കാപ്പി (Coffea spp)

നൈട്രജൻ (പാക്യജനകം)

ലക്ഷണങ്ങൾ
  • ചെടികളുടെ അടിവശത്തുള്ള മൂപ്പെത്തിയ ഇലകളിൽ ആണ് ലക്ഷണങ്ങൾ ആദ്യമായ് കാണുന്നത്
  • ഇലകൾ മൂപ്പെത്തുന്നതിന് മുന്നേ കൊഴിഞ്ഞു പോകുന്നു
  • പൂക്കുവാനും കായ്ക്കുവാനും കാലതാമസം നേരിടുന്നു
  • ആരോഗ്യമുള്ള ചെടികളെ താരതമ്യപ്പെടുത്തുമ്പോള്‍ ഇലകളുടെ എണ്ണത്തിലും വലുപ്പത്തിലും കാര്യമായ കുറവ് കാണാൻ സാധിക്കും
  • തണ്ടുകളെയും ചെടിയുടെ വളര്‍ച്ചയെയും പ്രതികൂലമായി ബാധിക്കുന്നു.
  • കാപ്പികുരുക്കളുടെ ഗുണമേന്മ കുറയുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മൂലകത്തിന്റെ അഭാവം തിരിച്ചറിയുന്നതിനായി മണ്ണ് പരിശോധന നടത്തുക.
  • പെട്ടെന്ന് പുറപ്പെടുവിക്കുന്ന പാക്യജനക വളങ്ങളായ യൂറിയ ഇട്ടുകൊടുക്കുക
  • യൂറിയ 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ വെള്ളത്തില്‍ കലക്കി 15 ദിവസത്തിലൊരിക്കല്‍ ഇലകളില്‍ തളിച്ച് കൊടുക്കുക.
  • വളർച്ചയെ ത്വരിതപെടുത്തുന്ന ജൈവ ഗ്രോത്ത് ബൂസ്റ്ററുകൾ പതിവായി പ്രയോഗിക്കുന്നതും ഗുണം ചെയ്യും.

ഫോസ്ഫറസ് (ഭാവഹം)

ലക്ഷണങ്ങൾ
  • ചെടികളുടെ അടിവശത്തുള്ളതും മൂപ്പെത്തിയതുമായ ഇലകൾ മഞ്ഞളിക്കുന്നതാണ് പ്രധാന ലക്ഷണങ്ങള്‍.
  • അപര്യാപ്ത്തത രൂക്ഷമാണെങ്കില്‍ ഇലകളില്‍ കരിഞ്ഞ പുള്ളികുത്തുകള്‍ കാണപെടുന്നു
  • പൂക്കുവാനും കായ്‌ക്കുന്നതിനും കാലതാമസം എടുക്കുന്നു.
  • വേരുകളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • കൃത്യമായ ഇടവേളകളില്‍ ആവശ്യാനുസരണം വളപ്രയോഗം നടത്തുന്നുണ്ടെന്നു ഉറപ്പാക്കണം.
  • മൂലകത്തിന്റെ അഭാവം തിരിച്ചറിയുന്നതിനായി മണ്ണ് പരിശോധന നടത്തുക.
  • തുടര്‍ന്ന്‍ ഫലത്തിനനുസരിച്ചു വളപ്രയോഗം നടത്താവുന്നതാണ്.
  • ഫോസ്ഫറസിന്റെ പെട്ടെന്നുള്ള ലഭ്യതക്കായി സൂപ്പര്‍ ഫോസ്ഫേറ്റ് വളങ്ങളും ദീര്‍ഘകാല ലഭ്യതക്കായ്‌ എല്ല് പൊടി, റോക്ക് ഫോസ്ഫേറ്റ് തുടങ്ങിയവയും പ്രയോഗിക്കുക.
  • ആഗിരണം ചെയ്യുന്നതിനായുള്ള ഉചിതമായ പി.എച്ച്. മൂല്യം 6.5 മുതല്‍ 7.5 വരെയാണ്
  • ജൈവവളങ്ങളോടൊപ്പം സള്‍ഫര്‍ ജീവാണുവളങ്ങള്‍ ചേര്‍ക്കുന്നത് അവയുടെ ലഭ്യത കൂട്ടാന്‍ സഹായകരമാണ്.

പൊട്ടാസ്യം (ക്ഷാരം)

ലക്ഷണങ്ങൾ
  • ചെടികളുടെ അടിവശത്തുള്ള മൂപ്പെത്തിയ ഇലകളിൽ ആണ് ലക്ഷണങ്ങൾ ആദ്യമായ് കാണുന്നത്
  • ഇലകളുടെ അരികുകൾ മഞ്ഞളിക്കുകയും തുടർന്നു കരിഞ്ഞുപോകുകയും ചെയ്യുന്നു. ഇലകളുടെ നടുഭാഗം മാത്രം പച്ച നിറത്തിൽ അവശേഷിക്കുന്നു
  • തളിരിലകളിൽ ലക്ഷണങ്ങൾ പൊതുവെ കാണപ്പെടാറില്ല
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • പി.എച്ച്. മൂല്യം 6-ല്‍ കൂടുതലുള്ള മണ്ണിലാണ് പൊട്ടാസ്യത്തിന്റെ ലഭ്യത കൂടുതലാകുന്നത്.
  • കുമ്മായത്തിന്റെ / ഡോളോമൈറ്റ് പ്രയോഗിക്കുന്നതിലൂടെ പി.എച്ച്. മൂല്യം നിലനിര്‍ത്താന്‍ സാധിക്കും.
  • ജൈവവളത്തോടൊപ്പം ചാരം ചേര്‍ക്കുന്നത് വഴി മണ്ണിന്റെ ഫലഭൂയിഷ്ട്ടി മെച്ചപ്പെടുത്താം.
  • ജൈവവളങ്ങളോടൊപ്പം പൊട്ടാഷ് ജീവാണുവളങ്ങള്‍ ചേര്‍ക്കുന്നത് അവയുടെ ലഭ്യത കൂട്ടാന്‍ സഹയകരമാണ്.
  • മൂലകത്തിന്റെ അഭാവം തിരിച്ചറിയുന്നതിനായി മണ്ണ് പരിശോധന നടത്തുക.
  • മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ മുരിയെറ്റ് ഓഫ് പൊട്ടാഷ് ചേര്‍ത്ത് കൊടുക്കുക. തവണകളായി ചേര്‍ക്കുന്നതാണ് അഭികാമ്യം
  • പെട്ടെന്നുള്ള പ്രതിവിധിക്കായി സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് (SOP) 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ പശ ചേര്‍ത്ത് ഇലകളില്‍ തളിക്കാവുന്നതാണ്

കാല്‍സ്യം

ലക്ഷണങ്ങൾ
  • തളിർ ഇലകളിലും വളർന്നുവരുന്ന ഭാഗങ്ങളിലും ആണ് ലക്ഷണങ്ങൾ ആദ്യമായ് കാണുന്നത്
  • ഇലകൾ ചെമ്പ് നിറത്തിൽ ആകുന്നു
  • ഇലകളുടെ അരികുകൾ കരിഞ്ഞു മധ്യഭാഗത്തേക്ക് വ്യാപിക്കുകയും ചെയ്യും
  • ഇലകൾ മുകളിലോട്ട് ചുരുണ്ട് ആകൃതി നഷ്ടപ്പെടുന്നു
  • ചെടികളുടെ ബലം ക്ഷയിച്ചു ദുർബലമായി കാണപ്പെടുന്നു
  • അപര്യാപ്ത്തത നേരിടുന്ന ചെടികളില്‍ കാപ്പികുരുക്കളുടെ ആകൃതിയും ഗുണമേന്മയും കുറയുന്നു. ഇവ സംഭരിച്ചു വെക്കുമ്പോൾ കീടങ്ങളുടെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ആണ്
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മണ്ണ് പരിശോധന നടത്തുക
  • മണ്ണില്‍ അമ്ലത്വമുണ്ടെങ്കില്‍ ചെടിയൊന്നിന് കുമ്മായം 340 ഗ്രാം എന്ന തോതില്‍ ചേര്‍ത്ത് കൊടുക്കുക
  • ഫോസ്ഫറസിന്റെ അതിപ്രസരണം കാത്സ്യത്തിന്റെ അപര്യാപ്ത്തതക്ക് കാരണമാകുന്നു.
  • ക്ഷാരഗുണമുള്ള മണ്ണില്‍ ജിപ്സത്തിന്റെ പ്രയോഗം അഭികാമ്യമാണ്

മഗ്നീഷ്യം

ലക്ഷണങ്ങൾ
  • തളിരിലകളുടെ സിരകള്‍ക്കിടയിലൂടെയുള്ള മഞ്ഞളിപ്പ് (Checkered effect)
  • ഇലകളുടെ ഞരമ്പുകൾ ഒഴികെയുള്ള ഭാഗങ്ങളിൽ മഞ്ഞളിപ്പ് കാണപ്പെടുന്നു
  • ഇലകൾ മുകളിലോട്ട് ചുരുണ്ട് സ്വഭാവികത നഷ്ടപ്പെടുന്നു. ചെറുപ്രായത്തിൽ തന്നെ ഇലകൾ പൊഴിഞ്ഞു വീഴുന്നു
  • പൂർണ വളർച്ചയെത്തുന്നതിനു മുന്‍പ് തന്നെ ഇലകൾ പൊഴിഞ്ഞു വീഴുന്നു
  • തളിരിലകളിൽ ലക്ഷണങ്ങൾ പൊതുവെ കാണപ്പെടാറില്ല
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മണ്ണ് പരിശോധന നടത്തി അഭാവം ഉറപ്പാക്കുക
  • മഗ്നീഷ്യം ഒരു ചെടിക്ക് 32 ഗ്രാം / ഒരു ഏക്കറിന് 32 കി.ഗ്രാം എന്ന തോതില്‍ ചെടികള്‍ക്ക് അരികെ ചേര്‍ത്തു കൊടുക്കുക
  • ഡോളോമൈറ്റ് വളത്തിന്റെ ദീര്‍ഘകാല ഉപയോഗം അപര്യാപ്ത്തത കുറയ്ക്കുന്നു
  • മഗ്നീഷ്യം, പൊട്ടാസ്യം വളങ്ങള്‍ ഒരുമിച്ചു പ്രയോഗിക്കാന്‍ പാടുള്ളതല്ല

സള്‍ഫര്‍

ലക്ഷണങ്ങൾ
  • തളിരിലകൾ മഞ്ഞളിച്ചു പോകുന്നു. ഇലകൾ മൊത്തത്തിൽ മഞ്ഞ നിറത്തിൽ കാണപെടുന്നു.
  • ചെടികൾ പൂർണ വളർച്ചയെത്താൻ വൈകുന്നു
  • ശരിയായ രീതിയില്‍ കായ് പിടിത്തം നടക്കുന്നില്ല
  • ഇടമുട്ടുകള്‍ തമ്മിലുള്ള അകലം കുറഞ്ഞ് ചെടികൾ മുരടിച്ചു പോകുന്നു
  • കാപ്പിയുടെ ഗുണനിലവാരത്തെ ബാധിക്കുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • ജൈവവളങ്ങളുടെ ഉപയോഗം സള്‍ഫര്‍ ലഭ്യത കൂട്ടുന്നു
  • സള്‍ഫര്‍ വളങ്ങളായ ഫാക്റ്റം ഫോസ്, അമ്മോണിയം സള്‍ഫേറ്റ്, സിംഗിള്‍ സൂപ്പര്‍ ഫോസ്ഫേറ്റ് തുടങ്ങിയവ അപര്യാപ്ത്തത കുറയ്ക്കുന്നു.
  • പൊടി രൂപത്തിലുള്ള സള്‍ഫര്‍ ചെടിയൊന്നിന് 10 ഗ്രാം / 10 കി.ഗ്രാം ഒരു ഏക്കറിന് എന്ന തോതില്‍ നല്‍കുക
  • ക്ഷാരഗുണമുള്ള മണ്ണിലെ അഭാവം കുറയ്ക്കുന്നതിനായി ജിപ്സം ചേര്‍ത്ത് കൊടുക്കുക
  • ജൈവ മാലിന്യം കത്തിക്കുന്നത് സള്‍ഫറിന്റെ അപര്യാപ്ത്തതക്ക് കാരണമാകുന്നു.

ബോറോണ്‍

ലക്ഷണങ്ങൾ
  • ഇലകളുടെ അരികുകൾ മഞ്ഞളിക്കുകയും,തുടര്‍ന്ന്‍ മധ്യഭാഗത്തേക്ക് വ്യാപിക്കുകയും ചെയ്യുന്നു
  • മുകുളങ്ങൾ കരിഞ്ഞു പോകുന്നത് അപര്യാപ്ത്തതയുടെ പ്രധാന ലക്ഷണമാണ്
  • ഇലകളുടെ കട്ടി കൂടി അവ മുകളിലോട്ട് ചുരുണ്ട് സ്വഭാവിക ആകൃതി നഷ്ടപ്പെടുന്നു
  • പൂക്കുന്നതും കായ്ക്കുന്നതും ഗണ്യമായി കുറയുന്നു
  • കാപ്പികുരുക്കൾ പൂർണ വളർച്ച പ്രാപിക്കുന്നില്ല. തന്മൂലം വിളവിലും ഗുണമേന്മയിലും സാരമായ കുറവുണ്ടാകുന്നു
  • കാപ്പികുരുക്കളുടെ ഉൾഭാഗം പൊള്ളയായി കാണപ്പെടുന്നു.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മണ്ണ് പരിശോധന നടത്തി അഭാവം ഉറപ്പാക്കുക
  • ബോറാക്സ് ഒരു ചെടിക്ക് 4 ഗ്രാം അല്ലെങ്കിൽ ഒരു ഏക്കറിന് 4 കിലോഗ്രാം എന്ന തോതില്‍ മണ്ണിൽ പ്രയോഗിക്കുക.
  • പത്രപോഷണമായി ബോറാക്സ് ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കവുന്നതാണ്
  • ബോറോണും കാല്‍സ്യവും ഒരുമിച്ച് പ്രയോഗിക്കരുത്
  • അമോണിയം വളങ്ങൾക്കൊപ്പം ബോറാക്സ് പ്രയോഗിക്കുന്നത് ഒഴിവാക്കണം

ഇരുമ്പ് (അയേണ്‍)

ലക്ഷണങ്ങൾ
  • തളിരിലകളുടെ സിരകള്‍ക്കിടയിലൂടെയുള്ള മഞ്ഞളിപ്പ്
  • ഇലകളുടെ പ്രതലം വെളുത്ത നിറത്തില്‍ കാണപ്പെടുന്നു.
  • ഇലകളുടെ അഗ്രഭാഗങ്ങളിലും അരികുകളിലും തവിട്ടു നിറത്തിലുള്ള പുള്ളികള്‍ കാണപ്പെടുകയും കോശങ്ങള്‍ കരിഞ്ഞു ഉണങ്ങി പോകുകയും ചെയ്യുന്നു
  • കാപ്പി കുരുവിന്റെ വിളവും ഗുണമേന്മയും കുറയുന്നതിന് കാരണമാകുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • കേരളത്തിലെ മണ്ണില്‍ ഇരുമ്പിന്റെ അളവ് കൂടുതലാണ്, അതുകൊണ്ട് മണ്ണ് പരിശോധന നടത്തുക.
  • പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നത് ഇരുമ്പിന്റെ അപര്യാപ്ത്തതക്ക് കാരണമാകുന്നു.
  • ഫെറസ്സ് സള്‍ഫേറ്റ് 6 ഗ്രാം ഒരു ചെടിക്ക്/ 6 കി.ഗ്രാം ഒരു ഏക്കറിന് എന്ന തോതില്‍ പ്രയോഗിക്കുക.

മാംഗനീസ്

ലക്ഷണങ്ങൾ
  • തളിരിലകളുടെ സിരകള്‍ക്കിടയിലൂടെയുള്ള മഞ്ഞളിപ്പ് ( Checkered effect)
  • ഇലകളിൽ കോശങ്ങള്‍ കരിഞ്ഞുണങ്ങി നശിച്ച പാടുകള്‍ കാണപ്പെടുന്നു
  • ഇലകൾ ചുരുണ്ട് സ്വഭാവികത നഷ്ടപ്പെടുന്നു
  • ചെടികളുടെ വളർച്ച കുറയുന്നു
  • ക്ഷാര ഗുണം കൂടുതലുള്ള മണ്ണിലാണ് മാൻഗനീസ് അഭാവം കൂടുതൽ ആയി കാണപ്പെടുന്നത്
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മണ്ണ് പരിശോധന നടത്തുക
  • മാന്‍ഗനീസ് സള്‍ഫേറ്റ് 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിച്ചു കൊടുക്കുക

നാകം (സിങ്ക്)

ലക്ഷണങ്ങൾ
  • ഇലകളില്‍ സിരകള്‍ക്കിടയിലൂടെയുള്ള മഞ്ഞളിപ്പ് കാണപെടുന്നു
  • ഇലകളുടെ വലുപ്പവും വീതിയും കുറയുന്നു
  • കാപ്പിക്കുരുകളുടെ സ്വഭാവികത നഷ്ടമാകുന്നു
  • തണ്ടിലെ ഇടമുട്ടുകള്‍ തമ്മിലുള്ള അകലം കുറയുന്നതുകൊണ്ട് ചെടി അടുക്കി വെച്ച പോലെ കാണപെടുന്നു.
  • ചെടികൾ പൂക്കുവാനും കായ്ക്കുവാനും വൈകുന്നു
  • കായ് വളര്‍ച്ച ശരിയായി നടക്കുന്നില്ല.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • പി.എച്ച്. മൂല്യം 5 മുതല്‍ 7.5 വരെയാണ് നാകത്തിന്റെ ലഭ്യതക്ക് ഉചിതം.
  • മണ്ണ് പരിശോധനയിലൂടെ അപര്യാപ്ത്തത ഉറപ്പാക്കുക.
  • സിങ്കും ഫോസ്ഫേറ്റ് വളങ്ങളും ഒരേ സമയത്ത് പ്രയോഗിക്കാതിരിക്കുക
  • അഭാവം രൂക്ഷമാകുന്ന സാഹചര്യത്തില്‍, കാൽസ്യം കാർബണേറ്റും (2.5 ഗ്രാം ഒരു ലിറ്റർ വെള്ളത്തില്‍ ) സിങ്ക് സൾഫേറ്റും (2 ഗ്രാം ഒരു ലിറ്റർ വെള്ളത്തില്‍) പ്രഭാത സമയങ്ങളിൽ ഇലകളിൽ തളിക്കുന്നത് നിർദ്ദേശിക്കാവുന്നതാണ്.