വെള്ളി, ഡിസംബര്‍ 27, 2024 Information Gateway on Agriculture to Convert "Know How To Do How" English
കൃഷി > കിഴങ്ങുവര്‍ഗ്ഗവിളകള്‍ > മരച്ചീനി

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കിഴങ്ങുവര്‍ഗ്ഗവിളയാണ് മരച്ചീനി. കൊള്ളിക്കിഴങ്ങ്, പൂളക്കിഴങ്ങ്, മരച്ചീനി, ചീനി, കപ്പ, മരക്കിഴങ്ങ് എന്നിങ്ങനെ പല പേരുകളില്‍ ഇത് അറിയപ്പെടുന്നു.

മണ്ണും കാലാവസ്ഥയും

ശീതപാതവും കടുത്ത മഞ്ഞുമുണ്ടാകുന്ന പ്രദേശങ്ങളും വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളും ഇതിന്റെ കൃഷിക്ക് യോജിച്ചതല്ല. നല്ല ചൂടും സൂര്യപ്രകാശവും മരച്ചീനിയുടെ വളര്‍ച്ചയ്ക്കാവശ്യമാണ്. ജലസേചനസൗകര്യമുണ്ടെങ്കില്‍ മഴ തീരെ കുറവായ പ്രദേശങ്ങളിലും ഇത് കൃഷി ചെയ്യാം. വരള്‍ച്ചയെ ഒരു പരിധി വരെ ചെറുക്കാനുള്ള കഴിവ്‌ ഇതിനുണ്ട്. എങ്കിലും നാട്ടയുടനെ ആവശ്യത്തിന് ജലാംശം ആവശ്യമാണ്‌. ചരലടങ്ങിയ വെട്ടുകല്‍മണ്ണാണ് ഏറ്റവും അനുയോജ്യം. നദീതീരങ്ങള്‍, മലയോരങ്ങള്‍, താഴ്വരകള്‍, വെള്ളം കെട്ടിനില്‍ക്കാത്ത തരിശ്ശുനിലങ്ങള്‍ തുടങ്ങി തുറസ്സായ എല്ലാ സ്ഥലങ്ങളിലും മരച്ചീനി കൃഷി ചെയ്യാം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വെട്ടുകല്‍മണ്ണ്, തീരപ്രദേശത്തുള്ള മണല്‍ മണ്ണ്, തിരുവനന്തപുരം ജില്ലയില്‍ കണ്ടു വരുന്ന ചെമ്മണ്ണ് ഇവയിലെല്ലാം മരച്ചീനി നന്നായി വളരുന്നു. *മരച്ചീനി കൃഷി മണ്ണൊലിപ്പിന്റെ ആക്കം കൂട്ടുമെന്നുള്ളതിനാല്‍ ചരിവുള്ളിടങ്ങളില്‍ കൃഷി ചെയ്യുമ്പോള്‍ ശരിയായ മണ്ണ് സംരക്ഷണ നടപടികള്‍ എടുക്കേണ്ടതാണ്. മണ്ണില്‍ നിന്നും പോഷകമൂലകങ്ങള്‍ വളരെയധികം നീക്കം ചെയ്യുന്ന ഒരു വിളയായതുകൊണ്ട് തുടര്‍ച്ചയായ ഒരേ സ്ഥലത്ത് കൃഷിയിറക്കുന്നത് അഭികാമ്യമല്ല.

ഇനങ്ങള്‍

പേര് പ്രത്യേകതകള്‍ മൂപ്പ് അന്നജം (%)
H 97 മൊസൈക്ക് രോഗത്തിനെതിരെ പ്രതിരോധ ശേഷിയുള്ളത് 10 മാസം(16 മാസം വരെ പോലും വിളവെടുപ്പ് ദീര്‍ഘിപ്പിക്കാം) 30
H 165 മൊസൈക്ക് രോഗത്തിനെതിരെ പ്രതിരോധ ശേഷിയുള്ളത്.
വാട്ട രോഗത്തിന് എളുപ്പം വിധേയമാകും.
8 മാസം 24.5
H 226 മൊസൈക്ക് രോഗത്തിന് എളുപ്പം വിധേയമാകും 10 മാസം 29
M 4 സ്വാദേറിയ ഇനം 10 മാസം 29
ശ്രീവിശാഖം മൊസൈക്ക് രോഗത്തെ ചെറുത്തുനില്ക്കും. തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി കൃഷി ചെയ്യാന്‍ യോജിച്ചത് 10 മാസം 26
ശ്രീസഹ്യ മൊസൈക്ക് രോഗത്തെ ചെറുത്തു നില്‍ക്കും 10 മാസം 30
ശ്രീപ്രകാശ്‌ - 7 മാസം -
കല്പക തെങ്ങിന്‍തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാം 6 മാസം -
ശ്രീജയ നല്ല സ്വാദുള്ള ഇനം. 7 മാസം 24-27
ശ്രീവിജയ നല്ല സ്വാദുള്ള ഇനം. 6-7 മാസം 27-30
ശ്രീഹര്‍ഷ അന്നജം കൂടുതലുള്ളതുകൊണ്ട് ഉണക്കക്കപ്പ ഉണ്ടാക്കാന്‍ അനുയോജ്യം 10 മാസം 34-36
നിധി വരള്‍ച്ചയെ അതിജീവിക്കും. മൊസേക്ക് രോഗം കുറവായിരിക്കും. 5.5-6 മാസം 26.8
വെള്ളായണി ഹ്രസ്വ രുചിയുള്ള ഇനം. വരള്‍ച്ചയെ അതിജീവിക്കില്ല. 5-6 മാസം 27.8
ശ്രീരേഖ സങ്കരയിനം. നല്ല രുചിയുള്ള ഇനം. 10 മാസം 28.2
ശ്രീപ്രഭ സങ്കരയിനം. നല്ല രുചിയുള്ള ഇനം. 10 മാസം 26.8

മുകളിലേക്ക്

നടീല്‍

വിളവെടുത്തതിനുശേഷം നടാനുള്ള തണ്ടുകള്‍ തണലുള്ള സ്ഥലത്ത് കുത്തനെ ചാരിവെക്കണം. *ഈ തണ്ടുകളുടെ തലഭാഗത്തുനിന്നും 30 സെന്റീമീറ്ററും കടഭാഗത്തുനിന്നും 10 സെന്റീമീറ്ററും നീളം ഒഴിവാക്കി 15-20 സെന്റീമീറ്റര്‍ നീളമുള്ള കമ്പുകളാക്കി മുറിക്കുക. ഒരു ഹെക്ടറില്‍ നടാന്‍ ഇത്തരം 2000 കമ്പുകള്‍ വേണ്ടിവരും.  രോഗ-കീട ബാധ ഇല്ലാത്ത തണ്ടുകള്‍ ആയിരിക്കണം ഉപയോഗിക്കേണ്ടത്.

( ശല്‍ക്കകീടങ്ങളുടെ ആക്രമണത്തിനെതിരെ 0.05% വീര്യത്തില്‍ ഡൈമെത്തോയേറ്റ് തളിക്കാം )

നടീല്‍ സമയം

പ്രധാന നടീല്‍ സമയം

ഏപ്രില്‍ - മെയ്‌/സെപ്റ്റംബര്‍ - ഒക്ടോബര്‍

ഫെബ്രുവരി – ഏപ്രില്‍ - നനയുള്ള സ്ഥലങ്ങളില്‍

ഏപ്രില്‍ - മെയ്‌ മാസങ്ങളില്‍ നടുന്നത് നല്ല വിളവുകിട്ടാന്‍ സഹായിക്കും.

സ്ഥലത്തിന്റെ കിടപ്പനുസരിച്ച് വരമ്പുകളിലോ കൂനകളിലോ കമ്പുകള്‍ നടാം. കമ്പുകളുടെ അടിവശം ചെത്തിമിനുസപ്പെടുത്തിയ ശേഷം 90 x 90 സെ.മീ അകലത്തില്‍ 4 – 6 സെ.മീ ആഴത്തില്‍ നടാം . M-4 പോലെയുള്ള ശാഖകളില്ലാത്ത ഇനങ്ങള്‍ 75 x 75 സെ.മീ. അകലത്തില്‍ നടാവുന്നതാണ്.

നട്ട് പതിനഞ്ച് ദിവസം കഴിഞ്ഞാല്‍ മുളയ്ക്കാത്ത കമ്പുകള്‍ക്ക് പകരം പുതിയവ നടാം. ഇവയ്ക്ക് 40 സെ.മീ. വരെ നീളമാകാം.

വളപ്രയോഗം

നിലമൊരുക്കുമ്പോള്‍ അടിവളമായി ഹെക്ടറൊന്നിന് 12.5 ടണ്‍ കമ്പോസ്റ്റോ കാലിവളമോ ചേര്‍ക്കണം. രാസവളങ്ങള്‍ താഴെ പറയുന്ന തോതില്‍ ചേര്‍ക്കാം.

ഇനം വളത്തിന്റെ തോത്
പാക്യജനകം:ഭാവഹം:ക്ഷാരം
H – 97, H - 266 75 : 75: 75
H – 165, ശ്രീവിശാഖം,ശ്രീസഹ്യ 100 : 100 : 100
M – 4, പ്രാദേശിക ഇനങ്ങള്‍ 50 : 50 : 50
ഉല്‍പ്പാദനശേഷി കൂടിയ ഇനങ്ങള്‍ തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി കൃഷി ചെയ്യുമ്പോള്‍ 50 : 50 : 100

പാക്യജനകം,ക്ഷാരം ഇവ മൂന്നു തുല്യ തവണകളായി നിലമൊരുക്കുമ്പോഴും, നട്ട് രണ്ടാം മാസത്തിലും മൂന്നാം മാസത്തിലും നല്‍കാം. ഭാവഹം മുഴുവന്‍ അടിവളമായി നല്‍കാവുന്നതാണ്. തുടര്‍ച്ചയായി രാസവളപ്രയോഗം നടത്തുന്ന സ്ഥലങ്ങളില്‍ ഭാവഹത്തിന്റെ അളവ് ശുപാര്‍ശ ചെയ്തതിന്റെ പകുതിമതിയാകും. കേരളത്തിലെ പുളിരസമുള്ള മണ്ണില്‍ ശുപാര്‍ശ ചെയ്തിട്ടുള്ള പൊട്ടാഷിന്റെ 50% സോഡിയം ലവണമായി നല്‍കിയാല്‍ മതി. ഇതിനായി കറിയുപ്പ് ഉപയോഗിക്കാം.

ആഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളില്‍ നടുമ്പോള്‍ രാസവളപ്രയോഗം രണ്ടു തവണയായി ചചുരുക്കാം. പാക്യജനക വളങ്ങള്‍ കൂടിയ തോതില്‍ പ്രയോഗിക്കുന്നത് കിഴങ്ങിലെ ഹൈഡ്രോസയനിക് ആസിഡിന്റെ അളവ് കൂടുന്നതിന് ഇടയാക്കും.

കുറിപ്പ് : തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി ശ്രീവിശാഖം കൃഷി ചെയ്യുമ്പോള്‍ ഹെക്ടറിന് 50:50:100 എന്ന അനുപാതത്തില്‍ വേണം രാസവളം ചേര്‍ക്കാന്‍.

മുകളിലേക്ക്

കൃഷിപ്പണികള്‍

കളനിയന്ത്രണം സമയാസമയങ്ങളില്‍ നടത്തണം. ചുരുങ്ങിയത് രണ്ടുമൂന്നു തവണയെങ്കിലും ഇടയിളക്കേണ്ടിവരും. 90 ദിവസത്തിനുശേഷം മണ്ണുകൂട്ടികൊടുക്കുകയും വേണം. മുകളിലേക്കുള്ള രണ്ടു ശാഖകള്‍ മാത്രം വളരുന്നതിനായി ബാക്കിയുള്ള മുകുളങ്ങള്‍ അപ്പപ്പോള്‍ നീക്കം ചെയ്യണം.

ജലസേചനം

കൃത്യമായ ജലസേചനം കൊണ്ട് വിളവ് 150 – 200 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. വേനല്‍ക്കാലത്ത് മാസത്തിലൊരിക്കല്‍ ഒരുതവണ വീതം നനയ്ക്കുന്നതാണ് നല്ലതാണ്.

മരച്ചീനിയിലെ ഇടവിളകൃഷി

മരച്ചീനിക്ക് ഏറ്റവും യോജിച്ച ഒരു ഇടവിളയാണ് നിലക്കടല. നിലക്കടലയിനങ്ങളായ TMV – 2,TMV – 7,TG – 3,TG – 14, സ്പാനിഷ് ഇംപ്രൂവ്ഡ് ഇവ ഇടവിളയായി കൃഷിചെയ്യാവുന്നതാണ്. 90 x 90 സെ.മീ. അകലത്തില്‍ മരച്ചീനി നട്ടയുടനെ 80 x 20 സെ.മീ. അകലത്തില്‍ രണ്ടുവരി നിലക്കടല പാകാവുന്നതാണ്. മെയ്‌, ജൂണ്‍ മാസങ്ങളാണ് നിലക്കടല പാകാന്‍ ഏറ്റവും യോജിച്ച സമയം. ഒരു ഹെക്ടര്‍ സ്ഥലത്ത് 40 മുതല്‍ 50 കിലോഗ്രാം വരെ നിലക്കടല വിത്ത്‌ വേണ്ടിവരും.

നിലമൊരുക്കുമ്പോള്‍ ഹെക്ടറൊന്നിന് 1 ടണ്‍ എന്ന തോതില്‍ കുമ്മായം ചേര്‍ക്കണം. പാക്യജനകം : ഭാവഹം : ക്ഷാരം ഇവ ഹെക്ടറിന് 50:100:50 കിലോഗ്രാം എന്ന തോതില്‍ രണ്ടുവിളകള്‍ക്കും കൂടി നല്‍കാം. നിലക്കടല വിതച്ച് ഒരു മാസം കഴിയുമ്പോള്‍ 10:20:20 കിലോഗ്രാം/ഹെക്ടറിന് എന്ന തോതില്‍ രാസവളം നിലക്കടലക്ക് മാത്രം ചേര്‍ക്കേണ്ടിവരും. നിലക്കടല പൂവിട്ടുതുടങ്ങിയാല്‍പ്പിന്നെ മണ്ണിളക്കരുത്. ഏതാണ്ട് 105 – 110 ദിവസം കൊണ്ട് നിലക്കടല വിളവെടുക്കണം. അതിനുശേഷം ഹെക്ടറൊന്നിന് 50 കിലോഗ്രാം വീതം പാക്യജനകം : ക്ഷാരം ഇവ മരച്ചീനിക്ക് മേല്‍വളമായി നല്‍കണം. ഇടവിളക്കൃഷി കൊണ്ട് 20 – 25% അധികവരുമാനം ലഭിക്കും.

മണല്‍ പ്രദേശങ്ങളില്‍ മരച്ചീനിക്ക് ഇടവിളയായി പയര്‍, ഉഴുന്ന്, ചെറുപയര്‍, നിലക്കടല എന്നിവ കൃഷി ചെയ്യാം. മരച്ചീനിക്കൊപ്പം കൃഷി ചെയ്യാന്‍ പറ്റിയ ഒരിനമാണ് V – 26 എന്ന പയറിനം.

മുകളിലേക്ക്

രോഗങ്ങളും കീടങ്ങളും

മൊസേക്ക് രോഗം

വൈറസ്‌ മൂലമുണ്ടാകുന്ന ഈ രോഗം പരത്തുന്നത് വെള്ളീച്ചകളാണ് ( ബെമിസിയ സ്പീഷിസ് ). രോഗബാധക്കെതിരെ താഴെ പറയുന്ന നിയന്ത്രണനടപടികള്‍ എടുക്കേണ്ടതാണ്:

  1. രോഗവിമുക്തമായ കമ്പുകള്‍ മാത്രം നടാന്‍ ഉപയോഗിക്കുക. ഇതിനായി സെപ്റ്റംബര്‍-ഡിസംബര്‍ മാസങ്ങളില്‍ത്തന്നെ ആരോഗ്യമുള്ള ചെടികള്‍ കണ്ടുവെക്കണം.
  2. രോഗപ്രതിരോധശേഷിയുള്ള ഇനങ്ങള്‍ കൃഷിക്കുപയോഗിക്കുക. ഉദാഹരണം : H – 97

രോഗവിമുക്തമായ നടീല്‍വസ്തുക്കളുടെ ഉത്പാദനം

മൂന്നു നാലു മുട്ടുകള്‍ വീതമുള്ള കമ്പുകള്‍ തവാരണകളില്‍ വളരെ അടുത്തായി നടുക. ഇവയില്‍ നിന്നും രോഗബാധയുള്ളവ നീക്കം ചെയ്തശേഷം പ്രധാന നിലത്തിലേക്ക് നടാനുള്ള തണ്ടുകള്‍ വൈറസ്‌ ബാധയില്ലാത്തതാണെന്ന് ഉറപ്പുവരുത്താം. ഇതിനായുള്ള തവാരണയില്‍ കമ്പുകള്‍ തമ്മില്‍ 4 സെ.മീ. x 4 സെ.മീ. അകലം മതിയാവും. ഒരു ച. മീ. സ്ഥലത്ത്‌ ഇപ്രകാരം 500 കമ്പുകള്‍ വരെ നടാം. നട്ട് ആദ്യത്തെ 10 ദിവസവും പിന്നീട് ഒന്നിടവിട്ട ദിവസങ്ങളിലും നനച്ച് കൊടുക്കണം. നട്ട് 20 – 25 ദിവസത്തിനുശേഷം രോഗബാധയില്ലാത്ത കമ്പുകള്‍ പ്രധാന സ്ഥലത്തേക്ക്‌ പറിച്ചുനടാം. നട്ട ഉടനെ നന ആവശ്യമാണ്‌. ആഴ്ചയില്‍ ഒരിക്കലെങ്കിലും നിരീക്ഷണം നടത്തി രോഗബാധയുള്ള ചെടികള്‍ കണ്ടുപിടിച്ച് നീക്കം ചെയ്യേണ്ടതാണ്.

ഇലപ്പുള്ളി രോഗം

ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം, സിറാം അല്ലെങ്കില്‍ സിനെബ്‌ 0.2% എന്നിവ തളിച്ച് കൊടുത്ത് ഈ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാം.

ബാക്ടീരിയല്‍ ഇലകരിച്ചില്‍

രോഗപ്രതിരോധശേഷിയുള്ള ഇനങ്ങള്‍ കൃഷി ചെയ്യുക വഴി ഈ രോഗം തടയാം. ഉത്പാദനശേഷി കൂടിയ ഇനങ്ങളായ H - 97, H – 226, H – 1687, H – 2304 തുടങ്ങിയവയും പ്രാദേശിക ഇനങ്ങളായ M – 4, പാലുവെള്ള, പിച്ചിവെള്ള തുടങ്ങിയവയും ഈ രോഗത്തിനെതിരെ ഒരു പരിധിവരെ പ്രതിരോധശേഷിയുള്ള ഇനങ്ങളാണ്.

ചുവന്ന മണ്ടരികളും ശല്‍ക്കകീടങ്ങളും

മരച്ചീനി കൃഷിയില്‍ ഒരു പ്രശ്നമാകാറുള്ള ചുവന്ന മണ്ടരിയെ നിയന്ത്രിക്കുന്നതിന് 10 ദിവസം ഇടവിട്ട്‌ വെള്ളം സ്പ്രേ ചെയ്‌താല്‍ മതിയാകും. കടുത്ത ആക്രമണമുണ്ടെങ്കില്‍ 0.05% ഡൈമെത്തോയേറ്റോ മീഥേല്‍ ഡെമെറ്റോണോ ഓരോ മാസം കൂടുമ്പോള്‍ തളിച്ച് കൊടുക്കുക. സംഭരിച്ചു വെച്ചിട്ടുള്ള മരച്ചീനി തണ്ടുകളെ ആക്രമിക്കുന്ന ശല്‍കകീടങ്ങളെ നിയന്ത്രിക്കുന്നതിന് ഒരു മുന്‍കരുതല്‍ എന്ന നിലക്ക് 0.05% ഡൈമെത്തോയേറ്റ് തളിച്ചാല്‍ മതിയാകും.

രോഗവിമുക്തമായ നടീല്‍വസ്തുക്കളുടെ ഉത്പാദനം

മൂന്നു നാലു മുട്ടുകള്‍ വീതമുള്ള കമ്പുകള്‍ തവാരണകളില്‍ വളരെ അടുത്തടുത്തായി നടുക. ഇവയില്‍നിന്നും രോഗബാധയുള്ളവ നീക്കം ചെയ്തശേഷം പ്രധാന നിലത്തേക്ക് നടാനുള്ള തണ്ടുകള്‍ വൈറസ്‌ ബാധയില്ലാത്തതാണെന്ന് ഉറപ്പു വരുത്താം. ഇതിനായുള്ള തവാരണയില്‍ കമ്പുകള്‍ തമ്മില്‍ 4 സെ.മീ. അകലം മതിയാവും. ഒരു ചതുരശ്രമീറ്റര്‍ സ്ഥലത്ത് ഇപ്രകാരം 500 കമ്പുകള്‍ വരെ നടാം. നട്ട് ആദ്യത്തെ 10 ദിവസവും പിന്നീട് ഒന്നിടവിട്ട ദിവസങ്ങളിലും നനച്ചു കൊടുക്കണം. നട്ട് 20 – 25 ദിവസത്തിനുശേഷം രോഗബാധയില്ലാത്ത കമ്പുകള്‍ പ്രധാന നിലത്തേയ്ക്ക് പറിച്ചു നടാം. നട്ട ഉടനെ നന ആവശ്യമാണ്. ആഴ്ചയില്‍ ഒരിക്കലെങ്കിലും നിരീക്ഷണം നടത്തി രോഗബാധയുള്ള ചെടികള്‍ കണ്ടുപിടിച്ച് നീക്കം ചെയ്യേണ്ടതാണ്.

ചിതല്‍

കമ്പുകള്‍ നടുന്നതിനു മുന്‍പ് 10% കാര്‍ബാറിലോ ക്ലോര്‍പൈറിഫോസോ കൂനകളില്‍ വിതറികൊടുക്കുക

വിളവെടുപ്പ്‌

ഉല്‍പാദനശേഷി കൂടിയ ഇനങ്ങള്‍ ഹെക്ടറിന് 40 – 50 ടണ്‍ വരെ വിളവ് തരും. പ്രാദേശിക ഇനങ്ങളില്‍ നിന്നും 12 മുതല്‍ 14 വരെ ടണ്‍ വിളവ് ലഭിക്കും.

സംസ്ക്കരിച്ച കപ്പയിലെ കീടനിയന്ത്രണം

ചിപ്സുകളാക്കിയ പച്ചകപ്പ മൂന്നു ശതമാനം പൊടിയുപ്പുമായി കലര്‍ത്തിയ ശേഷം നല്ലപോലെ വെയിലത്തുണക്കി സൂക്ഷിച്ചുവെച്ചാല്‍ കീടശല്യം ഒഴിവാക്കാം.

മുകളിലേക്ക്

Admin Login

പകര്‍പ്പവകാശം ©2019. നിര്‍മ്മിച്ചതും നിലനിര്‍ത്തുന്നതും സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്, കേരള കാര്‍ഷിക സര്‍വ്വകലാശാല