ആമുഖം
കുറഞ്ഞത് 5 മണിക്കൂര്‍ സൂര്യപ്രകാശം ലഭിക്കുന്നതും ഉയര്‍ന്ന താപനില (30-32o
C) ഉള്ളതുമായ പ്രദേശങ്ങളിലാണ് എണ്ണപ്പന നന്നായി വളരുന്നത്. വര്‍ഷത്തില്‍ 200 സെ.മീറ്ററോ
അതില്‍ കൂടുതലോ മഴ കിട്ടുന്ന സ്ഥലങ്ങളിലും വിവിധ തരം മണ്ണിലും എണ്ണപ്പന വളര്‍ത്താം.
രണ്ടു മുതല്‍ നാലുമാസം വരെ വരള്‍ച്ചയുണ്ടായാലും അത് ചെറുത്തുനില്‍ക്കാന്‍ ഈ വിളയ്ക്ക്
കഴിയും. പൂര്‍ണ്ണവളര്‍ച്ചയെത്തിയ പനയ്ക്ക് വെള്ളക്കെട്ടിനെ ഒരു പരിധി വരെ അതി ജീവിക്കാന്‍
കഴിയുമെങ്കിലും സ്ഥിരമായി വെള്ളക്കെട്ടുള്ള പ്രദേശങ്ങളും കടുപ്പമുള്ള ചെങ്കല്‍മണ്ണും
മണല്‍ പ്രദേശങ്ങളും യോജിക്കില്ല.
ഇനങ്ങള്‍
ടെനീറ എന്ന സങ്കരയിനമാണ് (ഡ്യൂറXപിസിഫെറ) വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍
ശുപാര്‍ശ ചെയ്തിട്ടുള്ള ഏക ഇനം.
നഴ്സറിയിലെ കൃഷി മുറകള്‍
കുലയില്‍ നിന്നു വേര്‍പ്പെടുത്തിയ ശേഷം കായ്കളുടെ പുറംതോട് കത്തികൊണ്ടോ വെള്ളത്തില്‍
കുതിര്‍ത്തതിനു ശേഷമോ നീക്കം ചെയ്തു വിത്തെടുക്കാം. വിത്തു കോണ്‍ക്രീറ്റ് തറയിലോ പലകയിലോ
ഉണക്കാവുന്നതാണ്.
ഇങ്ങനെ ഉണക്കിയ വിത്തുകള്‍ 27oC ല്‍ 3-9 മാസം വരെ അങ്കുരണ ശേഷി നഷ്ടപ്പെടാതെ
സൂക്ഷിക്കാം.
വിത്ത് 5 ദിവസം വെള്ളത്തിലിട്ടു വയ്ക്കുക. ദിവസവും വെള്ളം മാറ്റണം. അതിനുശേഷം 24 മണിക്കൂര്‍
ഉണക്കുക. ഈ വിത്തുകള്‍ പ്ലാസ്റ്റിക് സഞ്ചിയിലാക്കി 40oC താപനിലയുള്ള ജര്‍മിനേറ്ററുകളില്‍
മുളയ്ക്കാന്‍ വയ്ക്കുക. 80 ദിവസത്തിനുശേഷം കവറില്‍ നിന്നെടുത്തു വീണ്ടും 5 ദിവസം വെള്ളത്തിലിട്ടതിനുശേഷം
(ദിവസവും വെള്ളം മാറ്റണം) രണ്ടു മണിക്കൂര്‍ നേരം തണലില്‍ ഉണക്കുക. ഈ വിത്ത് വീണ്ടും
സഞ്ചികളിലാക്കി ഈര്‍പ്പം നഷ്ടപ്പെടാത്തവിധം തണുപ്പുള്ള സ്ഥലത്ത് വയ്ക്കുക. പത്തുപന്ത്രണ്ടു
ദിവസത്തിനകം വിത്ത് മുളയ്ക്കും. ഈ രീതിയില്‍ 90-95 ശതമാനം വിത്തും മുളച്ചുകിട്ടും.
40*35 സെ. മീറ്റര്‍ വലിപ്പവും 400-500 ഗേയ്ജ് കനവും കഴിയുന്നതും കറുത്ത നിറമുള്ളതുമായ
പോളിത്തീന്‍ കൂടുകള്‍ വേണം കൂടത്തൈകള്‍ തയ്യാറാക്കുന്നതായി ഉപയോഗിക്കാന്‍. മേല്‍മണ്ണും,
കമ്പോസ്റ്റും ചേര്‍ത്ത മിശ്രിതം ഈ കവറുകളില്‍ നിറച്ച് 45*45 സെ. മീ. അകലത്തില്‍ നിരത്തിവയ്ക്കുക.
ഒരു കവറില്‍ ഒന്ന് എന്ന കണക്കില്‍ മുളച്ചു തുടങ്ങിയ വിത്തിടാം. വേനല്‍ക്കാലത്ത് പുതയിടണം.
ആഴ്ച്ചയില്‍ മൂന്നു തവണ നനയ്ക്കുകയും വേണം. പാക്യജനകം, ഭാവഹം എന്നിവ 15 ഗ്രാം വീതവും,
ക്ഷാരം 6 ഗ്രാമും അടങ്ങിയ മിശ്രിതം 5 ലിറ്റര്‍ വെള്ളത്തില്‍ 8 ഗ്രാം എന്ന തോതില്‍ കലര്‍ത്തി
രണ്ടും എട്ടും മാസം പ്രായമാകുമ്പോള്‍ തൈകള്‍ക്ക് നല്‍കണം. 100 തൈകള്‍ക്ക് 5 ലിറ്റര്‍
മിശ്രിതം മതിയാകും.
മുകളിലേക്ക്
നടീല്‍
ത്രികോണരീതിയില്‍ 9 മീറ്റര്‍ അകലത്തില്‍ നടുകയാണെങ്കില്‍ ഒരു ഹെക്ടറില്‍ 140 തൈകള്‍
വയ്ക്കാം. മെയ്-ജൂണില്‍ കാലവര്‍ഷാരംഭത്തോടെ നടണം. പോളിത്തീന്‍ കവര്‍ കീറികളഞ്ഞ് മണ്ണിളക്കാതെ
50*50*50 സെ. മീ. വലുപ്പമുള്ള കുഴികളില്‍ വേണം നടാന്‍.
വളപ്രയോഗം
ഒരു വര്‍ഷം ഒരു മരത്തിന് ആവശ്യമായ രാസവളത്തിന്‍റെ തോത് (ഗ്രാമില്‍)
|
പാക്യജനകം
|
ഭാവഹം
|
ക്ഷാരം
|
ഒന്നാംവര്‍ഷം
|
400
|
200
|
400
|
രണ്ടാം വര്‍ഷം
|
800
|
400
|
800
|
മൂന്നാം വര്‍ഷം മുതല്‍
|
1200
|
600
|
1200
|
മഗ്നീഷ്യത്തിന്‍റെ അഭാവം കൊണ്ടുള്ള ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ മാത്രമേ മെഗ്നീഷ്യം
നല്‍കേണ്ടതുള്ളൂ. രാസവളങ്ങള്‍ രണ്ടു തുല്യ ഗഡുക്കളായി മെയ് മാസത്തിലും സെപ്റ്റംബറിലും
ചേര്‍ക്കാം. രണ്ടു മീറ്റര്‍ ചുറ്റളവില്‍ എടുത്തിട്ടുള്ള തടങ്ങളില്‍ വളം വിതറി ചെറിയ
തോതില്‍ മണ്ണ് കൊത്തിയിളക്കണം. ജൈവാംശം കുറവുള്ള മണ്ണില്‍ പച്ചില വളമോ, കമ്പോസ്റ്റോ
ചേര്‍ക്കുന്നത് ഫലപ്രദമാണ്.
ഓലകോതല്‍
ഉണങ്ങിയതും രോഗം ബാധിച്ചതുമായ ഓലകളും നട്ട് മൂന്നു വര്‍ഷം വരെ ഉണ്ടാകുന്ന പൂങ്കുലകളും
വെട്ടിമാറ്റണം. കായ്കള്‍ തുടങ്ങിയാല്‍ മണ്ടയില്‍ 40 ഓലകള്‍ ഉണ്ടാകത്തക്കവിധം വേണം ഓലവെട്ടാന്‍.
വിളവെടുക്കുന്ന സമയത്തും കുറച്ചോലകള്‍ വെട്ടിമാറ്റേണ്ടതായിവരും. ക്രമത്തിനേ പാടുള്ളൂ
എന്നു മാത്രം. ഉണങ്ങിയ ഇലകള്‍ കൊല്ലത്തില്‍ ഒരു തവണ വെട്ടി മാറ്റി മണ്ട വൃത്തിയാക്കണം.
വേനല്‍ക്കാലത്ത് ഇത് ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്.
മുകളിലേക്ക്
പരാഗണം
പരപരാഗണം നടക്കുന്ന വിളയാണ് എണ്ണപ്പന. എല്ലാ പെണ്‍പൂക്കളിലും പരാഗണം നടന്നുവെന്നുറപ്പാക്കുന്നതിന്
കൃത്രിമ പരാഗണം നടത്താറുണ്ട്. പരാഗണത്തിനു സഹായിക്കുന്ന വണ്ടിനെ (Elaedobius camerunicus)
തോട്ടത്തില്‍ വിടുന്നത് സ്വാഭാവിക പരാഗണത്തിന് സഹായകമാകും. പൂക്കള്‍ വിരിയുന്ന സമയത്ത്
ഈ വണ്ടുകള്‍ ആണ്‍ പൂങ്കുലയില്‍ കൂട്ടം കൂടി പെരുകുകയും പിന്നീട് പെണ്‍പൂക്കളിലും പറന്നെത്തുന്നതിലൂടെ
പരാഗണം ഫലപ്രദമാകുകയും ചെയ്യും.
വിളവെടുപ്പ്
നട്ട്, മൂന്നര-നാല് വര്‍ഷത്തിനുശേഷം ആദ്യ വിളവെടുപ്പ് നടത്താം. പാകമായ പഴങ്ങള്‍ ഉതിര്‍ന്നു
വീഴാന്‍ തുടങ്ങുന്നത് വിളവെടുപ്പിന് സമയമായി എന്ന് സൂചിപ്പിക്കുന്നു. കൂടുതല്‍ വിളഞ്ഞുപോയ
കായ്കളില്‍ നിന്നും ലഭിക്കുന്ന എണ്ണയുടെ അളവും ഗുണവും കുറയും. ചെറിയ മരങ്ങളില്‍ നിന്നും
ഉളികൊണ്ട് കുലയുടെ കട മുറിച്ച് കുല വലിച്ചെടുക്കുന്നതാണ് പതിവ്. കുറേകൂടി ഉയരം വെയ്ക്കുമ്പോള്‍
(10 വര്‍ഷം മുതല്‍) അരിവാള്‍ത്തോട്ടി ഉപയോഗിച്ചാണ് കുല വെട്ടുന്നത്. എന്നാല്‍ വളരെ
ഉയരത്തിലുള്ള പനയില്‍ കയറി കുല വെട്ടിയെടുക്കേണ്ടി വരും.
സസ്യസംരക്ഷണം
കീടങ്ങള്‍
കൊമ്പന്‍ച്ചെല്ലി:- പ്രധാന തണ്ടിന്റെ
മൃദുകോശങ്ങള്‍ തിന്നു നശിപ്പിക്കുന്നതു വഴി കൂമ്പിനും, തളിരിനും, മറ്റ് ഓലകള്‍ക്കും
കടുത്ത നാശമുണ്ടാക്കുന്ന ഒരു കീടമാണിത്. തോട്ടം വൃത്തിയാക്കി ചെല്ലി പെരുകാന്‍ സാധ്യതയുള്ള
സ്ഥലങ്ങള്‍ ഒഴിവാക്കുക എന്നതാണ് നിയന്ത്രണത്തിന് അത്യാവശ്യമായ സംഗതി. ഒരു പ്രത്യേകതരം
വൈറസിനെ (Baculovirus oryctes) ക്കൊണ്ടും ഈ കീടത്തെ നിയന്ത്രിക്കാന്‍ കഴിയും.
ചെമ്പന്‍ചെല്ലി:- എണ്ണപ്പനയുടെ
പ്രധാന കീടമാണ് ചെമ്പന്‍ചെല്ലി. ഓലവെട്ടിയതിനുശേഷം അവശേഷിക്കുന്ന ഞെട്ടിലോ മറ്റ് മുറിവുള്ള
ഭാഗങ്ങളിലോ ഇവ മുട്ടയിടും. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ ഉള്ളിലേയ്ക്ക് തുറന്ന്
മണ്ടയിലെത്തി മൃദുവായ ഭാഗങ്ങള്‍ തിന്നുന്നു. കീടാക്രമണമുള്ള പനകള്‍ വാടുകയും മഞ്ഞളിപ്പിന്‍റെ
ലക്ഷണങ്ങള്‍ കാണിക്കുകയും ശക്തിയായ കാറ്റില്‍ ഓലകള്‍ ഒടിയുകയും ചെയ്യും. ആദ്യഘട്ടത്തില്‍ത്തന്നെ
കീടാക്രമണം കണ്ടെത്താന്‍ സാധിച്ചാല്‍ .2% വീര്യമുള്ള കാര്‍ബാറില്‍ ഉപയോഗിച്ച് ഫലപ്രദമായി
നിയന്ത്രിക്കാം.
പക്ഷികള്‍:- കാക്കകളും, നാടന്‍
മൈനകളുമാണ് പനങ്കുലയ്ക്ക് നാശം വരുത്തുന്നത്. ഇവ കായ്കളുടെ പുറംഭാഗം ഭക്ഷിക്കും. കായ്
പിടിച്ച് 150 ദിവസം കഴിയുമ്പോള്‍ വലകൊണ്ട് കുല മൂടുന്നത് ഇവയുടെ ആക്രമണം മൂലമുണ്ടാകുന്ന
നഷ്ടം കുറയ്ക്കുന്നതിന് സഹായിക്കും. പക്ഷികളെ വിരട്ടി ഓടിക്കുകയും ചെയ്യും.
മുകളിലേക്ക്
രോഗങ്ങള്‍
തവാരണയില്‍ കാണുന്ന ഒരു രോഗമാണ് ആന്ത്രക്നോസ്. തവിട്ടു മുതല്‍ കറുപ്പുവരെയുള്ള നിറത്തില്‍
ചുറ്റും മഞ്ഞ വൃത്താകൃതിയോടു കൂടിയുള്ള പാടുകള്‍ ഇലകളുടെ നടുവിലും അരികിലും കാണുന്നു.
തുടര്‍ന്ന് തൈകള്‍ ചീയ്യുന്നു. മാങ്കോസെബോ, ക്യാപ്റ്റാനോ 200 ഗ്രാം 100 ലിറ്റര്‍ വെള്ളത്തില്‍
കലര്‍ത്തി തളിക്കുന്നത് രോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ചെമ്പ് അടങ്ങിയിട്ടുള്ള
കുമിള്‍ നാശിനികള്‍ ഉപയോഗിക്കാന്‍ പാടില്ല. കാരണം തുരിശ് കൊണ്ട് തൈകള്‍ക്ക് പൊള്ളലേല്‍ക്കാന്‍
സാധ്യതയുണ്ട്.
എല്ലാ പ്രായത്തിലുമുള്ള പനകളെയും ബാധിക്കുന്ന ഒരു രോഗമാണ് കൂമ്പുചീയ്യല്‍. ഏറ്റവും
ഉള്ളിലുള്ള ഓലകളുടെ അറ്റത്തുനിന്ന് മഞ്ഞളിപ്പ് തുടങ്ങും. രോഗം മൂര്‍ച്ചിക്കുന്നതോടെ
കൂമ്പ് ചീയുകയും പുതിയ ഇലകള്‍ കുറ്റിച്ചു പോകുകയും ക്രമേണ അഴുകുകയും ചെയ്യും. പൊതുവേയുള്ള
ആരോഗ്യവും ഉല്പാദനവും കുറഞ്ഞ് ഇല മഞ്ഞളിക്കാതെ തന്നെ കൂമ്പ് ചീയുന്നതും കാണാം. ഓലക്കാലുകളുടെ
അരികില്‍ക്കൂടി മഞ്ഞളിപ്പുണ്ടാകുന്നതും ഓലകള്‍ പെട്ടെന്ന് ഉണങ്ങിപ്പോകുന്നതും മറ്റു
ലക്ഷണങ്ങളാണ്. രോഗം പടരാതിരിക്കുന്നതിന് രോഗബാധിതമായ മരങ്ങള്‍ വേരോടെ പിഴുത് മാറ്റി
നശിപ്പിക്കണം. ആദ്യഘട്ടത്തില്‍ തന്നെ രോഗബാധ കണ്ടെത്തിയാല്‍ ആക്രമണവിധേയമായ ഓലകള്‍
വെട്ടിമാറ്റി തീയിട്ട് നശിപ്പിക്കുന്നത് രോഗം പടരാതിരിക്കുന്നതിന് സഹായിക്കും.
കുറച്ചു മാത്രം കായ്കള്‍ ഉണ്ടാകുകയോ ഒട്ടും കായ്കള്‍ ഉണ്ടാകാതിരിക്കുകയോ ചെയ്യുന്നതും
പൂങ്കുല ഒന്നാകെ ചീഞ്ഞോ ഉണങ്ങിയോ നശിക്കുന്നതുമാണ് ഈ രോഗത്തിന്‍റെ ലക്ഷണം. കൂടുതല്‍
ഓലകള്‍ മുറിച്ച് മാറ്റുന്നതും അധികരിച്ച തണലും, വരള്‍ച്ചയും, വൃത്തിയില്ലാത്ത പരിതസ്ഥിതിയും
എല്ലാം ഈ രോഗത്തിന് കാരണമാകാം. ഉണങ്ങിയതും ചീഞ്ഞതുമായ കുലകള്‍, ഉണങ്ങിയ ആണ്‍കുലകള്‍
എന്നിവ നീക്കം ചെയ്ത് മരം വൃത്തിയാക്കിയത്തിനു ശേഷം പരാഗണം നടത്തിയാല്‍ ഇതിനു മാറ്റം
വരുത്താം.
സംസ്ക്കരണം
നാല്‍പതു ഹെക്ടറില്‍ കുറവുള്ള തോട്ടത്തിലെ പനങ്കുലകളില്‍ നിന്ന് എണ്ണ എടുക്കുന്നതിന്
കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഹൈഡ്രോളിക് പ്രസ്സ് മതിയാകും. വന്‍തോതില്‍ കൃഷിചെയ്യുന്ന
സ്ഥലങ്ങളില്‍ യന്ത്രവല്‍കൃത ഹൈഡ്രോളിക് പ്രസ്സ് വേണ്ടി വരും. ഫാക്ടറിയില്‍ കൊണ്ടുവന്നതിനു
ശേഷം കുലകള്‍ നാലാക്കി മുറിച്ച് ആവികൊള്ളിക്കുകയോ, തിളച്ച വെള്ളത്തില്‍ 30-60 മിനിറ്റ്
മുക്കി വെയ്ക്കുകയോ ചെയ്യുന്നു. ഇത് എണ്ണയിലുള്ള കൊഴുപ്പിനെ വിഘടിപ്പിക്കുന്ന എന്‍സൈമുകളെ
നിര്‍വീര്യമാക്കി ഫാറ്റി ആസിഡിന്‍റെ അളവ് കൂട്ടുന്നതിനും, ചതയ്ക്കുന്നതിന് സൗകര്യപ്പെടുന്ന
വിധത്തില്‍ പനങ്കുരു മൃദുവാക്കുന്നതിനും സഹായിക്കും. കുലയില്‍ നിന്നും വേര്‍പ്പെടുത്തിയത്തിനുശേഷം
കുരു ചതച്ച് വീണ്ടും ചൂടാക്കി ഹൈഡ്രോളിക് പ്രസ്സില്‍ പിഴിഞ്ഞെടുക്കുന്നു. ഇങ്ങനെ കിട്ടുന്ന
എണ്ണ ശുദ്ധീകരിക്കുന്നതിനായി വീണ്ടും തിളപ്പിക്കുകയും വെള്ളത്തിനു മുകളില്‍ തെളിയുന്ന
എണ്ണ ഊറ്റിയെടുക്കുകയും ചെയ്യുന്നു.
മുകളിലേക്ക്
|