ഞായര്‍ , നവംബര്‍ 24, 2024 Information Gateway on Agriculture to Convert "Know How To Do How" English
കൃഷി > ഫലവര്‍ഗ്ഗ വിളകള്‍ > മാവ്

മാവ്(മാന്‍ജിഫെറ ഇന്‍ഡിക)

ഇന്ത്യയില്‍ മാത്രം ആയിരത്തിലേറെ ഇനം മാവുകള്‍ കണ്ടുവരുന്നു. കേരളത്തിലേക്ക്‌ പറ്റിയ ചില ഇനങ്ങളാണ് അല്‍ഫോണ്‍സോ, കാലപ്പാടി, നീലം, മുണ്ടപ്പ, പൈറി, ബെനിഷന്‍, ആലമ്പൂര്‍ ബെനിഷന്‍, മല്‍ഗോവ, സുവര്‍ണ്ണരേഖ തുടങ്ങിയവ.

ഹൈബ്രിഡ്‌ 45 (ബെനെറ്റ്‌ അല്‍ഫോന്‍സോ*ഹിമായുദ്ദീന്‍), ഹൈബ്രിഡ്‌-87 (കാലപ്പാടി*ആലമ്പൂര്‍ ബെനിഷാന്‍), ഹൈബ്രിഡ്‌ 151 (കാലപ്പാടി*നീലം) തുടങ്ങിയവ അത്യുല്പാദനശേഷിയുള്ള സങ്കരയിനങ്ങളാണ്.

ഒട്ടുമാവിന്‍ തൈകള്‍ വിജയകരമായി ഉണ്ടാക്കാന്‍ സാധിക്കുന്ന ഒരു രീതിയാണ് സ്റ്റോണ്‍ഗ്രാഫ്റ്റിങ്ങ്. രണ്ടോ മൂന്നോ ആഴ്ച മാത്രം പ്രായമുള്ള തൈകളിലാണ് ഒട്ടിക്കല്‍ നടത്തുന്നത്. തണ്ടിന്‍റേയും ഇലയുടെയും ചെമ്പുകലര്‍ന്ന നിറം മാറുന്നതിനു മുമ്പ് ഒട്ടിക്കല്‍ നടത്തുകയും വേണം. ഇളം തൈയ്യായതിനാല്‍ വളരെ സൂക്ഷമതയോടെ വേണം ഒട്ടിക്കാന്‍. സ്റ്റോക്ക് തൈയ്യുടെ തലപ്പ് ഏകദ്ദേശം 10 സെ.മീ. ഉയരത്തില്‍ വച്ച് മുറിച്ചു നീക്കുന്നു. മുറിച്ച ഭാഗത്തുനിന്ന് ഏതാണ്ട് 3-4 സെ.മീ. നീളത്തില്‍ തണ്ടിന്‍റെ മധ്യഭാഗത്തുകൂടെ നേരെ താഴേയ്ക്ക് ഒരു പിളര്‍പ്പുണ്ടാകുന്നു. ഇതേ കനത്തിലുള്ള ഒട്ടുകമ്പ്(സയോണ്‍) തന്നെ മാതൃ വൃക്ഷത്തില്‍ നിന്നു മുറിച്ചെടുക്കുകയും വേണം. ഈ കമ്പ് മുറിച്ചെടുക്കുന്നതിനുമുന്‍പ്‌ തലപ്പത്തുനിന്നു താഴേയ്ക്ക് 10 സെ.മീ. നീളത്തില്‍ ഇലകള്‍ മുറിച്ചു നീക്കണം. ഞെട്ടിന്‍റെ ചെറിയ കഷണം നിര്‍ത്തി വേണം ഇലകള്‍ മുറിക്കാന്‍. ഈ കമ്പിന്‍റെ ചുവടു ഭാഗത്തു രണ്ടു വശങ്ങളിലുമായി 3-4 സെ.മീ. നീളത്തില്‍ ചരിച്ച് ചെത്തി ആപ്പിന്‍റെ ആകൃതിയിലാക്കുന്നു. സ്റ്റോക്ക് തൈയ്യിലുണ്ടാക്കിയ പിളര്‍പ്പിലേക്ക് ആപ്പു പോലുള്ള ഭാഗം കടത്തിയതിനുശേഷം പോളിത്തീന്‍ നാട കൊണ്ട് ഒട്ടിച്ച ഭാഗം കെട്ടണം. ഇതു തണലത്തു വച്ച് നനയ്ക്കണം. ഒട്ടിക്കല്‍ വിജയിച്ചുവെങ്കില്‍ സയോണ്‍ കമ്പില്‍ മൂന്നാഴ്ച്ച കൊണ്ട് തളിരുകള്‍ വരും. അഞ്ചോ ആറോ മാസത്തെ വളര്‍ച്ച കൊണ്ട് ഇവ മാറ്റി നടുകയും ചെയ്യാം. വളരെ കുറച്ചു സമയം കൊണ്ട് വിജയകരമായി ചെയ്യാം എന്നതാണ് സ്റ്റോണ്‍ ഗ്രാഫ്റ്റിങ്ങിന്‍റെ സവിശേഷത.

മാവ്‌ ഒരു ദീര്‍ഘകാല വിളയാണ്. അതുകൊണ്ട് പുതിയ തൈ നടാന്‍ സ്ഥലം ഒരുക്കുമ്പോഴും, തൈ വാങ്ങുമ്പോഴും, അതു നടുമ്പോഴും, പരിച്ചരിക്കുമ്പോഴും എല്ലാം കാര്യമായ ശ്രദ്ധ ആവശ്യമാണ്.

ഒരു തനിവിളയായി മാത്രം നടുകയാന്നെങ്കില്‍ തൈകള്‍ തമ്മില്‍ 9 മീറ്റര്‍ ഇടയകലം നല്‍കണം. എന്നാല്‍ ഇടവിളയാകുമ്പോള്‍ ഇതു സാധിക്കുകയില്ല. സമചതുരത്തില്‍ നട്ടിരിക്കുന്ന നാലു തെങ്ങുകളുടെ ഒത്ത നടുവില്‍ ഒരു മാവിന്‍ തൈ നടാവുന്നതാണ്.

തൈക്കുഴി തയ്യാറാക്കുന്നത് മണ്ണിന്‍റെ സ്വഭാവം കൂടി കണക്കിലെടുത്തായിരിക്കും. കളിമണ്ണിന്‍റെ അംശം കൂടിതലുള്ള നല്ല ഉറപ്പുള്ള മണ്ണിലാണെങ്കില്‍ ഒരു മീറ്റര്‍ സമചതുരവും താഴ്ച്ചയുമുള്ള കുഴിയാണ് നല്ലത്. എന്നാല്‍ മണല്‍ മണ്ണില്‍ 50 മുതല്‍ 75 സെ.മീ. സമചതുരവും ആഴവുമുള്ള കുഴി മതിയാകും. മറ്റൊരു പ്രധാന കാര്യം തൈ നടുന്നതിന് ഒരു മാസം മുന്‍പെങ്കിലും കുഴി തയ്യാറായിരിക്കണം എന്നതാണ്. കാലാവര്‍ഷാരംഭാത്തോടെ മാവിന്‍ തൈ നടാം. തൈയ്ക്ക്‌ ശരിയായി വേരുപിടിച്ചു വളരാന്‍ യോജിച്ച കാലാവസ്ഥയാണിത്‌. മേയ് അവസാനത്തോടെ ആദ്യ മഴ ലഭിക്കുമ്പോഴാണ് സാധാരണയായി തൈ നടുക. ഇങ്ങനെയായാല്‍ ജൂണ്‍ - ജൂലൈയില്‍ മഴ ശക്തി പ്രാപിക്കുമ്പോഴേക്കും തൈ പിടിച്ചു കിട്ടും. ഇതു പൊതുതത്വമാണെങ്കിലും നനയ്ക്കാന്‍ സൗകര്യമുള്ളപ്പോള്‍ ഏതു മാസത്തിലും മാവ്‌ നടാം.

നല്ല തൈ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ നേരത്തെ തയ്യാറാക്കിയിട്ടിരിക്കുന്ന കുഴിയില്‍ നടാം. വളക്കൂറുള്ള മേല്‍മണ്ണിട്ട് കുഴി മൂടിയശേഷം മദ്ധ്യഭാഗത്തായി ഒരു ചെറിയ കുഴി ഉണ്ടാക്കുന്നു. വേരിനും അതിനെ പൊതിഞ്ഞിരിക്കുന്ന മണ്ണിനും ഉലച്ചില്‍ തട്ടാതെ തൈ മെല്ലെയിളക്കി ഈ കുഴിയില്‍ നടുന്നു. നടുമ്പോള്‍ തൈ ചെരിയരുത്. തൈ പോളിത്തീന്‍ കവറില്‍ എത്ര ആഴത്തിലായിരുന്നുവോ അത്രയും ആഴത്തില്‍ തന്നെ വേണം കുഴിയിലും നടാന്‍. ഏറെ താഴ്ത്തി നടരുത്; ഒട്ടുസന്ധി മണ്ണിനടിയിലായിപ്പോകുകയും അരുത്. തൈയ്ക്കു ചുറ്റും മണ്ണിട്ട് നന്നായി ഉറപ്പിക്കണം. നട്ട ഉടന്‍ മഴയില്ലെങ്കില്‍ നനയ്ക്കുകയും വേണം. കാറ്റുകൊണ്ട് തൈ ഉലയാനും അങ്ങനെ ഒട്ടുസന്ധി ഇളകാനും സാധ്യതയുണ്ട്. ഇങ്ങനെയുണ്ടാകാത്തിരിക്കാന്‍ നട്ടയുടന്‍ തന്നെ തൈയ്യുടെ അടുത്തു കുറ്റിനാട്ടി തൈ അതിനോട് ചേര്‍ത്തു കെട്ടണം. ഒട്ടുസന്ധിയുടെ താഴെ സ്റ്റോക്കില്‍ നിന്ന് ചിലപ്പോള്‍ മുളകള്‍ പൊട്ടി വളരുന്നതായി കാണാം. ഇത് അപ്പപ്പോള്‍ നുള്ളിക്കളയണം. ഒട്ടുതൈകള്‍ നട്ടയുടനെ ഒന്നോ രണ്ടോ വര്‍ഷം കൊണ്ടു പുഷ്പിക്കാന്‍ തുടങ്ങുന്നതായി കാണാം. ഈ പൂവുകള്‍ നശിപ്പിച്ചു കളയണം. ചുരുക്കത്തില്‍ മാവിന്‍ തൈയ്ക്ക്‌ നാലു വയസ്സെങ്കിലും ആകുന്നതുവരെ കായ്ക്കാന്‍ അനുവദിക്കരുത്‌.

വളപ്രയോഗം

ശാസ്ത്രീയമായ വളപ്രയോഗത്തിന്‍റെ തോത് ചുവടെ ചേര്‍ക്കുന്നു

ചെടിയുടെ പ്രായം ജൈവളം (കി.ഗ്രാം/ചെടി ഒന്നിന്) രാസവളം
N P K
1 വര്‍ഷം 10 20 18 50
2 വര്‍ഷം 15 50 27 75
3-5 വര്‍ഷം 25 100 36 100
6-7 വര്‍ഷം 40 250 72 200
8-10 വര്‍ഷം 50 400 144 400
10 വര്‍ഷത്തിനു മുകളില്‍ 75 500 360 750

മരമൊന്നിന് 25 കി.ഗ്രാം പച്ചിലവളവും 10-15 കി.ഗ്രാം വെണ്ണീറും കൂടി കൊടുക്കുന്നത് നല്ലതാണ്. ജൈവവളങ്ങള്‍ ആദ്യത്തെ ഇടവപ്പാതി മഴ ലഭിക്കുമ്പോള്‍തന്നെ കടയ്ക്കല്‍ ഇട്ടു കൊടുക്കേണ്ടതാണ്.

മരങ്ങള്‍ കായ്ച്ചു തുടങ്ങുന്നതിനു മുമ്പുള്ളവര്‍ഷങ്ങളില്‍ രാസവളങ്ങള്‍ ഒറ്റത്തവനയായി മെയ്‌-ജൂണ്‍ മാസങ്ങളില്‍ ഇട്ടു കൊടുക്കുന്നതാണ് ഉത്തമം. എന്നാല്‍ കായ്ച്ചു തുടങ്ങിയ മരങ്ങള്‍ക്ക് രാസവളങ്ങള്‍ രണ്ടു തുല്യ ഗഡുക്കളായി മെയ്‌-ജൂണിലും പിന്നീട് ആഗസ്റ്റ്‌-സെപ്റ്റംബറിലും ആയി കൊടുക്കുന്നത് നന്നായിരിക്കും. ചുറ്റും തൈകള്‍ക്ക് തടിയില്‍ നിന്ന് ഏകദ്ദേശം 30 സെ.മീറ്റര്‍ വിട്ട് ആഴം കുറഞ്ഞ ചാലുണ്ടാക്കി അതില്‍ വളം ഇട്ടു കൊടുക്കാം. വളര്‍ച്ചയനുസരിച്ചു തടിയില്‍ നിന്ന് 15-30 സെ.മീറ്റര്‍ അകലം വിട്ടു വേണം ഓരോവര്‍ഷവും ചാലെടുക്കാന്‍. കായ്ക്കുന്ന മരങ്ങള്‍ക്ക് തടിയില്‍ നിന്ന് 2.5-3 മീ. അകലത്തില്‍ 30 സെ.മീ. താഴ്ച്ചയുള്ള ചാല് കീറിയാണ് വളപ്രയോഗം നടത്തേണ്ടത്.

ഇടപ്പണികള്‍

4-5 വര്‍ഷം വരെ വേനല്‍ക്കാലത്ത്‌ ആഴ്ച്ചയില്‍ രണ്ടു ദിവസം നനയ്ക്കുക. പച്ചക്കറികള്‍, മുതിര, ഉഴുന്ന്, കൈതച്ചക്ക, വാഴ എന്നിവ ആദ്യകാലത്ത്‌ ഇടവിളയായി കൃഷി ചെയ്യാം. ജൂണിലും, ഒക്ടോബറിലും കിളച്ചോ, ഉഴുതോ കളനീക്കല്‍ പോലെയുള്ള ഇടപ്പണികള്‍ ചെയ്യാം. കായ്‌പൊഴിച്ചില്‍ കുറയ്ക്കുന്നതിനും ഉല്പാദനം കൂട്ടുന്നതിനും നാഫ്തലീന്‍ അസറ്റിക്ആസിഡ്‌(NAA) 10-30 പി.പി.എം. ഗാഢതയില്‍ കായ്‌പിടിച്ചുതുടങ്ങി രണ്ടാമത്തെ ആഴ്ച്ചയില്‍ പൂങ്കുലകളില്‍ നല്ലപോലെ വീഴത്തക്കവിധം തളിക്കുക.

സസ്യസംരക്ഷണം

മാവിന്‍റെ പ്രധാന കീടങ്ങള്‍ തുള്ളന്‍, തടിതുരപ്പന്‍, മീലിമൂട്ട, ഇലതീനിപ്രാണികള്‍, കായ്‌, പഴഈച്ചകള്‍, ഇലച്ചാടികള്‍ എന്നിവയാണ്. സാധാരണ കണ്ടുവരുന്ന രോഗങ്ങള്‍ ചൂര്‍ണ്ണപൂപ്പ്, ആന്ത്രാക്നോസ്, കൊമ്പുണക്കം തുടങ്ങിയവയും. മാവിലെ തുള്ളനെ നിയന്ത്രിക്കുന്നതിന് 0.1% കാര്‍ബാറിലോ 0.1% മാലത്തയോണോ പൂക്കുന്ന സമയത്തു തളിക്കുക. തണ്ടുതുരപ്പനെ നിയന്ത്രിക്കുന്നതിന് ക്രൂഡ്‌ കാര്‍ബോളിക് ആസിഡ്‌ (130 മി.ലി) മൃദുവായ സോപ്പ് (Soft Soap) (1 കി. ഗ്രാം) എന്നിവചൂടുവെള്ളത്തില്‍ (3.7 ലി) കലര്‍ത്തി കുഴമ്പാക്കി തടിയിലെ ദ്വാരങ്ങളിലൂടെ ഒഴിച്ച ശേഷം ദ്വാരങ്ങള്‍ അടയ്ക്കണം. ദ്വാരങ്ങള്‍ ചെത്തി വലുതാക്കി അലൂമിനിയം ഫോസ്ഫൈഡ് ഗുളിക നിക്ഷേപിച്ചും തണ്ടുതുരപ്പനെ നിയന്ത്രിക്കാം. കായീച്ചയെ കെണികള്‍ ഉപയോഗിച്ച് ആകര്‍ഷിക്കാം. ഇതിന് 20 മില്ലീ മാലത്തയോണ്‍ എന്ന കീടനാശിനിയും 20 ഗ്രാം പഞ്ചസാരയും 10 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി മാവില്‍ നന്നായി തളിക്കണം.ന ഈ മരുന്ന് ലായനി കുടിക്കുന്ന ഈച്ചകള്‍ ചത്തൊടുങ്ങിക്കൊള്ളും. കൂടാതെ മാവിനുചുറ്റും കൊഴിഞ്ഞു വീഴുന്ന പഴങ്ങള്‍ കിടന്നു ചീയാന്‍ ഇടയാക്കാതെ അപ്പപ്പോള്‍ പെറുക്കിക്കളയുകയും വേണം. നാല് മരത്തിന് ഒന്ന് എന്ന തോതില്‍ തുളസിക്കെണി പൂക്കുന്നതു മുതല്‍ വിളവെടുപ്പുവരെ മാസത്തിലൊരിക്കല്‍ വെച്ചും കായീച്ചയെ നിയന്ത്രിക്കാം. 0.1% മാലത്തിയോണും 2% പഞ്ചസാരയും കലര്‍ത്തിയാണ് കെണി തയ്യാറാക്കേണ്ടത്. ഇലതീനിപ്പുഴുക്കളെ നശിപ്പിക്കുന്നതിന് 0.1% കാര്‍ബാറില്‍ തളിക്കുക. തളിര് തിന്നു നശിപ്പിക്കുന്ന പ്രാണികളെ നിയന്ത്രിക്കുന്നതിന് 0.1% കാര്‍ബാറിലോ 0.05% ഡൈമെത്തയേറ്റോ പ്രയോഗിക്കുക. ചൂര്‍ണ്ണപൂപ്പും ആന്ത്രക്നോസിനും എതിരെ ഗന്ധകപ്പൊടി വെള്ളത്തില്‍ കലക്കി തളിച്ചാല്‍ മതി. കൊമ്പുണക്കത്തിന്, ഉണങ്ങിയ കൊമ്പുകള്‍ മുറിച്ചുമാറ്റി മുറിപ്പാടില്‍ ബോര്‍ഡോ കുഴമ്പ് തേയ്ക്കുക.

മുകളിലേയ്ക്ക്

Admin Login

പകര്‍പ്പവകാശം ©2019. നിര്‍മ്മിച്ചതും നിലനിര്‍ത്തുന്നതും സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്, കേരള കാര്‍ഷിക സര്‍വ്വകലാശാല