ബുധന്‍ , ഡിസംബര്‍ 25, 2024 Information Gateway on Agriculture to Convert "Know How To Do How" English
കൃഷി > ഫലവര്‍ഗ്ഗ വിളകള്‍ > കൈതച്ചക്ക

കൃഷിരീതി-ക്യു

വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നതിന് ഏറ്റവും യോജിച്ച ഇനമാണിത്.

നിലമൊരുക്കലും നടീലും

ഉഴുതോ കിളച്ചോ മണ്ണിളക്കിയതിനുശേഷം നിലം നിരപ്പാക്കുക. 90 സെ.മീ. വീതിയിലും 15-30 സെ.മീ. ആഴത്തിലും സൗകര്യപ്രദമായ നീളത്തിലും ചാലുകള്‍ എടുക്കുക. 165 സെ.മീ. ഇടവിട്ട് ചാലുകള്‍ എടുക്കണം.

500 മുതല്‍ 1000 ഗ്രാം വരെ തൂക്കമുള്ള ഒരേ പോലെയുള്ള കന്നുകളാണ് നടീല്‍ വസ്തുക്കളാക്കാന്‍ ഏറ്റവും യോജിച്ചതെന്നാണ് സര്‍വ്വകാലാശാല ശുപാര്‍ശചെയ്തിരിക്കുന്നത്. തള്ളച്ചെടികളില്‍ നിന്ന് കന്നുകള്‍ വേര്‍പെടുത്തിക്കഴിഞ്ഞ് അവയെ വലുത്,ഇടത്തരം,ചെറുത്‌ എന്നിങ്ങനെ തരം തിരിക്കുന്നത് അഭികാമ്യമാണ്.

ഒരേ സ്ഥലത്ത് പലതരം കന്നുകള്‍ നടുന്നത് കൃഷിപ്പണികള്‍ വിഷമകരമാക്കുകയും ചെടികള്‍ ഒരേ സമയം കൃത്രിമപുഷ്പിക്കലിന് തയ്യറാക്കാത്തതിനാല്‍ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യും. അതിനാല്‍ കഴിയുന്നതും ഒരേ പോലെയുള്ള കന്നുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. നടാനുപയോഗിക്കുന്നതിനു മുന്‍പ്‌ കന്നുകള്‍ ഒരുക്കേണ്ടതുണ്ട്. ഇതിനായി ആദ്യം അവയെ തണലത്ത് പരത്തിയിട്ട് ഒരാഴ്ച ഉണങ്ങാന്‍ അനുവദിക്കണം. അതിനുശേഷം കന്നുകളുടെ അടിഭാഗത്ത് അഞ്ചുസെന്‍റീമീറ്ററോളം നീളം വരെ കാണപ്പെടുന്ന മൂന്നോ നാലോ ഉണങ്ങിയ ഇലകള്‍ നീക്കി കക്‌ഷ്യങ്ങളിലെ വേരുമുകുളങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഇടയാക്കണം. വീണ്ടും തണലത്ത് പരത്തിയിട്ട് ഒരാഴ്ച ഉണക്കിയാല്‍ ഇവ നടുവാന്‍ അനുയോജ്യമായി മാറും. നടുന്നതിന് തൊട്ടുമുമ്പ് ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതത്തില്‍ കന്നുകള്‍ മുക്കിയെടുക്കണം.

വരികളില്‍ നടീല്‍ സ്ഥാനം നിര്‍ണ്ണയിക്കുമ്പോള്‍ രണ്ടു വരികളിലെ ചെടികള്‍ നേര്‍ക്കുനേരെ വരാത്ത വിധം ക്രമീകരിക്കണം. ഓരോ ചെടിക്കും പരമാവധി സൂര്യപ്രകാശവും സൗകര്യങ്ങളും ലഭിക്കുവാന്‍ ഇത് അത്യാവശ്യമാണ്. ഏതു രീതിയായാലും കന്നുകള്‍ 71/2–10 സെന്‍റീമീറ്റര്‍ താഴ്ത്തി നല്ലവണ്ണം ഉറപ്പിച്ച് നടേണ്ടതാണ്. ( 40400 ചെടികള്‍/ഹെക്ടര്‍)

നിലമൊരുക്കുന്നതിനോടൊപ്പം അടിവളമായി ഒരു ഹെക്ടറില്‍ 25 കി.ഗ്രാം എന്ന തോതില്‍ കമ്പോസ്റ്റോ, കാലിവളമോ ചേര്‍ത്തിരിക്കണം. ഇതിനു പുറമെ നല്‍കേണ്ട മൂലകങ്ങളുടെ തോത് തുടര്‍ന്ന് ചേര്‍ക്കുന്നു.

നൈട്രജന്‍ ഫോസ്ഫറസ് പൊട്ടാഷ്‌
ചെടിയൊന്നിന് (ഗ്രാം) 8 4 8
ഹെക്ടറൊന്നിന് (കി.ഗ്രാം) 320 160 320

ഫോസ്ഫറസ് വളങ്ങള്‍ മുഴുവനും നടീലിനു മുമ്പായി ചാലുകളില്‍ വിതറി മണ്ണുമായി കലര്‍ത്തിക്കൊടുക്കണം. ഇതോടൊപ്പം തന്നെ മൊത്തം നൈട്രജന്‍ വളത്തിന്‍റേയും പൊട്ടാഷ്‌ വളത്തിന്‍റേയും നാലിലൊന്ന് ഭാഗം വീതം കൂടി അടിവളമായി ചേര്‍ത്തു കൊടുക്കേണ്ടതാണ്. മേല്‍വളപ്രയോഗം രണ്ടോ മൂന്നോ തവണകളായി നടത്താവുന്നതാണ്. മെയ്‌-ജൂണ്‍ മാസങ്ങളില്‍ നട്ടു കഴിഞ്ഞാല്‍ ആഗസ്റ്റ്–സെപ്റ്റംബര്‍ മാസത്തോടെ ആദ്യത്തെ മേല്‍വളഗഡു നല്‍കാം. തുലാവര്‍ഷം കഴിയുന്നതോടെ നവംബറിലാണ് രണ്ടാമത്തെ ഗഡു വളം കൊടുക്കേണ്ടത്. അവസാനത്തെ നാലിലൊന്ന് ഭാഗം വളങ്ങള്‍ അടുത്ത മേയ്–ജൂണ്‍ മാസങ്ങളില്‍ നല്‍കണം.

ഓരോ തവണയും വളപ്രയോഗം നടത്തുമ്പോള്‍ ചാലുകളില്‍ ഒരേപോലെ വളം വിതറി മണ്ണടുപ്പിച്ച് കൊടുക്കണം. ഇതിനായി ചാലുകളുടെ അരിക് ചെറുതായി ഇടിച്ച് മണ്ണ് നീക്കിയിടുകയാണ് പതിവ്‌. ചാലുകളില്‍ ഇടവളം മൂടുന്നതിനും ചെടികള്‍ ചാഞ്ഞുവീഴുന്നത് തടയാനും ഈ രീതി ഉപകരിക്കുന്നു.

സാധാരണയായി കൈതച്ചക്ക,മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യപ്പെടുന്ന വിളയാണെങ്കിലും വേനല്‍ക്കാലമാസങ്ങളില്‍ നന കൊടുത്താല്‍ വിളവ് ഗണ്യമായി വര്‍ദ്ധിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. തുലാവര്‍ഷത്തിനുശേഷം വേനല്‍ക്കാലമാസങ്ങളില്‍ മൂന്നാഴ്ചയിലൊരിക്കലെങ്കിലും നനച്ചു കൊടുക്കുന്നത് ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തി വേഗത്തില്‍ പുഷ്പിക്കല്‍ തുടങ്ങാന്‍ ഇടയാക്കും.

രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള കളനിയന്ത്രണം വിജയപ്രദമായി കേരളത്തിലെ തോട്ടങ്ങളില്‍ നടപ്പാക്കാമെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതിനായി ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ളത് ഡൈയൂറോണ്‍ മൂന്നു കിലോഗ്രാം അല്ലെങ്കില്‍ ബ്രോമാസില്‍ രണ്ടര കിലോഗ്രാം ഒരു ഹെക്ടറിലേക്ക് എന്ന തോതിലാണ്. ഇവ വെള്ളത്തില്‍ കലക്കാവുന്ന പൊടിയായിട്ടാണ് ലഭിക്കുന്നത്. മേല്‍പ്പറഞ്ഞ അളവില്‍ കളനാശിനികള്‍ എടുത്ത് 600 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയാല്‍ ഒരു ഹെക്ടറില്‍ തളിക്കുവാന്‍ മതിയാകും. നിലമൊരുക്കുമ്പോള്‍ നിലവിലുള്ള കളകളെല്ലാം ഒരുവിധം നീക്കം ചെയ്തതിനുശേഷം രാസകളനാശിനി ലായനി തളിച്ചു കൊടുക്കണം. വീണ്ടും കളകളുടെ വളര്‍ച്ച കാണുകയാണെങ്കില്‍ നേരത്തെ സൂചിപ്പിച്ചതിന്‍റെ പകുതി വീര്യത്തില്‍ വീണ്ടും ഒരിക്കല്‍ കൂടി തളിച്ചാല്‍ കളകളെ പൂര്‍ണ്ണമായും നിയന്ത്രിക്കാവുന്നതാണ്.

പലതരം ഹോര്‍മോണ്‍ വസ്തുക്കള്‍ ചെടികളില്‍ കൃത്രിമ പുഷ്പിക്കലിനു വേണ്ടി ഉപയോഗിക്കാമെങ്കിലും കൈതച്ചക്കതോട്ടങ്ങളില്‍ ഏറ്റവും വ്യാപകമായി ഉപയോഗിച്ചു വരുന്നത് 2 ക്ലോറോ ഈതൈല്‍ ഫോസ്ഫോറിക് അമ്ലമടങ്ങിയ എത്റെല്‍ അഥവാ എതിഫോണ്‍ എന്ന രാസവസ്തുവാണ്. ഇതുപയോഗിച്ച് ഇന്ത്യയിലെ പല ഗവേഷണ കേന്ദ്രങ്ങളിലും പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നുള്ള ശുപാര്‍ശപ്രകാരം കൃത്രിമ പുഷ്പിക്കല്‍ നടത്തേണ്ട രീതി താഴെ പറയും പ്രകാരമാണ്.

എതിഫോണ്‍ 25 പി.പി.എം., യൂറിയ 2%, കാത്സ്യം കാര്‍ബണേറ്റ് 0.04% എന്നിവ കലര്‍ത്തിയ ലായനിയാണ് ഏറ്റവും ഉത്തമ മിശ്രിതമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നത്.

25 പി.പി.എം. എന്നുള്ളത് സജീവാംശത്തിന്‍റെ ഗാഢതയാണ്. എതിഫോണ്‍ 5 ശതമാനം വീര്യമുള്ളതാണെങ്കില്‍ 50 ലിറ്ററിലേക്ക് 25 മില്ലിലിറ്റര്‍ ചേര്‍ക്കണം. ഇനി എതിഫോണ്‍ 39 ശതമാനം വീര്യമുള്ളതാണെങ്കില്‍ (മാര്‍ക്കറ്റില്‍ സുലഭമായി ലഭിക്കുന്നത് ഇതാണ്) 50 ലിറ്ററിലേക്ക് 3.2 മില്ലിലിറ്റര്‍ വേണം ചേര്‍ക്കാന്‍. ഇപ്രകാരം 50 ലിറ്റര്‍ ലായനിയില്‍ സജീവാംശത്തിന്‍റെ അളവ് 1.25 മില്ലിലിറ്റര്‍ വരത്തക്കവിധത്തില്‍ കണക്കാക്കിയാല്‍ 25 പി.പി.എം. ലായനി ലഭിക്കും.

മേല്‍പ്പറഞ്ഞ വസ്തുക്കളുടെ മിശ്രിതം ഒരു ചെടിക്ക് 50 മില്ലിലിറ്റര്‍ വീതമാണ് ഉപയോഗിക്കേണ്ടത്. അതായത് 1000 ചെടികള്‍ക്ക് 50 ലിറ്റര്‍ ലായനി വേണമെന്ന് സാരം. ഇതിനായി 3.2 മി.ലിറ്റര്‍ എതിഫോണ്‍ (39 ശതമാനം), 1 കി.ഗ്രാം യൂറിയ, 20 ഗ്രാം കാത്സ്യം കാര്‍ബണേറ്റ് എന്നിവ 50 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചെടുത്താല്‍ മതിയാകും. ചെടികള്‍ വേണ്ടത്ര കായിക വളര്‍ച്ചയെത്തിക്കഴിഞ്ഞാല്‍ മേല്‍പ്പറഞ്ഞ വിധം ലായനി തയ്യാറാക്കി ഓരോ ചെടിയുടെയും നടുക്കൂമ്പില്‍ ഒഴിച്ചു കൊടുക്കണം. ഹോര്‍മോണ്‍ പ്രയോഗം നടത്തുന്ന ചെടികളുടെ നടുക്കൂമ്പില്‍ വെള്ളം കെട്ടിനില്പില്ല എന്ന് ഉറപ്പ് വരുത്തണം.ക്യൂ ഇനത്തില്‍പ്പെട്ട ചെടികള്‍ക്ക് 16–17 മാസത്തെ കായിക വളര്‍ച്ചയെങ്കിലും എത്തിയെങ്കിലേ ഹോര്‍മോണ്‍ പ്രയോഗിക്കാവൂ. ഹോര്‍മോണ്‍ പ്രയോഗം കഴിഞ്ഞ് 40 ദിവസമാകുമ്പോള്‍ ചെടികള്‍ പൂത്തുതുടങ്ങും. ഏകദേശം 70 ദിവസങ്ങള്‍ക്കുള്ളില്‍ 98 ശതമാനം ചെടികളും, പൂക്കുന്നതായി കാണാവുന്നതാണ്.

മുകളിലേക്ക്

Visitors since 1/11/2012 : Admin Login

പകര്‍പ്പവകാശം ©2019. നിര്‍മ്മിച്ചതും നിലനിര്‍ത്തുന്നതും സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്, കേരള കാര്‍ഷിക സര്‍വ്വകലാശാല