കൈതച്ചക്ക (Ananas comosus)

നൈട്രജൻ (പാക്യജനകം)

ലക്ഷണങ്ങൾ
  • മൂപ്പെത്തിയ ഇലകള്‍ മഞ്ഞളിക്കുന്നു. തുടര്‍ന്ന്‍ മഞ്ഞളിപ്പ് ചെടിയുടെ മുകളിലേക്ക് വ്യാപിക്കുന്നു.
  • അപര്യാപ്തത മൂലം തണ്ടുകളുടെ വളർച്ചയും ഇലയുടെ കട്ടിയും കുറയുന്നു. ഒപ്പം ചെടിയുടെ വളർച്ച മുരടിക്കുന്നു.
  • ചെടിയുടെ കരുത്തും ഊർജ്ജസ്വലതയും നഷ്ടമാകുന്നു.
  • കൈതച്ചക്ക ഉണ്ടാവുന്നതിൽ താമസമോ ക്രമം തെറ്റുകയോ ചെയ്യുന്നു.
  • ചെറിയതും മധുരം കുറഞ്ഞതുമായ കൈതച്ചക്ക ഉണ്ടാകുന്നു.
  • അപര്യാപ്തത രൂക്ഷമായാല്‍ മൂപ്പെത്തിയ ഇലകൾ മഞ്ഞളിക്കുകയും കൊഴിയുകയും ചെയ്ത് ചെടി നശിച്ചുപോകുന്നു.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മൂലകത്തിന്റെ അഭാവം തിരിച്ചറിയുന്നതിനായി മണ്ണ് പരിശോധന നടത്തുക.
  • പെട്ടെന്ന് പുറപ്പെടുവിക്കുന്ന പാക്യജനക വളങ്ങളായ യൂറിയ ഇട്ടുകൊടുക്കുക
  • മണ്ണിനു ആവശ്യമായ ജൈവാംശം അടങ്ങിയ വളങ്ങള്‍ ഓരോ വര്‍ഷവും കൃത്യമായ ഇടവേളകളില്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം
  • ഉടനടിയുള്ള പരിഹാരത്തിന് 10 ഗ്രാം / ലിറ്റർ വെള്ളത്തിന് എന്ന തോതില്‍ യൂറിയ 15 ദിവസത്തിലൊരിക്കൽ ഇലകളിൽ തളിക്കുക.

ഫോസ്ഫറസ് (ഭാവഹം)

ലക്ഷണങ്ങൾ
  • വേരുകളുടെ വളർച്ചയെ ഇത് ബാധിക്കും. പോഷകങ്ങളുടെ ആഗിരണത്തെ ഇത് ബാധിക്കുന്നു.
  • കുറവിന്റെ ലക്ഷണങ്ങൾ ആദ്യം മുതിർന്നതും താഴത്തെതുമായ ഇലകളിൽ ശ്രദ്ധയിൽപ്പെടുന്നു.
  • ഇലകൾ ചെറുതും ഇടുങ്ങിയതുമായി പർപ്പിൾ അല്ലെങ്കിൽ വെങ്കല നിറവ്യത്യാസത്തോടെ കാണപെടുന്നു. പിന്നീട് ഇലകളിൽ കൊശങ്ങള്‍ നശിച്ച ഭാഗങ്ങൾ വികസിക്കുകയും ഇല കൊഴിഞ്ഞുപോകുകയും ചെയ്യും.
  • ബാധിച്ച ചെടികളുടെ വളർച്ച മുരടിക്കും.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • 6.5-7.5 പി.എച്ച്. പരിധിയില്‍ വേരുകൾ ഫോസ്ഫറസ് നന്നായി ആഗിരണം ചെയ്യുന്നു.
  • അതിനാൽ അമ്ലത്വമുള്ള മണ്ണിൽ കുമ്മായം/ഡോളമൈറ്റ് എന്നിവ ചേർത്ത് പി.എച്ച്. ക്രമീകരിക്കുക.
  • ഫോസ്ഫറസ് ലഭ്യത വർദ്ധിപ്പിക്കുന്നതിന് ജൈവ വളത്തോടൊപ്പം ഫോസ്ഫറസ് ലയിക്കുന്ന ബാക്ടീരിയകൾ അടങ്ങിയ ജീവാണുവളങ്ങൾ ചേർക്കുക.
  • ശുപാർശ ചെയ്യുന്ന അളവിൽ വളങ്ങൾ യഥാസമയം പ്രയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക.
  • ഇരുമ്പിന്റെയും സിങ്കിന്റെയും അധികമാകുന്നത് ഫോസ്ഫറസ് കുറവിന്റെ ലക്ഷണങ്ങൾക്ക് കാരണമായേക്കാം.
  • മണ്ണ് വിശകലനത്തിന് പോയി കുറവിന്റെ വ്യാപ്തി മനസ്സിലാക്കുക.
  • മണ്ണ് പരിശോധനാ റിപ്പോർട്ട് അനുസരിച്ച് ഉടനടി തിരുത്തലിനായി സിംഗിൾ സൂപ്പർഫോസ്ഫേറ്റ് പോലുള്ള വളങ്ങൾ ഉപയോഗിക്കുക ദീർഘകാല തിരുത്തലിനായി അസ്ഥി മീൽ അല്ലെങ്കിൽ റോക്ക് ഫോസ്ഫേറ്റ് പോലുള്ള വളങ്ങൾ പ്രയോഗിക്കുക.

പൊട്ടാസ്യം (ക്ഷാരം)

ലക്ഷണങ്ങൾ
  • തളിരിലകള്‍ വിളറിയ പച്ച നിറത്തിൽ കാണപ്പെടുകയും അവ താഴോട്ട് ചുരുണ്ടു വരുന്നതോടൊപ്പം ഇല കപ്പ് ആകൃതിയിലേക്കാവുന്നു.
  • അപര്യാപ്തയുടെ ലക്ഷണങ്ങള്‍ മൂപ്പത്തിയ ഇലകളിലാണ് ആദ്യം പ്രകടമാകുന്നത്.
  • പിന്നീട് ഇലകൾ പച്ച കലർന്ന പിങ്ക്/ചുവപ്പ് നിറത്തിലേക്ക് മാറുന്നു. അഗ്രമുകളങ്ങളുടെ വളർച്ച കുറയുന്നു.
  • ഇലയുടെ വൈരൂപ്യം അസാധാരണമായ വളർച്ചയ്ക്ക് കാരണമാകുന്നു.
  • തീവ്രമായ അപര്യാപ്തത മൂലം ഒന്നിലധികം ചക്കകൾ ഉല്‍പാദിപ്പികുന്നു.
  • കൈത ചക്കകൾക്ക് വൈരൂപ്യം സംഭവിക്കുകയും തവിട്ടുപുള്ളികൾ രൂപപ്പെട്ട് ഗുണമേന്മ കുറയുന്നു
  • കൈതച്ചക്ക മൃദുവും മാർദ്ദവവും ആകുന്നു.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • അമ്ലക്ഷാര മൂല്യം 6-ല്‍ കൂടുതലുള്ള മണ്ണിലാണ് പൊട്ടാസ്യത്തിന്റെ ലഭ്യത കൂടുതലാകുന്നത്.
  • കുമ്മായം / ഡോളോമൈറ്റ് പ്രയോഗിക്കുന്നതിലൂടെ അമ്ലക്ഷാര മൂല്യം നിലനിര്‍ത്താന്‍ സാധിക്കും.
  • ജൈവവളത്തോടൊപ്പം ചാരം ചേര്‍ക്കുന്നത് വഴി മണ്ണിന്റെ ഫലഭൂയിഷ്ട്ടി മെച്ചപ്പെടുത്താം.
  • മൂലകത്തിന്റെ അഭാവം തിരിച്ചറിയുന്നതിനായി മണ്ണ് പരിശോധന നടത്തുക.
  • മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് ചേര്‍ത്ത് കൊടുക്കുക.തവണകളായി ചേര്‍ക്കുന്നതാണ് അഭികാമ്യം
  • പെട്ടെന്നുള്ള പ്രതിവിധിക്കായി സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് (SOP) 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ പശ ചേര്‍ത്ത് ഇലകളില്‍ തളിക്കാവുന്നതാണ്

കാല്‍സ്യം

ലക്ഷണങ്ങൾ
  • വളർച്ചാ മുകുളങ്ങളിലും ഇളം ഇലകളിലും വികസിച്ചുകൊണ്ടിരിക്കുന്ന കായ്കളിലും കാൽസ്യത്തിന്റെ കുറവ് കാണപ്പെടുന്നു.
  • വേരുകളുടെയും ഇലകളുടെയും വളരുന്ന അഗ്രഭാഗം തവിട്ടുനിറമാവുകയും കൊശങ്ങള്‍ നശിച്ചുപോകുകയും ചെയ്യുന്നതാണ് പ്രാരംഭ ലക്ഷണം. ഇടമുട്ടുകളുടെ നീളം കുറയുകയും ഇലകൾ കൂടിനിക്കുകയും ചെയ്യും.
  • ഇലകളുടെ അരികുകൾ കീറി പലപ്പോഴും പൊട്ടുന്നതായി കാണപ്പെടും.
  • ഇലകൾ പിന്നീട് പച്ചകലർന്ന പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറത്തിലേക്ക് മാറുന്നു.
  • അഗ്ര മുകുളത്തിനടുത്ത് ഇലകളുടെ അഗ്രം താഴേക്ക് ചുരുളുന്നു.
  • പഴങ്ങളുടെ ഗുണനിലവാരം ബാധിക്കപ്പെടും.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മണ്ണ് പരിശോധന നടത്തുക
  • മണ്ണ് അമ്ലമാണെങ്കിൽ ചെടിക്ക് 1 കി.ഗ്രാം കുമ്മായം ചേർക്കുക (250 ഗ്രാം വീതമുള്ള 4 തവണകളായി)
  • ഫോസ്ഫറസിന്റെ അതിപ്രസരണം കാത്സ്യത്തിന്റെ അപര്യാപ്തതക്ക് കാരണമാകുന്നു.
  • ക്ഷാരഗുണമുള്ള മണ്ണില്‍ ജിപ്സത്തിന്റെ പ്രയോഗം അഭികാമ്യമാണ്
  • കാത്സ്യത്തിന്റെ വിനിയോഗത്തിനു ബോറോണ്‍ ആവശ്യമായതിനാല്‍ അവയുടെ അഭാവം കാത്സ്യത്തിന്റെ അപര്യാപ്തതക്ക് കാരണമാകുന്നു.

ബോറോണ്‍

ലക്ഷണങ്ങൾ
  • ചെടിയുടെ വളര്‍ന്നുകൊണ്ടിരിക്കുന്ന മുകുളങ്ങള്‍, തളിരിലകൾ, പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത പഴങ്ങള്‍ എന്നിവയിലാണ് കുറവ് പ്രധാനമായും കാണപ്പെടുന്നത്.
  • പഴത്തിന്‍റെ ഉൾക്കാമ്പ് തവിട്ട് നിറത്തിലാവുകയും നശിക്കുകയും ചെയ്യുന്നു.
  • അപര്യാപ്തതയുടെ തീവ്രത അനുസരിച്ച് പഴത്തിൽ തവിട്ടോ കറുപ്പോ നിറത്തിലുള്ള ഭാഗങ്ങൾ കാണപ്പെടുന്നു.
  • മുകളങ്ങൾ താഴേക്ക് കരിഞ്ഞുണങ്ങുന്നു.
  • ചെടിയുടെയും വേരിന്‍റെയും വളർച്ച കുറയുന്നു.
  • കൈതച്ചക്കയുടെ ഉൽപാദനത്തിൽ കുറവ് വരുന്നു.
  • പഴങ്ങളിൽ പഞ്ചസാരയുടെ അളവ് കുറയുന്നു.
  • പഴങ്ങൾ വിണ്ടുകീറുന്നു.
  • പഴങ്ങൾ വൈകൃതമായിത്തീരുന്നു.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മണ്ണ് പരിശോധന നടത്തുക
  • 40 ഗ്രാം ബോറാക്സ് ചെടിയോന്നിന് എന്ന തോതില്‍ ചേര്‍ക്കാം
  • പത്രപോഷണമായി ബോറാക്സ് ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാവുന്നതാണ്
  • ബോറോണും കാല്‍സ്യവും ഒരുമിച്ച് പ്രയോഗിക്കരുത്
  • അമോണിയം വളങ്ങൾക്കൊപ്പം ബോറാക്സ് പ്രയോഗിക്കുന്നത് ഒഴിവാക്കണം.

ചെമ്പ് (കോപ്പര്‍)

ലക്ഷണങ്ങൾ
  • മൂപ്പെത്തിയ ഇലകളും തളിരിലകളും ലക്ഷണങ്ങൾ കാണിക്കുന്നു.
  • ചെടികൾ വാടിയത് പോലെ കാണപ്പെടുന്നു.
  • ഇലഞെട്ട്കൾക്ക് ഇടയിലുള്ള നീളം കുറയുന്നു.
  • ഇലകളുടെ വലിപ്പം കുറയുന്നു.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മണ്ണ് പരിശോധനയും വിശകലനവും
  • ജൈവവസ്തുക്കളുടെ കൂട്ടിച്ചേർക്കൽ
  • ഒരു ലിറ്റര്‍ വെള്ളത്തിന് 5 ഗ്രാം കോപ്പർ സൾഫേറ്റ് എന്ന തോതില്‍ ഇലകളിൽ തളിക്കുക

ഇരുമ്പ് (അയേണ്‍)

ലക്ഷണങ്ങൾ
  • പുതിയ ഇലകളിലാണ് ലക്ഷണങ്ങൾ ആദ്യം പ്രകടമാകുന്നത്.
  • ക്രമേണ ഇലകൾ മുഴുവനായി മഞ്ഞളിക്കുന്നു.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • കേരളത്തിലെ മണ്ണില്‍ ഇരുമ്പിന്റെ അളവ് കൂടുതലാണ്. അതുകൊണ്ട്, പ്രശ്നത്തിന്റെ കാരണം നിർണ്ണയിക്കാൻ ഒരു മണ്ണ് പരിശോധന നടത്തുക.
  • പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നത് ഇരുമ്പിന്റെ അപര്യാപ്തതക്ക് കാരണമാകുന്നു.
  • ഫെറസ്സ് സള്‍ഫേറ്റ് ഒരു സെന്റിന് 60 ഗ്രാം / 6 കി.ഗ്രാം ഒരു ഏക്കറിന് എന്ന തോതില്‍ പ്രയോഗിക്കുക.

നാകം (സിങ്ക്)

ലക്ഷണങ്ങൾ
  • അപര്യാപ്തതയുടെ ലക്ഷണങ്ങള്‍ പുതിയ ഇലകളിലാണ് ആദ്യം പ്രകടമാകുന്നത്.
  • ഇലയുടെ ഞരമ്പുകൾക്കിടയിൽ മഞ്ഞളിപ്പ് കാണപ്പെടുന്നു.
  • ഇലകൾ മങ്ങിയ പച്ച/മഞ്ഞ നിറത്തിൽ കാണപ്പെടുന്നു. എന്നാൽ ഇലയുടെ പ്രധാന ഞരമ്പ് പച്ചനിറത്തിൽ തന്നെ കാണപ്പെടുന്നു.
  • ചെടിയുടെ വളർച്ച മുരടിക്കുന്നു.
  • ഇലകളുടെ വീതി കുറയുന്നു.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • പി.എച്ച്. മൂല്യം 5 മുതല്‍ 7.5 യാണ് നാകത്തിന്റെ ലഭ്യതക്ക് ഉചിതം.
  • മണ്ണ് പരിശോധനയിലൂടെ അപര്യാപ്തത ഉറപ്പാക്കുക.
  • ഒരു സെന്റിന് 800 ഗ്രാം സിങ്ക് സള്‍ഫേറ്റ് അല്ലെങ്കിൽ 8 കി.ഗ്രാം / ഏക്കർ എന്ന തോതില്‍ പ്രയോഗിക്കുക.
  • സിങ്കും ഫോസ്ഫേറ്റ് വളങ്ങളും ഒരേ സമയത്ത് പ്രയോഗിക്കാതിരിക്കുക.
  • അഭാവം രൂക്ഷമാകുന്ന സാഹചര്യത്തില്‍, കാൽസ്യം കാർബണേറ്റും (2.5 ഗ്രാം ഒരു ലിറ്റർ വെള്ളത്തില്‍ ) സിങ്ക് സൾഫേറ്റും (2 ഗ്രാം ഒരു ലിറ്റർ വെള്ളത്തില്‍) പ്രഭാത സമയങ്ങളിൽ ഇലകളിൽ തളിക്കുന്നത് നിർദ്ദേശിക്കാവുന്നതാണ്.