വെള്ളി, ഒക്ടോബര്‍ 7, 2022 Information Gateway on Agriculture to Convert "Know How To Do How" English
കൃഷി > കിഴങ്ങുവര്‍ഗ്ഗവിളകള്‍ > കൂര്‍ക്ക

മണ്ണും കാലാവസ്ഥയും

ഉഷ്ണമേഖലാ പ്രദേശങ്ങളിലും മിതശീതോഷ്ണ പ്രദേശങ്ങളിലും കൂര്‍ക്ക വളരും. നീര്‍വാര്‍ച്ചയുള്ളതും, സാമാന്യം ഫലപുഷ്ടിയുള്ളതുമായ മണ്ണാണ് കൃഷിക്ക്‌ യോജിച്ചത്.

സാധാരണയായി ജൂലൈ – ഒക്ടോബര്‍ മാസങ്ങളിലാണ് തലപ്പുകള്‍/വള്ളികള്‍ മുറിച്ചു നടുന്നത്.

ഇനം-നിധി, ശ്രീധര, സുഫല

നടീല്‍ രീതി

നടുന്നതിനു ഒരു മാസം മുമ്പുതന്നെ തവാരണ തയ്യാറാക്കണം. ഒരു ഹെക്ടര്‍ സ്ഥലത്ത് നടുന്നതിനാവശ്യമായ തലപ്പുകള്‍ കിട്ടുന്നതിന് 500 – 600 ചതുരശ്രമീറ്ററില്‍ തവാരണ തയ്യാറാക്കിയാല്‍ മതിയാകും. ഹെക്ടറിന് 170 – 200 കി.ഗ്രാം വിത്തു വേണ്ടി വരും. തവാരണയില്‍ 125 – 150 കി.ഗ്രാം കാലിവളം അടിവളമായി ചേര്‍ക്കണം. മുപ്പത് സെ.മീ. അകലത്തില്‍ കിഴങ്ങു നടാം. വള്ളികള്‍ പടര്‍ന്നു മൂന്നാഴ്ച കഴിഞ്ഞാല്‍ 10 – 15 സെ.മീ. നീളമുള്ള തലപ്പുകള്‍ മുറിച്ചെടുക്കാം.

പ്രധാനകൃഷിയിടം തയ്യാറാക്കല്‍

നിലം ഉഴുതോ കിളച്ചോ പാകപ്പെടുത്തണം. പിന്നീട് 30 സെ.മീ. അകലത്തില്‍ ചെറിയ വരമ്പുകളോ 60 – 90 ച. സെ. മീ. വീതിയുള്ള തടങ്ങളോ തയ്യാറാക്കണം.

വളപ്രയോഗം

നിലമൊരുക്കുമ്പോള്‍ ഹെക്ടറൊന്നിന് 10 ടണ്‍ കാലിവളവും 30:60:50 കി.ഗ്രാം N:P2O5:K2O യും ചേര്‍ത്തു കൊടുക്കണം. ഇതിനു പുറമെ നട്ട് 45 ദിവസത്തിനുശേഷം മേല്‍ വളമായി 30 കി.ഗ്രാം നൈട്രജനും 50 കി.ഗ്രാം പൊട്ടാഷും നല്‍കാം. മേല്‍വളം ചേര്‍ക്കുന്നതിനു മുമ്പ് കളകള്‍ നീക്കം ചെയ്യണം. വളമിട്ടശേഷം മണ്ണ് കൂട്ടിക്കൊടുക്കുകയും വേണം.

സസ്യസംരക്ഷണം

വേരിനെ ആക്രമിക്കുന്ന നിമാവിരകളെ നശിപ്പിക്കുന്നതിന് വേനല്‍ക്കാലത്ത് നിലം ആഴത്തില്‍ ഉഴുകയും വിളവെടുപ്പിനുശേഷം ചെടിയുടെ അവശിഷ്ടങ്ങളും വേരുകളും കത്തിച്ച് നശിപ്പിക്കുകയും ചെയ്യുക. കൂടാതെ വിളപരിക്രമം അനുവര്‍ത്തിക്കുന്നതും നല്ലതാണ്.

മുകളിലേക്ക്

Admin Login

പകര്‍പ്പവകാശം ©2019. നിര്‍മ്മിച്ചതും നിലനിര്‍ത്തുന്നതും സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്, കേരള കാര്‍ഷിക സര്‍വ്വകലാശാല