ഞായര്‍ , ഡിസംബര്‍ 22, 2024 Information Gateway on Agriculture to Convert "Know How To Do How" English
കൃഷി > കിഴങ്ങുവര്‍ഗ്ഗവിളകള്‍ > കാച്ചില്‍

മണ്ണും കാലാവസ്ഥയും

ഉഷ്ണമേഖലാ പ്രദേശത്ത് കൃഷി ചെയ്യാന്‍ അനുയോജ്യമായ ഒരു കിഴങ്ങ് വര്‍ഗ്ഗ വിളയാണിത്. വെള്ളക്കെട്ടുള്ള സ്ഥലങ്ങള്‍ ഇതിന്റെ കൃഷിക്ക് യോജിച്ചതല്ല.

മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ വിത്ത്‌ നടാം. ആദ്യ മഴയോടെ വിത്ത്‌ മുളച്ചു തുടങ്ങും. നടീല്‍ വൈകിയാല്‍ വിത്തുകള്‍ മുളയ്ക്കാന്‍ തുടങ്ങും. മുളച്ചു തുടങ്ങിയ വിത്തുകള്‍ നടുന്നത് നല്ലതല്ല.

ഇനങ്ങള്‍

ശ്രീകീര്‍ത്തി, ശ്രീരൂപ, ശ്രീശില്‍പ്പ, ഇന്ദു, ശ്രീകാര്‍ത്തിക ഇവ മികച്ചയിനങ്ങളാണ്. ഇതില്‍ ശ്രീകീര്‍ത്തി ഇടവിളയായി കൃഷിചെയ്യാന്‍ യോജിച്ച ഇനമാണ്. ഇന്ദു എന്ന ഇനം കുട്ടനാട് പ്രദേശത്ത്‌ തനിവിളയായും, ഇടവിളയായും കൃഷിചെയ്യാന്‍ അനുയോജ്യമാണ്. നട്ട് 8 മാസം കൊണ്ട് വിളവെടുക്കാവുന്ന സങ്കരയിനമാണ് ശ്രീശില്പ.

നടീല്‍ രീതി

സാധാരണയായി കാച്ചിലിന്റെ കിഴങ്ങിന് ഒരു വളര്‍ച്ചാമുകുളം മാത്രമേ ഉണ്ടായിരിക്കയുള്ളൂ എന്നതിനാല്‍ ഈ ഭാഗം നടാന്‍ എടുക്കുന്ന ഓരോ കഷണത്തിലും വരത്തക്കവിധം കിഴങ്ങ് നെടുകെ മുറിക്കണം. ഓരോ കഷണത്തിനും ഉദ്ദേശം 250 മുതല്‍ 300 ഗ്രാം വരെ തൂക്കമുണ്ടായിരിക്കണം. നടുന്നതിന് മുമ്പ് വിത്ത്‌ ചാണകവെള്ളത്തില്‍ മുക്കി തണലില്‍ ഉണക്കണം. ഒരു ഹെക്ടര്‍ സ്ഥലത്ത് നടാന്‍ ഏതാണ്ട് 2500 മുതല്‍ 3000 കി.ഗ്രാം വരെ വിത്ത്‌ വേണ്ടിവരും.

നിലമൊരുക്കലും വളപ്രയോഗവും

നിലം നല്ലതുപോലെ ഉഴുത് 45 സെ.മീ. വീതം നീളവും, വീതിയും ആഴവുമുള്ള കുഴികള്‍ ഒരു മീറ്റര്‍ അകലത്തില്‍ എടുക്കുക. കുഴിയുടെ മുക്കാല്‍ ഭാഗം മേല്‍മണ്ണും ചാണകപ്പൊടിയും (ഒരു കുഴിയ്ക്ക് ഉദ്ദേശം 1 കി.ഗ്രാം)കലര്‍ന്ന മിശ്രിതം കൊണ്ട് നിറയ്ക്കുക. നട്ട ശേഷം കുഴി മുഴുവനും മൂടിയശേഷം ചപ്പുചവറുകള്‍ ഉപയോഗിച്ച് പുതയിടുകയും ചെയ്യണം. പാക്യജനകം, ഭാവഹം, ക്ഷാരം ഇവ ഒരു ഹെക്ടറിന് 40:60:40 കി.ഗ്രാം എന്ന തോതില്‍ മുള വന്ന് ഒരാഴ്ചയ്ക്കുള്ളിലും, 40 കി.ഗ്രാം വീതം പാക്യജനകവും ക്ഷാരവും ഒരു മാസം കഴിഞ്ഞ് കളനിയന്ത്രണത്തിനും, ഇടയിളക്കലിനും ശേഷവും നടാം.

മുള വന്ന് രണ്ടാഴ്ചയാകുമ്പോള്‍ വള്ളികള്‍ പടര്‍ത്തിവിടണം. തനിവിളയായി കൃഷിചെയ്യുമ്പോള്‍ 3 – 4 മീറ്റര്‍ ഉയരമുള്ള കാലുകള്‍ കുഴിച്ചിട്ട് അതിലേക്ക് കയര്‍ കെട്ടി പടര്‍ത്താം.

സസ്യസംരക്ഷണം

ശല്‍ക്കകീടങ്ങള്‍ കൃഷിസ്ഥലത്തും, കാച്ചില്‍ വിത്ത്‌ ശേഖരിച്ച് വയ്ക്കുമ്പോഴും ഒരു പ്രശ്നമാകാറുണ്ട്.

വിളവെടുപ്പ്

നട്ട് 8 മുതല്‍ 9 മാസമാകുമ്പോള്‍ വള്ളികള്‍ നല്ല പോലെ ഉണങ്ങും. ഈ സമയമാണ് വിളവെടുപ്പിനു പാകം.

മുകളിലേക്ക്

Admin Login

പകര്‍പ്പവകാശം ©2019. നിര്‍മ്മിച്ചതും നിലനിര്‍ത്തുന്നതും സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്, കേരള കാര്‍ഷിക സര്‍വ്വകലാശാല