ഞായര്‍ , ഡിസംബര്‍ 29, 2024 Information Gateway on Agriculture to Convert "Know How To Do How" English
കൃഷി > ഫലവര്‍ഗ്ഗ വിളകള്‍ > കൈതച്ചക്ക

സസ്യസംരക്ഷണം-മൌറിഷ്യസ്

സൂര്യരശ്മികള്‍ നേരെ പതിക്കുന്നതുമൂലം കൈതച്ചക്കകള്‍ക്ക് ‘ചുട്ടുപൊള്ളല്‍’ (sunburn) ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇതുമൂലം ചക്കയുടെ വളര്‍ച്ചയിലും ഗുണനിലവാരത്തിലും വ്യത്യാസങ്ങള്‍ ഉണ്ടാകാം. അതിനാല്‍ ചക്ക മൂത്ത് തുടങ്ങാറായാല്‍ നല്ല വേനല്‍ക്കാലത്ത് കൈതച്ചക്കത്തോട്ടങ്ങളില്‍ പൊതിഞ്ഞുകെട്ടല്‍ എന്ന ജോലി നിര്‍ബന്ധമായും ചെയ്യേണ്ടതുണ്ട്. ഇതിനായി ക്യൂ ഇനത്തില്‍ ചെയ്യുന്നത് കുറച്ച് ഉണങ്ങിയ പുല്ല് ചക്കയുടെ മേലെ വിതറി അതെ ചെടിയുടെ ഇലകള്‍ കൂട്ടിപ്പിടിച്ച് ചക്കയെ പൊതിഞ്ഞുകൊണ്ട് അവയുടെ മേല്‍ഭാഗത്തുവെച്ച് അയച്ച് കെട്ടിക്കൊടുക്കുക എന്നതാണ്. മൌറീഷ്യസ് ഇനത്തില്‍ ഇലകളിലെ അധികരിച്ച മുള്ളുകളുടെ സാമീപ്യം മൂലം ഈ ജോലി കുറച്ച് ശ്രമകരമാണ്. ഈ ഇനത്തില്‍ സാധാരണയായി ഉണങ്ങിയ ഇലകളും പുല്ലും കൊണ്ട് ചക്കക്ളുടെ മേലെ ഒരാവരണം ഉണ്ടാക്കിയിടുകയാണ് വേണ്ടത്.

ഉയര്‍ന്ന ജലാംശവും ആപേക്ഷികാര്‍ദ്രതയുമുള്ള സ്ഥലങ്ങളില്‍ സിറാടോസ്റ്റോമെല്ല പാരഡോക്സ എന്ന ഒരു കുമിള്‍ കൈതച്ചക്കച്ചെടിയുടെ വിവിധ ഭാഗങ്ങളില്‍ അഴുകല്‍ ഉണ്ടാക്കാറുണ്ട്. നടീല്‍ വസ്തുക്കള്‍ 0.3 ശതമാനം വീര്യമുള്ള ഡൈത്തേന്‍ z 78 ലായനിയില്‍ മുക്കിയെടുക്കുന്നതും ഇതുതന്നെ ഇലകളിലും ചെടികളിലും തളിയ്ക്കുന്നതും വഴി ഇത്തരം അഴുകല്‍ നിയന്ത്രിക്കാന്‍ സാധിക്കും. വേരുചീയല്‍/തണ്ടുചീയല്‍ എന്നിവ ഫൈറ്റോഫ്ത്തോറ എന്ന കുമിള്‍ പരത്തുന്ന രോഗമാണ്. രോഗം ബാധിച്ച ചെടികള്‍ പിഴുതുമാറ്റി നശിപ്പിക്കുയും ചെടിയുടെ കടയ്ക്കല്‍ 1% വീര്യമുള്ള ബോര്‍ഡോമിശ്രിതം ഒഴിച്ചു കൊടുക്കുകയും വേണം. ചെടിയുടെ ഏത് വളര്‍ച്ചാദശയിലും ഉണ്ടാകുന്ന ഒരു രോഗമാണ് ഇലപ്പുള്ളി. ഇത് നിയന്ത്രിക്കാനായി ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതമോ, സിനബ് 0.2%, മാങ്കോസെബ്, സിറാം എന്നിവയിലേതെങ്കിലുമൊന്നോ തളിക്കണം.

കീടങ്ങള്‍

മീലിമൂട്ടയെ നശിപ്പിക്കുന്നതിന് ക്വിനാല്‍ഫോസ്  0.05% ക്ളോര്‍പൈറിഫോസ് 0.05% / ഡൈമെത്തോയേറ്റ് 0.05%/തളിക്കുക. ചെടിയുടെ കടഭാഗത്തും വശങ്ങളിലും മരുന്നെത്തുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. കൃഷിസ്ഥലം കളവിമുക്തമാക്കിയിരിക്കണം. കാര്‍ബാറില്‍ 10% പൊടികൂട്ടില്‍ വിതറി ഉറുമ്പുകളെ നശിപ്പിക്കാം. വാട്ടരോഗത്തിന്‍റെ ഹേതുവായ വൈറസിനെ പകര്‍ത്തുന്നത് മീലിമൂട്ടയാണ്. അതുകൊണ്ട് മീലിമൂട്ടയെ നിയന്ത്രിക്കുന്നത് വാട്ടരോഗത്തില്‍ നിന്നും സംരക്ഷണം നല്‍കും.

ശല്‍ക്കകീടങ്ങള്‍

മീലിമൂട്ടകളെ നിയന്ത്രിക്കുന്നതിനായി തളിക്കുന്ന രാസവസ്തുക്കള്‍ കൊണ്ട് ശല്‍ക്കകീടങ്ങളെയും നിയന്ത്രിക്കാവുന്നതാണ്.

കുറ്റിവിള

ആദ്യ വിളയുടെ ചുവട്ടില്‍ നിന്നും ഇലകള്‍ അരിഞ്ഞുമാറ്റിയശേഷം ഓരോ ചെടിയുടെയും രണ്ടു കന്നുകള്‍ വീതം നിലനിര്‍ത്തി ബാക്കിയുള്ളവ മാറ്റാം. വളപ്രയോഗം നടത്തി ചെടികള്‍ ചാഞ്ഞുവീഴാതിരിക്കുവാന്‍ ചുവട്ടില്‍ മണ്ണടുപ്പിച്ച് കൊടുക്കുന്നു. പ്രധാന വിളയ്ക്ക് നല്‍കുന്ന പരിചരണങ്ങളെല്ലാം കുറ്റിവിളയ്ക്കും നല്‍കി വരുന്നു. ആദ്യത്തെ കുറ്റിവിളവെടുപ്പ് കഴിഞ്ഞാല്‍ വീണ്ടും ഒരു വിളകൂടി സാധാരണയായി എടുക്കാം. ഇപ്രകാരം മൂന്നു വര്‍ഷം കൊണ്ട് മൂന്നു വിളവെടുപ്പ് നടത്താന്‍ കഴിയും.

മുകളിലേക്ക്

Visitors since 1/11/2012 : Admin Login

പകര്‍പ്പവകാശം ©2019. നിര്‍മ്മിച്ചതും നിലനിര്‍ത്തുന്നതും സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്, കേരള കാര്‍ഷിക സര്‍വ്വകലാശാല