ഞായര്‍ , നവംബര്‍ 24, 2024 Information Gateway on Agriculture to Convert "Know How To Do How" English
കൃഷി > കിഴങ്ങുവര്‍ഗ്ഗവിളകള്‍ > മധുരക്കിഴങ്ങ്

 

 

മണ്ണും കാലാവസ്ഥയും

ഒരു ഹ്രസ്വകാല കിഴങ്ങുവര്‍ഗ്ഗ വിളയായ മധുരക്കിഴങ്ങ് അന്തരീക്ഷ താപനില 22 ഡിഗ്രി സെന്റീഗ്രേഡ്‌ വരെയുള്ള സ്ഥലങ്ങളില്‍ കൃഷി ചെയ്യാം.കഠിനമായ തണുപ്പ് വിളവിനെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ സമുദ്രനിരപ്പില്‍ നിന്നും 1500 മുതല്‍ 1800 മീറ്റര്‍വരെ ഉയരമുള്ള ഇടങ്ങളില്‍ വേനല്‍ക്കാലത്ത് മാത്രമേ ഇവ കൃഷിചെയ്യാന്‍ പറ്റുകയുള്ളൂ. ഋതുബന്ധസ്വഭാവമുള്ള ഒരു വിളയാണിത്.  തെളിഞ്ഞ സൂര്യപ്രകാശമുള്ള പകലും തണുപ്പുള്ള രാത്രിയും ഉള്ള കാലാവസ്ഥയിലേ കിഴഞ്ഞുണ്ടാവുകയുള്ളൂ.  നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ഈ വിളയ്ക്ക്‌ അനുയോജ്യം. 

മഴയെ ആശ്രയിച്ചും (ജൂണ്‍ -ജൂലൈ,സെപ്റ്റംബര്‍-ഒക്ടോബര്‍) നനച്ചും (ഒക്ടോബര്‍-നവംബര്‍,ജനുവരി-ഫെബ്രുവരി) മധുരക്കിഴങ്ങ് കൃഷിചെയ്യാം.

ഇനങ്ങള്‍

H-41, H-42, ശ്രീനന്ദിനീ, ശ്രീവര്‍ദ്ധിനി, ശ്രീരത്ന,ശ്രീഭദ്ര,കാഞ്ഞങ്ങാട്‌,ശ്രീഅരുണ്‍, ശ്രീവരുണ്‍,ശ്രീകനക എന്നിവ ഉല്‍പ്പാദനശേഷി കൂടിയ പുതിയ ഇനങ്ങളാണ്. ഭദ്രകാളി ചുവല, കോട്ടയം ചുവല, ചിന്ന വെള്ള , ചക്കരവള്ളി, ആനക്കൊമ്പന്‍ തുടങ്ങിയവ സാധാരണയായി കൃഷിചെയ്യുന്ന നാടന്‍ ഇനങ്ങളാണ്.

മുകളിലേക്ക്

കൃഷിപ്പണികള്‍

നിലമൊരുക്കലും നടീലും

നിലം ഉഴുത്‌ നിരപ്പാക്കിയ ശേഷം 60 സെ.മീ. അകലത്തില്‍, 25 മുതല്‍ 35 സെ.മീ. വരെ ഉയരമുള്ള വാരങ്ങള്‍ എടുക്കുക.

നടാനുള്ള വള്ളിത്തലകള്‍ ഉണ്ടാക്കുന്നതിനായി കിഴങ്ങുകള്‍ തവാരണകളില്‍ നടുന്നു. ഒരു ഹെക്ടര്‍ സ്ഥലത്ത്‌ നടുന്നതിനാവശ്യമായ വള്ളിത്തലകള്‍ ലഭിക്കുന്നതിന് 100 ച. മീറ്റര്‍ സ്ഥലത്ത്‌ കിഴങ്ങുകള്‍ നടേണ്ടി വരും. ഇതിന് 80 കി.ഗ്രാം മധുരക്കിഴങ്ങ് ( ഓരോ കിഴങ്ങും 125 മുതല്‍ 150 ഗ്രാം ഭാരമുള്ളത് ) ആവശ്യമാണ്‌. ഇവ മധുരക്കിഴങ്ങ് ചെള്ളിന്റെ ആക്രമണം ഇല്ലാത്തവയായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കിഴങ്ങുകള്‍ നടാനായി 60 സെ.മീ. അകലത്തില്‍ വാരങ്ങളെടുക്കണം. ഇതില്‍ 35 – 45 സെ.മീ. അകലത്തില്‍ കിഴങ്ങ് നടാം. നട്ട് 15 ദിവസം കഴിയുമ്പോള്‍ 100 ച.മീറ്ററിന് ഒന്നര കി.ഗ്രാം എന്ന തോതില്‍ യൂറിയ ഇടണം. ആദ്യതവാരണയില്‍ ഉണ്ടാകുന്ന മുളകള്‍ രണ്ടാം തവാരണയിലേക്ക്‌ മാറ്റി നടണം. രണ്ടാം തവാരണയ്ക്ക് 500 ച. മീറ്റര്‍ സ്ഥലം വേണ്ടിവരും. 60 സെ.മീ. അകലത്തില്‍ വാരങ്ങള്‍ എടുത്ത്‌  മുളകള്‍ നടേണ്ടത് 25 സെ.മീ. അകലത്തില്‍ നടേണ്ടതാണ്. നട്ട് 15 ദിവസം കഴിയുമ്പോഴും, 30 ദിവസം കഴിയുമ്പോഴും രണ്ടര കി.ഗ്രാം യൂറിയ 100 ച. മീറ്ററിന് എന്ന തോതില്‍ ഇട്ട് കൊടുക്കുന്നത് വളര്‍ച്ചാനിരക്ക് കൂട്ടുന്നതിന് സഹായിക്കും.

കിഴങ്ങുകള്‍ കൂടാതെ, വിളവെടുത്ത ഉടനെയുള്ള വള്ളികള്‍ ഉപയോഗിച്ചും തവാരണകള്‍ ഉണ്ടാക്കി നടീല്‍വസ്തുക്കള്‍ ഉണ്ടാക്കാം. വള്ളികള്‍ നട്ട് ആദ്യത്തെ 10 ദിവസം ഒന്നിടവിട്ട ദിവസങ്ങളില്‍ നനച്ചുകൊടുക്കണം. പിന്നീട് 10 ദിവസത്തില്‍ ഒരിക്കല്‍ എന്ന ഇടവേളയില്‍ നനച്ചാല്‍ മതിയാകും. നട്ട് 45 ദിവസമാകുമ്പോള്‍ വള്ളികളുടെ തലപ്പുകള്‍ ( 20 മുതല്‍ 25 സെ.മീ. നീളത്തില്‍ ) എടുത്ത് പ്രധാന നിലത്തിലേയ്ക്ക് നടാം. വള്ളിയുടെ മുകളിലുള്ള ഭാഗമാണ് പ്രധാന നിലത്തില്‍ നടുവാന്‍ ഉത്തമം. പ്രധാന നിലത്തിന് 60 സെ.മീ. അകലത്തില്‍ എടുത്ത വാരങ്ങളില്‍ 15 മുതല്‍ 20 സെ.മീ. വരെ അകലത്തില്‍ വള്ളിത്തലപ്പുകള്‍ നടാം.

കൂനകള്‍ കൂട്ടിയും വള്ളിത്തലപ്പുകള്‍ നടാവുന്നതാണ്. ഇതിനായി 75 സെ.മീ. അകലത്തില്‍ കൂനകള്‍ എടുത്ത് ഓരോ കൂനയിലും മൂന്നുമുതല്‍ ആറു വരെ വള്ളിത്തലപ്പുകള്‍ നടാവുന്നതാണ്. നടുമ്പോള്‍ വള്ളികളുടെ മുറിഭാഗം മണ്ണിന് പുറത്തേക്ക് നില്‍ക്കുന്ന വിധത്തില്‍ ‘u’ ആകൃതിയില്‍ നടുന്നതാണ് നല്ലത്. നട്ടു കഴിഞ്ഞ ആദ്യ ദിവസങ്ങളില്‍ ആവശ്യത്തിന് വെള്ളം നിലത്തില്‍ ഉണ്ടായിരിക്കേണ്ടതാണ്.  വെള്ളം കെട്ടിക്കിടക്കുന്നത് വള്ളികള്‍ക്ക്  ദോഷം ചെയ്യും.

വളപ്രയോഗം

നിലമൊരുക്കുമ്പോള്‍ത്തന്നെ കാലിവളമോ കമ്പോസ്റ്റോ ഹെക്ടറൊന്നിന് 10 ടണ്‍ എന്ന തോതില്‍ ചേര്‍ക്കണം.

രാസവള ശുപാര്‍ശ:- പാക്യജനകം, ഭാവഹം, ക്ഷാരം ഇവ ഹെക്ടറിന് യഥാക്രമം 75:50:75 കി.ഗ്രാം എന്നാണ്. കുട്ടനാട്ടിലെ എക്കല്‍ മണ്ണ് പ്രദേശങ്ങളില്‍ ഇത് യഥാക്രമം 50:25:50 കി.ഗ്രാം വീതം മതിയാവും. പാക്യജനകവളങ്ങള്‍ രണ്ടു ഗഡുക്കളായി നല്‍കാം. ഭാവഹ – ക്ഷാര വളങ്ങള്‍ മുഴുവനും പാക്യജനകവളത്തിന്റെ പകുതിയും അടിവളമായി നല്‍കാം. ബാക്കി പാക്യജനകം നാലോ അഞ്ചോ ആഴ്ചകള്‍ക്ക് ശേഷം ഇട്ടാല്‍ മതി.

ജലസേചനം

മഴയെ ആശ്രയിച്ചല്ലാതെ കൃഷിചെയ്യുമ്പോള്‍ നട്ട് ആദ്യത്തെ 10 ദിവസം, രണ്ട് ദിവസത്തിലൊരിക്കലും, പിന്നീട് ഒരാഴ്ചയോ, 10 ദിവസമോ ഇടവിട്ടും നനയ്ക്കണം. മഴക്കാലത്ത് കൃഷി ചെയ്യുമ്പോഴും, മഴ തീരെ കുറവാണെങ്കില്‍ നനച്ചുകൊടുക്കേണ്ടത് ആവശ്യമാണ്. വിളവെടുപ്പിനു മൂന്നു ആഴ്ച മുന്‍പ്‌ ജലസേചനം നിര്‍ത്തണം. പക്ഷെ വിളവെടുക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഒരു നന കൊടുക്കുന്നത് കിഴങ്ങുകള്‍ എളുപ്പത്തില്‍ പറിച്ചെടുക്കാന്‍ സഹായിക്കും.

നനയ്ക്കുന്നതിനോടൊപ്പം തന്നെ പ്രാധാന്യമുള്ള സംഗതിയാണ് മണ്ണില്‍ അധികമുള്ള ജലാശം വാര്‍ത്ത് കളയുന്നതും. മഴക്കാലത്ത് ഇത് പ്രത്യേകം ശ്രദ്ധിക്കണം. വാരങ്ങളെടുത്ത് കൃഷിചെയ്യുന്ന രീതിയില്‍ വെള്ളക്കെട്ടുകൊണ്ടുള്ള ദോഷമുണ്ടാകയില്ല.

ഇടയിളക്കല്‍

സാധാരണ രണ്ടോ, മൂന്നോ പ്രാവശ്യം കളനിയന്ത്രണവും ഇടയിളക്കലും നടത്തേണ്ടിവരും. നട്ട് രണ്ടാഴ്ച കഴിഞ്ഞും അഞ്ച് ആഴ്ച കഴിഞ്ഞും ഇവ നടത്താം. കളനിയന്ത്രണം വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ മാത്രമേ വേണ്ടിവരികയുള്ളൂ. മണ്ണ് കൂട്ടിക്കൊടുക്കുന്നത് നല്ല വിളവ് ലഭിക്കുവാന്‍ അത്യന്താപേക്ഷിതമാണ്‌ .

വിളപരിക്രമം

ജലസേചനസൗകര്യമുള്ള സ്ഥലങ്ങളില്‍ രണ്ടാംവിള നെല്ലിന്ശേഷം ഡിസംബര്‍-ജനുവരി മാസങ്ങളില്‍ മധുരക്കിഴങ്ങ് കൃഷിചെയ്യാം. ഒരു മിത്രവിളയായി ചേമ്പ്, ചേന എന്നിവയ്ക്കൊപ്പവും ഇവ കൃഷിചെയ്യാവുന്നതാണ്. കൊഴിഞ്ഞില്‍, ചണമ്പ് എന്നിവ മധുരക്കിഴങ്ങിന് ശേഷം വിതച്ച് അടുത്ത കൃഷിക്ക്‌ മുമ്പായി ഉഴുതുചേര്‍ക്കുന്നത് മണ്ണിന്റെ ഫലപുഷ്ടി നിലനിര്‍ത്തുന്നതിന് സഹായിക്കും.

മുകളിലേക്ക്

സസ്യസംരക്ഷണം

സംയോജിത കീടനിയന്ത്രണം

മധുരക്കിഴങ്ങ് ചെള്ളിനെ നിയന്ത്രിക്കുന്നതിനായി താഴെപ്പറയുന്ന വിവിധ നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ സംയോജിപ്പിക്കേണ്ടാതുണ്ട്.

  1. ഈ കീടത്തിന്റെ ആക്രമണമുള്ള കൃഷിയിടങ്ങളില്‍ മുന്‍ വിളയുടെ അവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായും കൃഷിയിടത്തില്‍ നിന്നും നീക്കം ചെയ്യുക.
  2. കീടബാധയില്ലത്ത നല്ല വള്ളികള്‍ മാത്രം നടാന്‍ എടുക്കുക.
  3. നട്ട് 30 ദിവസത്തിനുശേഷം കമ്മ്യൂണിസ്റ്റ്‌പച്ചയുടെ ഇലകള്‍കൊണ്ട് പുതയിടുക. ഹെക്ടറൊന്നിന് മൂന്നു ടണ്‍ എന്നതോതില്‍ കമ്മ്യൂണിസ്റ്റ്‌പച്ചയുടെ ഇലകള്‍ ഇതിനായിഉപയോഗിക്കാം.
  4. നട്ട് 65 ദിവസമാകുമ്പോള്‍ ഫെന്‍തയോണ്‍, ഫെനിട്രോതയോണ്‍ ഇവയിലേതെങ്കിലുമൊന്ന് 0.05 ശതമാനം വീര്യത്തില്‍ മണ്ണുകുതിരുന്ന വിധത്തില്‍ ഒഴിച്ചുകൊടുക്കുക.
  5. നട്ട് 50 ദിവസം മുതല്‍ 80 ദിവസം വരെ മധുരക്കിഴങ്ങ് തന്നെ ചെറിയ കഷങ്ങളായി ( 100 ഗ്രാം തൂക്കം ) മുറിച്ച് കൃഷിയിടത്തില്‍ അവിടവിടെയായി, 5 മീറ്റര്‍ ഇടവിട്ട്‌ വയ്ക്കുക. പത്ത് ദിവസത്തെ ഇടവേളകളില്‍ ഇത്തരം കെണികള്‍ വച്ച് കീടത്തെ ആകര്‍ഷിച്ച് നശിപ്പിക്കുക.
  6. ഫിറമോണ്‍ കെണികള്‍ ഉപയോഗിച്ചും ഈ കീടത്തെ ആകര്‍ഷിച്ച് നശിപ്പിക്കാം.

വിളവെടുപ്പ്

സാധാരണയായി മൂന്നര-നാല് മാസം കൊണ്ട് വിളവെടുക്കാം. ഇനമനുസരിച്ച് വിളദൈര്‍ഘ്യത്തില്‍ വ്യത്യാസം വരാം. ഇലകള്‍ മഞ്ഞളിക്കുന്നത് വിളവെടുപ്പ് പാകത്തെ സൂചിപ്പിക്കുന്നു. കൂടാതെ കിഴങ്ങുകള്‍ മുറിച്ചുനോക്കിയും വിളവെടുപ്പ്‌ പാകം നിര്‍ണ്ണയിക്കാം. മൂപ്പ്‌ കുറവാണെങ്കില്‍ മുറിപ്പാടില്‍ പച്ചനിറം കാണാം.

മുകളിലേക്ക്

Admin Login

പകര്‍പ്പവകാശം ©2019. നിര്‍മ്മിച്ചതും നിലനിര്‍ത്തുന്നതും സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്, കേരള കാര്‍ഷിക സര്‍വ്വകലാശാല