ഞായര്‍ , നവംബര്‍ 24, 2024 Information Gateway on Agriculture to Convert "Know How To Do How" English
കൃഷി > ഫലവര്‍ഗ്ഗ വിളകള്‍ > കൈതച്ചക്ക

കൃഷിരീതി-മൌറീഷ്യസ്

കേരളത്തിലും മേഘാലയത്തിലും കൃഷിചെയ്തു വരുന്ന ഇനമാണിത്. ഇടത്തരം വലിപ്പമുള്ള സ്വാദേറിയ ഈ ഇനം ഇപ്പോള്‍ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്തു വരുന്നു. പെട്ടെന്ന് കേടായിപ്പോകാത്ത ഇനമായതുകൊണ്ട് ദൂരസ്ഥലങ്ങളിലേക്ക് കൊണ്ട് പോയി വിപണനം നടത്താനാവുമെന്നതും ഇതിന്‍റെ ഗുണമേന്മയാണ്.

കൃഷിക്കാലം

പ്രധാന നടീല്‍കാലം ഏപ്രില്‍ - മേയും, ആഗസ്റ്റ് –സെപ്റ്റംബറും ആണ്. എങ്കിലും കനത്ത മഴക്കാലമായ ജൂണ്‍- ജൂലൈ ഒഴികെ മറ്റു മാസങ്ങളിലും നടാം. ഏപ്രില്‍-മേയ് മാസങ്ങളില്‍ നടുമ്പോള്‍ വേനല്‍മഴ ലഭിക്കുന്നില്ലെങ്കില്‍ നട്ട് മൂന്നാഴ്ചയ്ക്കുശേഷം നനച്ചു കൊടുക്കണം.

തനിവിളയായും ഇടവിളയായും മൌറീഷ്യസ് ഇനം കൃഷിചെയ്യാം. തെങ്ങിന്‍തോപ്പിലും പുതിയ റബ്ബര്‍ (നട്ട് 3–4 വര്‍ഷത്തിനുള്ളില്‍) തോട്ടങ്ങളിലും ഇടവിളയായി കൈതച്ചക്ക കൃഷി ചെയ്യാം. തനിവിളയായി കൃഷിചെയ്യുമ്പോള്‍ ഇടയ്ക്കുള്ള സ്ഥലങ്ങളില്‍ പയര്‍, സണ്‍ഹെമ്പ്, ഡെയിഞ്ച എന്നിവ കൃഷി ചെയ്ത് പൂക്കുന്നതോടെ ഉഴുതു ചേര്‍ക്കുക. മണ്ണിന്‍റെ ഫലപുഷ്ടി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം, കളകളെയും ഇതു വഴി നിയന്ത്രിക്കാം.

നടാനുദ്ദേശിക്കുന്ന സ്ഥലത്ത് 90 സെ.മീ. വീതിയുള്ള വാരങ്ങളോ വരമ്പുകളോ തയ്യാറാക്കുക. വരികള്‍ തമ്മില്‍ 45 സെ.മീറ്ററും ചെടികള്‍ തമ്മില്‍ 30 സെ.മീറ്ററും അകലം വരത്തക്കവിധം രണ്ടു വരിയായി നടുക. 45 സെ.മീറ്റര്‍ അകലത്തില്‍ രണ്ടു വരി നട്ട ശേഷം 150 സെ.മീ. അകലെ അടുത്ത രണ്ടുവരി എന്ന ക്രമത്തില്‍ ഇരട്ടവരി സമ്പ്രദായത്തില്‍ നടാം. ത്രികോണരീതിയില്‍ നടുന്നവിധം ക്യൂ ഇനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ചരിവുള്ള സ്ഥലങ്ങളില്‍ കൊണ്ടൂര്‍ രീതി അവലംബിക്കാം.

തെങ്ങിന്‍ തോപ്പില്‍ രണ്ടുവരി തെങ്ങിനിടയില്‍ 3 വരി കൈതച്ചക്ക നടാം. റബ്ബര്‍തോട്ടത്തിലാണെങ്കില്‍ രണ്ടുവരി കൈതച്ചക്കയേ ഉണ്ടാകാവൂ.

വെള്ളക്കെട്ടും നീര്‍വാര്‍ച്ചക്കുറവും ഈ കൃഷിക്ക് നല്ലതല്ല. അതുകൊണ്ട് ഇത്തരം സ്ഥലങ്ങളില്‍ നീര്‍വാര്‍ച്ചാസൗകര്യം നല്ലതുപോലെ ഉണ്ടായിരിക്കണം. നെല്‍പ്പാടങ്ങളില്‍ 60-90 സെ.മീ. ഉയരത്തില്‍ വരമ്പുകള്‍ ഇട്ട് 45 x 30 സെ.മീ. ഇടയകലത്തില്‍ ഇരട്ട വരികളായി കൈതച്ചക്ക നടാം. 60 സെ.മീ. വീതിയുള്ള നീര്‍വാര്‍ച്ചാചാലുകള്‍കൊണ്ട് വരമ്പുകള്‍ തമ്മില്‍ വേര്‍തിരിക്കണം. വരമ്പുകളുടെ വീതി 120 മുതല്‍ 150 സെ.മീ. വരെയാകാം. കൂടുതല്‍ നീര്‍വാര്‍ച്ച ആവശ്യമുള്ള സ്ഥലങ്ങളില്‍ വരമ്പുകളുടെ ഇടയ്ക്കുള്ള നീര്‍ച്ചാലുകളുടെ വീതിയും ആഴവും കൂട്ടണം.

നടീല്‍തല തിരഞ്ഞെടുക്കല്‍

കീടരോഗവിമുക്തമായ ആരോഗ്യമുള്ള ചെടികളില്‍ നിന്നും നടാനുള്ള കന്നുകള്‍ എടുക്കണം. ഇവയെ 500-750 ഗ്രാം, 750–1000 ഗ്രാം എന്നീ തൂക്കമുള്ളവയായി തരം തിരിക്കണം. വലിയതും ഭാരം കൂടിയതുമായ സക്കറുകള്‍ പെട്ടെന്ന് പൂക്കുമെന്നതുകൊണ്ട് ഇവയെ പ്രത്യേകം ബ്ലോക്കായി നടുന്നത് മറ്റു കൃഷിപ്പണികള്‍ക്കും വിളവെടുപ്പിനും സൗകര്യം ചെയ്യും. സക്കറുകള്‍ 1% വീര്യമുള്ള ബോര്‍ഡോമിശ്രിതത്തിലും 0.05% ക്വിനാല്‍ഫോസിലും മുക്കുന്നത് രോഗകീടങ്ങള്‍ക്കെതിരെ സംരക്ഷണം നല്‍കും.

കീടരോഗങ്ങള്‍ക്കെതിരെ സംരക്ഷണം നല്‍കുന്നതിന് മുന്‍കരുതലായി, നടീല്‍ തല മാങ്കോസെബ് ( 0.03% വിഷവസ്തു ) ക്ലോര്‍പൈറിഫോസ് ( 0.05% വിഷവസ്തു ) എന്നിവ കൂട്ടിച്ചേര്‍ത്ത ലായനിയിലും, 0.2% വീര്യമുള്ള സ്യൂഡോമോണാസ് ലായനിയിലും മുക്കിയതിനുശേഷം നടുക.

വളപ്രയോഗം

ഹെക്ടറൊന്നിന് 25 ടണ്‍ എന്ന തോതില്‍ കാലിവളമോ കമ്പോസ്റ്റോ നടുന്ന സമയത്ത് അടിവളമായി ചേര്‍ത്തു കൊടുക്കണം. കോഴികാഷ്ഠം/മണ്ണിര കമ്പോസ്റ്റ് 10 ടണ്‍ (ചെടിയോന്നിന് 250 ഗ്രാം) രണ്ടു ടണ്‍ വേപ്പിന്‍ പിണ്ണാക്ക് (ചെടിയോന്നിന് 50 ഗ്രാം) രണ്ടര ശതമാനം കി.ഗ്രാം വീതം അസോസ്പാറില്ലം ഫോസ്ഫോബാക്ടര്‍ എന്നിവയുമായി കലര്‍ത്തി നല്‍കുന്നതും ഫലപ്രദമാണ്. ഒരു വര്‍ഷത്തില്‍ N:P2O5:K2O വളം 8:4:8 ഗ്രാം ഒരു ചെടിക്ക് എന്ന തോതില്‍ നല്‍കണം. ഫോസ്ഫേറ്റ് വളം മുഴുവനും അടിവളമായി ചേര്‍ക്കണം. നൈട്രജനും പൊട്ടാഷും നാലു ഗഡുക്കളായി നല്‍കാം. ആദ്യഗഡു നട്ട് 40–50 ദിവസത്തിനു ശേഷവും പിന്നീടുള്ളവ 60–70 ദിവസത്തെ ഇടവേളയ്ക്കു ശേഷവും ഇട്ടുകൊടുക്കാം.

ജലസേചനം

ജലസേചന സൗകര്യമുള്ള സ്ഥലങ്ങളില്‍ വേനല്‍ക്കാലത്ത് രണ്ടാഴ്ച ഇടവിട്ട്‌ നനച്ചു കൊടുക്കുന്നത് കായുടെ വലിപ്പവും വിളവും കൂട്ടുന്നതിനുപകരിക്കും. വരുമാനം കൂട്ടുന്നതിനായി ഇടവിളയായി ഇഞ്ചി/കൂര്‍ക്ക (ഉയര്‍ന്ന വാരങ്ങളില്‍ 30 X 30 സെ.മീ. അകലത്തില്‍ നാലു വരികള്‍) തക്കാളി/വെണ്ട ( 75 X 60 സെ.മീ. അകലത്തില്‍ രണ്ടു വരികള്‍ ) തുടങ്ങിയവ കൃഷി ചെയ്യാം. ജലസേചന സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ മാര്‍ച്ചിനുമുമ്പ് വിളവെടുക്കാവുന്ന വിധത്തില്‍ കൃഷി ചെയ്യണം.

ഡൈയൂറോണ്‍ ഹെക്ടറിന് ഒരു കി.ഗ്രാം 600 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കിത്തളിച്ചാല്‍ ഏതാണ്ട് 4 മാസം വരെ കള ശല്യം ഒഴിവാക്കാം. ധൃതരാഷ്ട്രപ്പച്ച അഥവാ വയറ വള്ളിയെ നിയന്ത്രിക്കുന്നതിന് കളയുള്ള സ്ഥലങ്ങളില്‍ മാത്രം ഡൈയൂറോണ്‍ തളിക്കുക. ചെടികളുടെ ഇടയിലെ കലകളെ നശിപ്പിക്കുന്നതിന് ഗ്ളൈഫോസേറ്റ് 0.8 കി. ഗ്രാമോ, 2,4–D0.5 കി.ഗ്രാമും/പാരക്വാറ്റ് 0.4 കി.ഗ്രാമും കൂട്ടിച്ചേര്‍ത്ത മിശ്രിതമായോ ഒരു ഹെക്ടറില്‍ തളിക്കുക. ചെടികള്‍ക്കിടയില്‍ തളിക്കുമ്പോള്‍ കൈതച്ചക്കച്ചെടികളില്‍ വീഴാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

എല്ലാ ചെടികളും ഒരേ സമയത്ത് പൂക്കുന്നതിന് പ്രേരകമായി 39–42 ഇലകളുള്ള ( 7–8 മാസം പ്രായമുള്ള ) ചെടികളില്‍ എതിഫോണ്‍ 25 പി.പി.എം. തളിക്കുക. 1.25 മില്ലി എതിഫോണ്‍ ( 3.2 മില്ലി 39% വീര്യമുള്ളത് ) അല്ലെങ്കില്‍ 12.5 മില്ലി 10% വീര്യമുള്ളത്) ഒരു കി.ഗ്രാം യൂറിയ, 20 ഗ്രാം കാത്സ്യം കാര്‍ബണേറ്റ് ഇവ 50 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത ലായനി തയ്യാറാക്കണം. ഈ ലായനി തൈകളുടെ കൂമ്പിലേക്ക് ചെടിയൊന്നിന് 50 മില്ലിലിറ്റര്‍ വീതം ഒഴിച്ചു കൊടുക്കണം. മുപ്പതുദിവസം കഴിയുമ്പോള്‍ ചെടികള്‍ പൂക്കാന്‍ തുടങ്ങുകയും 40 ദിവസത്തിനകം എല്ലാ ചെടികളും പൂക്കുകയും ചെയ്യും. 130–135 ദിവസംകൊണ്ട് കായ്കള്‍ വിളവെടുക്കുന്നതിന് പാകമാകും. പല സമയത്ത് വിളവെടുപ്പ് വരത്തക്കവിധം നടീലും ഹോര്‍മോണ്‍ തളിക്കലും ക്രമീകരിച്ച് കൃഷി ലാഭകരമാക്കാം.

മുകളിലേക്ക്

Visitors since 1/11/2012 : Admin Login

പകര്‍പ്പവകാശം ©2019. നിര്‍മ്മിച്ചതും നിലനിര്‍ത്തുന്നതും സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്, കേരള കാര്‍ഷിക സര്‍വ്വകലാശാല