|
|
കൃഷി >
സുഗന്ധവ്യഞ്ജനങ്ങള്‍ > കുരുമുളക്
|
|
പരിപാലനം
|
|
മണ്ണും കാലാവസ്ഥയും
ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ് കുരുമുളക് കൃഷിക്ക് യോജിച്ചത്. ശരിയായ വളര്‍ച്ചയ്ക്ക്
വര്‍ഷത്തില്‍ 250 സെ.മീ. മഴ ആവശ്യമാണ്. ഇതിലും കുറവ് മഴ ലഭിക്കുന്ന പ്രദേശങ്ങളിലും
വളര്‍ച്ചയുടെ അവശ്യഘട്ടങ്ങളില്‍ മഴ ലഭിക്കുമെന്നുണ്ടെങ്കില്‍ കുരുമുളക് കൃഷി ചെയ്യാം.
നട്ട് 20 ദിവസത്തിനുള്ളില്‍ 70 മി.മീറ്റര്‍ മഴ ലഭിച്ചാല്‍ തളിരിടുന്നതിനും പൂവിരിയുന്നതിനും
സഹായകമാകും. പക്ഷേ ഒരിക്കല്‍ പൂവിടാന്‍ തുടങ്ങിയാല്‍ കായ് പിടിക്കുന്നതുവരെ കുറഞ്ഞ
തോതിലെങ്കിലും തുടര്‍ച്ചയായി മഴ ലഭിക്കേണ്ടതുണ്ട്. ഇതിനിടയില്‍ കുറച്ചു ദിവസങ്ങളുടെ
വരള്‍ച്ചപോലും ഗണ്യമായ വിള നഷ്ടമുണ്ടാക്കും. നീണ്ട വരള്‍ച്ച ചെടിയുടെ വളര്‍ച്ചയെതന്നെ
ബാധിക്കും. കുരുമുളകിന് 10 ഡിഗ്രി വരെ കുറഞ്ഞ ചൂടും 40 ഡിഗ്രി വരെയുള്ള കൂടിയ ചൂടും
താങ്ങാനാകുമെങ്കിലും 20 മുതല്‍ 30 ഡിഗ്രി വരെയുള്ള താപനിലയാണ് ഏറ്റവും അനുയോജ്യം. സമുദ്ര
നിരപ്പില്‍ നിന്ന് 1200 മീറ്റര്‍ ഉയരത്തില്‍ വരെ വളരുമെങ്കിലും കുരുമുളക് കൃഷിക്ക്
കൂടുതല്‍ ചേരുന്നത് ഉയരം കുറവുള്ള പ്രദേശങ്ങളാണ്.
നല്ല നീര്‍വാര്‍ച്ചയും ധാരാളം ജൈവാംശവുമുള്ള മണ്ണാണ് ഇതിന്റെ കൃഷിക്ക് ആവശ്യം. മണ്ണില്‍
കുറച്ചു നാളത്തേയ്ക്കുണ്ടാകുന്ന വെള്ളക്കെട്ടുപോലും ചെടിക്ക് ദോഷം ചെയ്യും.
അല്പം ചെരിവുള്ള സ്ഥലങ്ങളാണ് കൃഷിക്ക് ഏറ്റവും നല്ലത്. മണ്ണിന്റെ നീര്‍വാര്‍ച്ച ഉറപ്പാക്കുന്നതിന്
ഇത് സഹായിക്കും. തെക്കോട്ടുള്ള ചെരിവുകള്‍ ഒഴിവാക്കണം. അല്ലെങ്കില്‍ ശക്തിയായ വെയിലില്‍
നിന്നും വള്ളികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കേണ്ടിവരും.
|
|
|
|