ഞായര്‍ , നവംബര്‍ 3, 2024 Information Gateway on Agriculture to Convert "Know How To Do How" English
കൃഷി > കിഴങ്ങുവര്‍ഗ്ഗവിളകള്‍ > ചേന

മണ്ണും കാലാവസ്ഥയും

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ചേനക്കൃഷിക്ക് യോജിച്ചത്. ഇടവിളയായി തെങ്ങിന്‍ തോപ്പുകളില്‍ ചേന വിജയകരമായി കൃഷി ചെയ്യാം. ചേന നടാന്‍ ഏറ്റവും യോജിച്ച സമയം ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളാണ്. ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവര്‍ഗ്ഗവിള ഗവേഷണ കേന്ദ്രത്തില്‍ നിന്നും പുറത്തിറക്കിയ ഉല്‍പ്പാദനശേഷി കൂടിയ ഒരിനമാണ് ശ്രീപത്മ. ഇത് 8 – 9 മാസം കൊണ്ട് വിളവെടുക്കാറാകും.

കൃഷിരീതി

ചേന നടാനായി 60 സെ.മീ. നീളവും, വീതിയും, 45 സെ.മീ. ആഴവുമുള്ള കുഴികള്‍ 90 സെ.മീ. അകലത്തില്‍ എടുക്കുക. മേല്‍മണ്ണും ചാണകവും ( കുഴിയൊന്നിന് 2 മുതല്‍ 2.5 കി.ഗ്രാം ) നല്ല പോലെ ചേര്‍ത്ത്‌ കുഴിയില്‍ നിറച്ച ശേഷം ഇതില്‍ ഏകദേശം 1 കി.ഗ്രാം തൂക്കം വരുന്നതും ഒരു മുളയെങ്കിലും ഉള്ളതുമായ വിത്ത്‌ നടാം. നടാനുള്ള ചേനക്കഷണങ്ങള്‍ ചാണകവെള്ളത്തില്‍ മുക്കി തണലത്ത് ഉണക്കിയെടുക്കണം. നിമാവിരകളുടെ ആക്രമണം നിയന്ത്രിക്കുന്നതിനായി വിത്തുചേന Bacillus macerans എന്ന ബാക്ടീരിയല്‍ മിശ്രിതവുമായി യോജിപ്പിക്കണം. ( 3 ഗ്രാം/കി.ഗ്രാം വിത്ത്‌ ) നട്ടശേഷം ചപ്പുചവറുകള്‍ കൊണ്ട് പുതയിടണം. ഒരു ഹെക്ടര്‍ സ്ഥലത്ത് നടുന്നതിന് ഏകദേശം 12 ടണ്‍ ചേന വിത്ത്‌ വേണ്ടിവരും ( 12,000 കഷണങ്ങള്‍ ). നട്ട് ഒരു മാസമാകുമ്പോള്‍ ഇവ മുളയ്ക്കാന്‍ തുടങ്ങും.

മീലിമൂട്ടകളാണ് ചേനയുടെ പ്രധാന ശത്രു. ഇവ വിത്ത്‌ സംഭരിക്കുമ്പോഴും ഒരു പ്രശ്നമാകാറുണ്ട്. ഇവയുടെ ആക്രമണം ഉണ്ടാകാതിരിക്കുന്നതിനായി നടുന്നതിന് മുമ്പ് വിത്ത്‌ 0.02 ശതമാനം വീര്യമുള്ള മോണോക്രോട്ടോഫോസ് ലായനിയില്‍ 10 മിനിറ്റുനേരം മുക്കിവച്ചാല്‍ മതി.

ചെറിയ കഷണങ്ങള്‍ ഉപയോഗിച്ചുള്ള പ്രവര്‍ദ്ധനം

ചേനയുടെ വശങ്ങളില്‍ നിന്നും ഉണ്ടാകുന്ന മുകുളങ്ങളോടുകൂടിയ ചെറിയഭാഗങ്ങളോ, മുളപ്പിച്ചെടുത്ത ചെറു ചേനകഷണങ്ങളോ ഉപയോഗിച്ചാലും നല്ല വിളവ് ലഭിക്കുന്നതായി കണ്ടിട്ടുണ്ട്. ഇതിനായി 75 ഗ്രാം മുതല്‍ 100 ഗ്രാം വരെ ഭാരമുള്ള കഷണങ്ങള്‍ തവാരണകളില്‍ 90 x 30 സെ.മീ. അകലത്തില്‍ നട്ട് പിന്നീട് പ്രധാനനിലത്തിലേക്ക് പറിച്ചുനടാം. നട്ട് ഒന്നര മാസമാകുമ്പോള്‍ കള നിയന്ത്രണത്തിനും ഇടയിളക്കലിനും ശേഷം പാക്യജനകം, ഭാവഹം, ക്ഷാരം ഇവ ഹെക്ടറൊന്നിന് 50:50:75 കി.ഗ്രാം എന്ന തോതില്‍ നല്‍കണം. പിന്നീട് ഒരു മാസത്തിനുശേഷം രണ്ടാം ഗഡു വളപ്രയോഗം നടത്താം. ഇതിന് ഹെക്ടറൊന്നിന് 50 കി.ഗ്രാം പാക്യജനകവും, 75 കി.ഗ്രാം ക്ഷാരവും വേണ്ടിവരും. വളമിട്ടശേഷം ഇടയിളക്കുകയും, മണ്ണ് കൂട്ടിക്കൊടുക്കുകയും ചെയ്യണം.

മുകളിലേക്ക്

Admin Login

പകര്‍പ്പവകാശം ©2019. നിര്‍മ്മിച്ചതും നിലനിര്‍ത്തുന്നതും സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്, കേരള കാര്‍ഷിക സര്‍വ്വകലാശാല