മണിച്ചോളം (Sorghum bicolor)

നൈട്രജൻ (പാക്യജനകം)

Responsive image Responsive image
ലക്ഷണങ്ങൾ
  • അപര്യാപ്തതയുടെ ലക്ഷണങ്ങൾ ആദ്യം കാണുന്നത് മൂപ്പെത്തിയതും താഴ്ഭാഗത്തെ ഇലകളിലുമാണ്.
  • പ്രാരംഭ ലക്ഷണങ്ങൾ ഇലകളിൽ ഇളം പച്ച നിറവ്യത്യാസം വരുന്നതാണ്.
  • അപര്യാപ്തമായ ഇലകൾ ഇടുങ്ങിയതും, ചെറുതും മഞ്ഞനിറമുള്ളതുമാണ്.
  • ബാധിച്ച കൃഷിയിടത്തിൽ വളർച്ച മുരടിക്കുന്നു.
  • ധാന്യത്തിന്റെ വലിപ്പവും വിളവും കുറയുന്നു.
നിയന്ത്രണ മാർഗ്ഗങ്ങൾ
  • നടീൽ സമയത്ത് മണ്ണിൽ ജൈവവളങ്ങള്‍ ചേർക്കുക.
  • നടീൽ വസ്തുക്കൾ അസറ്റോബാക്റ്റർ, അസോസ്പൈറില്ലം തുടങ്ങിയ ജൈവവളങ്ങൾ ഉപയോഗിച്ച് പരിചരിക്കുക.
  • ശുപാർശ ചെയ്യുന്ന അളവിൽ വളങ്ങൾ യഥാസമയം പ്രയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക.
  • മണ്ണ് വിശകലനത്തിന് പോയി അപര്യാപ്തതയുടെ വ്യാപ്തി മനസ്സിലാക്കുക.
  • മണ്ണ് പരിശോധനാ ഫലമനുസരിച്ച് പെട്ടന്ന് നൈട്രജൻ തരുന്ന യൂറിയ പോലുള്ള വളങ്ങൾ വിഭജിച്ച അളവിൽ പ്രയോഗിക്കുക.
  • അടിയന്തര പരിഹാരമായി അപര്യാപ്തത മാറുന്നതുവരെ 15 ദിവസത്തിലൊരിക്കൽ യൂറിയ ഇലകളിൽ തളിക്കുക (10 ഗ്രാം / ലിറ്റർ വെള്ളം).

ഫോസ്ഫറസ് (ഭാവഹം)

Responsive image Responsive image
ലക്ഷണങ്ങൾ
  • കുറവിന്റെ ലക്ഷണങ്ങൾ ആദ്യം ശ്രദ്ധയിൽപ്പെടുന്നത് മുതിർന്ന ഇലകളിലും താഴ്ഭാഗത്തെ ഇലകളിലുമാണ്.
  • രോഗം ബാധിച്ച ഇലകൾ ആദ്യം കടും പച്ച നിറത്തിലേക്ക് മാറും.
  • ഇലകൾ നിവർന്നുനിൽക്കുന്നതും തുകൽ പോലെയുള്ളതുമായി കാണപ്പെടുന്നു.
  • ഇലപ്പോളകൾ മുകളിലേക്ക് വളയുകയും ചുവപ്പ് നിറം ആകുകയും ചെയ്യുന്നു.
  • വേരുകൾ പർപ്പിൾ അല്ലെങ്കിൽ കറുപ്പ് നിറമാവുകയും വളർച്ച മോശമായി കാണപ്പെടുകയും ചെയ്യുന്നു.
  • രോഗം ബാധിച്ച ചെടികളുടെ വളർച്ച മുരടിക്കും.
  • ഫോസ്ഫറസിന്റെ ഗുരുതരമായ കുറവുള്ള ചെടികൾക്ക് പലപ്പോഴും നേർത്ത തണ്ടുകൾ ഉണ്ടാകും.
നിയന്ത്രണ മാർഗ്ഗങ്ങൾ
  • 6.5-7.5 pH പരിധിയിലുള്ള വേരുകളാണ് ഫോസ്ഫറസ് ഏറ്റവും നന്നായി ആഗിരണം ചെയ്യുന്നത്.
  • ഫോസ്ഫറസ് ലഭ്യത വർദ്ധിപ്പിക്കുന്നതിന് ജൈവ വളത്തോടൊപ്പം ഫോസ്ഫറസ് ലയിക്കുന്ന ബാക്ടീരിയകൾ അടങ്ങിയ ജീവാണുവളങ്ങള്‍ ചേർക്കുക.
  • ഇരുമ്പിന്റെയും സിങ്കിന്റെയും അധിക ഉപയോഗം ഫോസ്ഫറസിന്‍റെ അപര്യാപ്തതയ്ക്ക് കാരണമാകും.
  • മണ്ണ് പരിശോധനാ റിപ്പോർട്ട് അനുസരിച്ച്, ഉടനടി തിരുത്തലിനായി സിംഗിൾ സൂപ്പർഫോസ്ഫേറ്റ് അല്ലെങ്കിൽ ദീർഘകാല പ്രതിവിധിക്കായി ബോണ്‍ മീല്‍ അല്ലെങ്കിൽ റോക്ക് ഫോസ്ഫേറ്റ് പോലുള്ള വളങ്ങൾ പ്രയോഗിക്കുക.

പൊട്ടാസ്യം (ക്ഷാരം)

Responsive image Responsive image
ലക്ഷണങ്ങൾ
  • അപര്യാപ്തതയുടെ ലക്ഷണങ്ങൾ ആദ്യം മുതിർന്ന ഇലകളിൽ വിളറിയതോ മഞ്ഞയോ നിറമുള്ള അരികുകളായി പ്രത്യക്ഷപ്പെടും.
  • തുടർന്ന് ഇലകളുടെ അരികുകളിൽ തവിട്ടുനിറവും കോശ നാശവും ഉണ്ടാകും.
  • ഇലയുടെ അടിഭാഗത്ത് പർപ്പിൾ പാടുകൾ പ്രത്യക്ഷപ്പെടാം.
  • ഈ കുറവ് ചെടിയുടെ മുളപൊട്ടൽ അല്ലെങ്കിൽ ശാഖകൾ ഉണ്ടാകൽ, ധാന്യത്തിന്റെ വലുപ്പം, ഭാരം എന്നിവയെയും സ്വാധീനിക്കുന്നു.
നിയന്ത്രണ മാർഗ്ഗങ്ങൾ
  • മണ്ണിന്റെ pH 6.0 ന് മുകളിലായിരിക്കുമ്പോഴാണ് പൊട്ടാസ്യത്തിന്റെ ലഭ്യത കൂടുന്നത്. അതിനാൽ അമ്ലത്വമുള്ള മണ്ണിൽ കുമ്മായം/ഡോളമൈറ്റ് ചേർത്ത് മണ്ണിന്റെ pH ശരിയാക്കുക.
  • മണ്ണിൽ ജൈവവസ്തുക്കളും ചാരവും ചേർക്കുക.
  • മണ്ണ് പരിശോധനാ റിപ്പോർട്ട് അനുസരിച്ച് മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് (MOP) പ്രയോഗിക്കുക.
  • വിഭജിച്ച് പ്രയോഗിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.
  • ഒരു അടിയന്തര പരിഹാരമായി പകല്‍ സമയങ്ങളിൽ പശ ചേർത്ത് സൾഫേറ്റ് ഓഫ് പൊട്ടാഷ് (SOP) (10 ഗ്രാം / ലിറ്റർ വെള്ളം) ഇലകളിൽ തളിക്കുക.

കാല്‍സ്യം

Responsive image
ലക്ഷണങ്ങൾ
  • കാൽസ്യത്തിന്റെ കുറവ് പ്രധാനമായും വളർച്ചാ മുനമ്പുകളിലും, ഇളം ഇലകളിലും, വികസിച്ചുകൊണ്ടിരിക്കുന്ന കായ്കളിലുമാണ് കാണപ്പെടുന്നത്.
  • ഇടമുട്ടുകളുടെ നീളം കുറയുന്നു.
  • ഏറ്റവും ഇളം ഇലകൾ ചുരുണ്ടതും അഗ്രഭാഗത്ത് ഒന്നിച്ചുചേർന്നതുമായി തുടരുന്നു. ഇലയുടെ അരികുകൾ ചുരുണ്ടതുമായി മാറുന്നു.
  • "ബുൾ-വിപ്പ്" എന്ന് വിളിക്കപ്പെടുന്ന കാൽസ്യം കുറവിന്റെ ലക്ഷണം കാണപെടുന്നു.
  • ഇലകൾ തുകൽ പോലെയാകുകയും പൊട്ടുന്നതുമായി മാറുന്നു.
  • സസ്യവളർച്ച മുരടിക്കും.
നിയന്ത്രണ മാർഗ്ഗങ്ങൾ
  • മണ്ണ് വളരെ അമ്ലത്വമുള്ളതാണെങ്കിൽ (pH 3.5 നും 4.5 നും ഇടയിൽ), കുമ്മായം (രണ്ട് ഗഡുക്കളായി 3.4 കി.ഗ്രാം/സെന്റ്) പ്രയോഗിക്കുക.
  • മിതമായ അമ്ലത്വമുള്ള പ്രദേശങ്ങളിൽ (pH 5.5 നും 6 നും ഇടയിൽ), കുമ്മായം (1 കി.ഗ്രാം/സെന്റ്) പ്രയോഗിക്കുക.
  • ഉയർന്ന അളവിലുള്ള ഫോസ്ഫറസും കാൽസ്യത്തിന്‍റെ കുറവിന് കാരണമാകും.
  • ക്ഷാര മണ്ണിൽ ജിപ്സം പ്രയോഗിക്കുക.
  • ബോറോണിന്റെ കുറവും കാൽസ്യത്തിന്‍റെ കുറവിന് കാരണമാകും.

മഗ്നീഷ്യം

Responsive image
ലക്ഷണങ്ങൾ
  • മഗ്നീഷ്യം കുറവുള്ള ഇലകളിൽ, സിരകൾക്കിടയിലുള്ള മഞ്ഞപ്പ് വികസിതമായി കാണപ്പെടുന്നു, ഉയർന്ന മഞ്ഞപ്പുള്ള കലകളിൽ നാശമുണ്ടാകുന്നു.
നിയന്ത്രണ മാർഗ്ഗങ്ങൾ
  • മണ്ണ് വിശകലനത്തിന് പോയി കുറവ് സ്ഥിരീകരിക്കുക.
  • മഗ്നീഷ്യം സൾഫേറ്റ് (ഏക്കറിന് 32 കി.ഗ്രാം) ചെടികൾക്ക് സമീപം ബാൻഡുകളായി പ്രയോഗിക്കുക.
  • ഡോളമൈറ്റ് പ്രയോഗിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ മഗ്നീഷ്യം കുറവ് കുറയ്ക്കും.
  • എന്നിരുന്നാലും, മഗ്നീഷ്യം, പൊട്ടാസ്യം വളങ്ങൾ ഒരുമിച്ച് ഉപയോഗിക്കരുത്.

സള്‍ഫര്‍

Responsive image
ലക്ഷണങ്ങൾ
  • അപര്യാപ്തതയുടെ ലക്ഷണങ്ങൾ ആദ്യം മുകളിലെ ഇലകളിലും ഇളം ഇലകളിലുമാണ് പ്രത്യക്ഷപ്പെടുന്നത്.
  • ഇലകളിലെ മഞ്ഞളിപ്പാണ് പൊതുവായ ലക്ഷണം.
  • രൂക്ഷമായ സൾഫറിന്റെ കുറവ് മൂലം മുഴുവൻ ചെടിയും മഞ്ഞനിറമാകും.
  • ഇളം ഇലകളുടെ അഗ്രഭാഗത്ത് കോശങ്ങള്‍ നശിച്ച ലക്ഷണങ്ങൾ കാണിച്ചേക്കാം.
  • ബാധിച്ച ചെടികളുടെ വളർച്ച മുരടിച്ചു പോകുന്നു.
നിയന്ത്രണ മാർഗ്ഗങ്ങൾ
  • സൾഫറിന്റെ ലഭ്യത വർദ്ധിപ്പിക്കുന്നതിന് ജൈവവസ്തുക്കൾ പ്രയോഗിക്കുക.
  • ജൈവ മാലിന്യങ്ങൾ കത്തിക്കുന്നത് ഒഴിവാക്കുക.
  • സൾഫർ അടങ്ങിയ ഫാക്ടാംഫോസ്, അമോണിയം സൾഫേറ്റ്, സിംഗിൾ സൂപ്പർഫോസ്ഫേറ്റ് തുടങ്ങിയ വളങ്ങളുടെ പ്രയോഗം അപര്യാപ്തത കുറയ്ക്കുന്നു.
  • മണ്ണിൽ സൾഫർ പൊടി (ഏക്കറിന് 10 കി.ഗ്രാം) പ്രയോഗിക്കുക.
  • ജിപ്സം പ്രയോഗിക്കുന്നത് ക്ഷാര മണ്ണിലെ കുറവ് പരിഹരിക്കും.

ബോറോണ്‍

Responsive image
ലക്ഷണങ്ങൾ
  • ബോറോണിന്റെ കുറവ് പ്രധാനമായും വളരുന്ന ഭാഗങ്ങളിലും, ഇളം ഇലകളിലും, വികസിച്ചുകൊണ്ടിരിക്കുന്ന കായ്കളിലുമാണ് കാണപ്പെടുന്നത്.
  • ബോറോണിന്റെ കുറവ് ഇടമുട്ടുകളുടെ വളർച്ചയെ കുറക്കുന്നു.
  • ബാധിച്ച ഇലകളിൽ ഇടുങ്ങിയ വെളുത്തതും സുതാര്യവുമായ ഉണങ്ങിയ പാടുകൾ കാണപ്പെടുന്നു.
  • രൂക്ഷമായ ബോറോണിന്റെ കുറവ് ഇളം ഇലകൾ പൊട്ടുന്നതിനും, വളയുന്നതിനും, ചുളിവുകൾ വീഴുന്നതിനും കാരണമാകും.
  • കോബുകൾ ചെറുതായിത്തീരും, ധാന്യങ്ങളുടെ ക്രമീകരണം കൃത്യമാകാതെ വരും.
നിയന്ത്രണ മാർഗ്ഗങ്ങൾ
  • വരണ്ട മണ്ണിലാണ് ബോറോണിന്റെ കുറവ് കൂടുതലായി കാണപ്പെടുന്നത്.
  • മണ്ണിൽ ഉയർന്ന അളവിൽ ഫോസ്ഫറസ് ലഭ്യമാവുന്നത് ബോറോൺ ആഗിരണം തടസ്സപ്പെടുത്തുന്നു.
  • ബോറാക്സ് (4 കി.ഗ്രാം/ഏക്കർ) മണ്ണിൽ പ്രയോഗിക്കുക.
  • ഉടനടി ഫലത്തിനായി ബോറാക്സ് (1 ഗ്രാം/ലിറ്റർ വെള്ളം) ഇലകളിൽ തളിക്കുക. അധിക സാന്ദ്രത വിഷാംശത്തിന് കാരണമായേക്കാം.
  • അമോണിയം വളങ്ങൾക്കൊപ്പം ബോറാക്സ് പ്രയോഗിക്കരുത്

ഇരുമ്പ് (അയേണ്‍)

Responsive image Responsive image
ലക്ഷണങ്ങൾ
  • പുതിയ മുളകളിലാണ് അപര്യാപ്തതയുടെ ലക്ഷണങ്ങൾ ആദ്യം പ്രത്യക്ഷപ്പെടുന്നത്.
  • ഇലകൾ മഞ്ഞനിറത്തിൽ ഇരുണ്ട പച്ച ഞരമ്പുകളോടുകൂടി (ഇന്റർവീനൽ ക്ലോറോസിസ്) പുതിയ മുളകൾ ഒടുവിൽ വെള്ള നിറമായി പോകുന്നതാണ് ലക്ഷണങ്ങൾ.
  • ഗുരുതരമാകുമ്പോൾ, മുഴുവൻ ചെടിയും ഇളം പച്ച നിറത്തിലായിരിക്കാം.
നിയന്ത്രണ മാർഗ്ഗങ്ങൾ
  • നല്ല നീർവാർച്ചയും മണ്ണിലെ വായുസഞ്ചാരവും ഇരുമ്പിന്റെ ലഭ്യതയെ അനുകൂലിക്കുന്നു.
  • പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നത് ഇരുമ്പിന്റെ കുറവ് വർദ്ധിപ്പിക്കും.
  • അപര്യാപ്തമായ മണ്ണിൽ, ഫെറസ് സൾഫേറ്റ് (6 കി.ഗ്രാം/ഏക്കർ) മണ്ണിൽ പുരട്ടുക.

മാംഗനീസ്

Responsive image
ലക്ഷണങ്ങൾ
  • ഇലകളിൽ സിരകൾക്കിടയിലുള്ള മഞ്ഞളിപ്പ്.
  • മുതിർന്ന ഇലകളിലും ഇളം ഇലകളിലും വരകളുള്ള കരിഞ്ഞ് ഉണങ്ങിയ പാടുകള്‍
  • കോബുകളുടെ വികസനം അപര്യാപ്തമോ ക്രമരഹിതമോ ആയിരിക്കും. ഒഴിഞ്ഞ അഗ്രഭാഗങ്ങളോ വ്യത്യസ്ത വലിപ്പത്തിലുള്ള ധാന്യങ്ങളോ, വളഞ്ഞ കോബുകളോ ദൃശ്യമാകും.
നിയന്ത്രണ മാർഗ്ഗങ്ങൾ
  • കേരളത്തിലെ മണ്ണിൽ പൊതുവെ ഉയർന്ന അളവിൽ മാംഗനീസ് അടങ്ങിയിട്ടുണ്ട്.
  • ഉയർന്ന അളവിൽ ഇരുമ്പ് മാംഗനീസിന്‍റെ കുറവിന് കാരണമാകും.
  • അതിനാൽ പ്രശ്നത്തിന്റെ യഥാർത്ഥ കാരണം മനസ്സിലാക്കാൻ മണ്ണ് പരിശോധന നടത്തുക.
  • അപര്യാപ്തമായ മണ്ണിൽ, മാംഗനീസ് സൾഫേറ്റ് (5 ഗ്രാം/ലിറ്റർ വെള്ളം) പത്രപോഷണമായി നല്‍കുക.

നാകം (സിങ്ക്)

Responsive image
ലക്ഷണങ്ങൾ
  • തണ്ടിനടുത്തുള്ള ഇലകളുടെ ഭാഗങ്ങളിൽ വെള്ള മുതൽ മഞ്ഞ നിറവ്യത്യാസം ('വെള്ളമുകുളം') ഉണ്ടാകാം.
  • മധ്യസിരയും ഇലയുടെ അരികുകളും പച്ചയായി തുടരും.
  • കുറവ് രൂക്ഷമാണെങ്കില്‍, ഇടമുട്ടകലം കുറയുന്നത് മൂലം സസ്യങ്ങൾ മുരടിക്കുകയും താഴത്തെ ഇലകളുടെ അരികിൽ നിന്ന് ഏകദേശം മൂന്നിലൊന്ന് ദൂരം ചുവപ്പ് അല്ലെങ്കിൽ മഞ്ഞ വരകൾ കാണപ്പെടുകയും ചെയ്യും.
നിയന്ത്രണ മാർഗ്ഗങ്ങൾ
  • നാകത്തിന്‍റെ ലഭ്യതയ്ക്ക് അനുയോജ്യമായ pH പരിധി 5 മുതൽ 7.5 വരെയാണ്.
  • മൂലകത്തിന്റെ കുറവ് സ്ഥിരീകരിക്കാൻ മണ്ണ് പരിശോധന നടത്തുക. കുറവുള്ള മണ്ണിൽ, സിങ്ക് സൾഫേറ്റ് (8 കി.ഗ്രാം/ഏക്കർ) മണ്ണിൽ പ്രയോഗിക്കുക.
  • സിങ്ക് വളങ്ങളും ഫോസ്ഫേറ്റ് വളങ്ങളും ഒരേസമയം ഉപയോഗിക്കരുത്.
  • അപര്യാപ്തത രൂക്ഷമാകുമ്പോള്‍, രാവിലെ സമയങ്ങളിൽ സിങ്ക് സൾഫേറ്റ് (2 ഗ്രാം/ലിറ്റർ വെള്ളം) കാൽസ്യം കാർബണേറ്റുമായി (2.5 ഗ്രാം/ലിറ്റർ വെള്ളം) ചേര്‍ത്ത് ഇലകളിൽ തളിക്കുന്നത് ശുപാർശ ചെയ്യാവുന്നതാണ്.