് പുറത്തിറക്കിയ മികച്ചയിനങ്ങളാണ്.
നടീല്‍ രീതി
നടുന്നതിന് 25 – 35 ഗ്രാം തൂക്കം വരുന്ന ചേമ്പ് വിത്തുകള്‍ ഉപയോഗിക്കാം. ഒരു ഹെക്ടര്‍
സ്ഥലത്ത് നടാന്‍ ഉദ്ദേശ്ശം 1200 കി.ഗ്രാം (37,000 എണ്ണം) വിത്ത് വേണ്ടിവരും. നിലം
നല്ലപോലെ കിളച്ചിളക്കി 60 സെ.മീ. അകലത്തില്‍ വാരങ്ങളുണ്ടാക്കി അതില്‍ 45 സെ.മീ. അകലത്തില്‍
ചേമ്പ് നടാം. നട്ടതിനു ശേഷം പുതയിടണം. നിലമൊരുക്കുന്ന സമയത്ത് ഒരു ഹെക്ടറിന് 12 ടണ്‍
എന്ന തോതില്‍ കാലിവളമോ,കമ്പോസ്റ്റോ ഇടാം. കൂടാതെ ഹെക്ടറൊന്നിന് 80:25:100 കി.ഗ്രാം
എന്ന തോതില്‍ പാക്യജനകം, ഭാവഹം, ക്ഷാരം ഇവ നല്‍കണം. ഇതില്‍ ഭാവഹവളങ്ങള്‍ മുഴുവനും,
ബാക്കിയുള്ളവ പകുതി വീതവും മുളച്ച് ഒരാഴ്ചയ്ക്ക് ശേഷം ഇടാം. ശേഷിക്കുന്ന പാക്യജനകവും,
ക്ഷാരവും ഒരു മാസം കഴിഞ്ഞ് കള നീക്കിയതിന് ശേഷം വേണം ഇടാന്‍. ഇതോടൊപ്പം മണ്ണ് കൂട്ടി
കൊടുക്കുകയും ചെയ്യാം.
സസ്യസംരക്ഷണം
ചേമ്പിന് സാധാരണ കാണുന്ന കുമിള്‍രോഗം (ബ്ലൈറ്റ്) നിയന്ത്രിക്കുന്നതിനായി സിനെബ് /
മാങ്കോസെബ് അല്ലെങ്കില്‍ കോപ്പര്‍ ഓക്സിക്ലോറൈഡ് അടങ്ങിയ ഏതെങ്കിലും കുമിള്‍നാശിനി
ഇവയിലൊന്ന് ഒരു ലിറ്റര്‍ വെളളത്തില്‍ 2 ഗ്രാം എന്ന തോതില്‍ കലര്‍ത്തി തളിക്കാം. മുഞ്ഞയുടെ
ആക്രമണം ഉണ്ടെങ്കില്‍ ഡൈമെത്തോയേറ്റ് 0.05 ശതമാനം വീര്യത്തില്‍ തളിക്കേണ്ടതാണ്.
ഇലതീനിപ്പുഴുക്കള്‍ക്കെതിരെ മാലത്തയോണോ, കാര്‍ബാറിലോ തളിച്ചാല്‍ മതി.
വിളവെടുപ്പ്
നട്ട് ആറേഴ് മാസമാകുമ്പോള്‍ വിളവെടുക്കാം. നടാനുള്ള ചേമ്പ് വിത്ത് മണല്‍ നിരത്തി അതില്‍
സൂക്ഷിക്കാം.
മുകളിലേക്ക്
|
|
|
|