ഉരുളക്കിഴങ്ങ്‌ (Solanum tuberosum)

നൈട്രജൻ (പാക്യജനകം)

ലക്ഷണങ്ങൾ
  • നൈട്രജൻ്റെ അപര്യാപ്ത്തത സിരകൾ ഉൾപ്പെടെ മുഴുവൻ ഇലയും ഒരേപോലെ മഞ്ഞനിറമാകാന്‍ കാരണമാകുന്നു.
  • നൈട്രജൻ പ്രയോഗത്തിനു ശേഷം ഇളം ഇലകൾ കടും പച്ചയായി മാറുന്നു, പഴയ ഇലകൾ അവയുടെ മഞ്ഞ നിറത്തില്‍ തന്നെ കാണപ്പെടുന്നു.
  • നൈട്രജൻ്റെ അപര്യാപ്ത്തത രൂക്ഷമായാല്‍ ഇലകൾ മുകളിലേക്ക് ചുരുളാന്‍ ഇടയാക്കും.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മൂലകത്തിന്റെ അഭാവം തിരിച്ചറിയുന്നതിനായി മണ്ണ് പരിശോധന നടത്തുക.
  • നൈട്രജൻ പെട്ടന്ന് പുറപ്പെടുവിക്കുന്ന യൂറിയ പോലുള്ള വളങ്ങൾ ഇട്ടുകൊടുക്കുക
  • മണ്ണിനു ആവശ്യമായ ജൈവാംശം അടങ്ങിയ വളങ്ങള്‍ ഓരോ വര്‍ഷവും കൃത്യമായ ഇടവേളകളില്‍ ലഭിക്കുന്നുണ്ടെന് ഉറപ്പാക്കണം
  • ഉടനടിയുള്ള പരിഹാരത്തിന് 10 ഗ്രാം / ലിറ്റർ വെള്ളത്തിന് എന്ന തോതില്‍ യൂറിയ 15 ദിവസത്തിലൊരിക്കൽ ഇലകളിൽ തളിക്കുക.

ഫോസ്ഫറസ് (ഭാവഹം)

ലക്ഷണങ്ങൾ
  • മൂപ്പെത്തിയ ഇലകളിൽ പ്രാരംഭ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും കരിച്ചില്‍ പോലുള്ള പാടുകൾ പ്രത്യക്ഷപ്പെടുകയും ചെടിയുടെ വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു.
  • ഫോസ്ഫറസ് കുറവുള്ള സസ്യങ്ങൾ വളര്‍ച്ച വളരെ സാവധാനത്തിലാകുന്നു.
  • തണ്ട്, ഇലഞെട്ട്, ഇലകളുടെ അടിവശം എന്നിവയിൽ പർപ്പിൾ നിറവ്യത്യാസം ഉണ്ടാകുന്നു.
  • ചെടികൾ വളര്‍ച്ച മുരടിച്ച നിലയിലാവുകയും സാധാരണയേക്കാൾ ഇരുണ്ട നിറം കാണിക്കുകയും ചെയ്യുന്നു.
  • താഴത്തെ ഇലയുടെ ഉപരിതലം ചാരനിറം കലര്‍ന്ന പച്ച നിറത്തില്‍ കാണപ്പെടുന്നു.
  • രൂക്ഷമായ അപര്യാപ്ത്തത ഉള്ള ഇലയിതളുകള്‍ മുകളിലേക്ക് ചുരുളുന്നു.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • കൃത്യമായ ഇടവേളകളില്‍ ആവശ്യാനുസരണം വളപ്രയോഗം നടത്തുന്നുണ്ടെന്നു ഉറപ്പാക്കണം.
  • മൂലകത്തിന്റെ അഭാവം തിരിച്ചറിയുന്നതിനായി മണ്ണ് പരിശോധന നടത്തുക.
  • ഫോസ്ഫറസിന്റെ പെട്ടെന്നുള്ള ലഭ്യതക്കായി സൂപ്പര്‍ ഫോസ്ഫേറ്റ് വളങ്ങളും ദീര്‍ഘകാല ലഭ്യതക്കായി എല്ല് പൊടി, റോക്ക് ഫോസ്ഫേറ്റ് തുടങ്ങിയവയും പ്രയോഗിക്കുക.
  • ആഗിരണം ചെയ്യുന്നതിനായുള്ള ഉചിതമായ പി.എച്ച്. മൂല്യം 6.2 മുതല്‍ 7.0 വരെയാണ്
  • ജൈവവളങ്ങളോടൊപ്പം ഫോസ്ഫറസ് ജീവാണുവളങ്ങള്‍ ചേര്‍ക്കുന്നത് അവയുടെ ലഭ്യത കൂട്ടാന്‍ സഹായകരമാണ്.

പൊട്ടാസ്യം (ക്ഷാരം)

ലക്ഷണങ്ങൾ
  • പൊട്ടാസ്യത്തിൻ്റെ അപര്യാപ്തത ഇളം ഇലകളെയും മൂപ്പെത്തിയ ഇലകളെയും ബാധിക്കുന്നു.
  • പൊട്ടാസ്യത്തിൻ്റെ അഭാവത്തിൻ്റെ പ്രധാന ലക്ഷണങ്ങളാണ് ചുളിവുകളോട് കൂടിയ ഇലകള്‍, അഗ്രം കരിച്ചില്‍, സിരകള്‍ക്കിടയിലൂടെയുള്ള ഇലകരിച്ചില്‍ എന്നിവ.
  • ബാധിച്ച ഇലകളുടെ ഇടവിട്ടുള്ള ഭാഗങ്ങൾ വലിയ തോതിൽ കരിച്ചില്‍ പാടുകള്‍ കാണപ്പെടുന്നു, അതേസമയം സിരകൾ പച്ച നിറത്തില്‍ കാണപ്പെടുന്നു.
  • കരിച്ചില്‍ ബാധിച്ച ഇലകൾ ചുരുളുകയും ചുളിയുകയും ചെയ്യുന്നു. ഇവ കരിഞ്ഞ അരികുകളോട് കൂടി കറുത്ത് വരണ്ട രൂപം പ്രാഭിക്കുന്നു
  • പൊട്ടാസ്യത്തിൻ്റെ അപര്യാപ്തത മൂലമുണ്ടാകുന്ന മഞ്ഞളിപ്പ്, പൊട്ടാസ്യം പ്രയോഗിച്ചാല്‍ പോലും മാറുകയില്ല.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • അമ്ലക്ഷാര മൂല്യം 6-ല്‍ കൂടുതലുള്ള മണ്ണിലാണ് പൊട്ടാസ്യത്തിന്റെ ലഭ്യത കൂടുതലാകുന്നത്.
  • കുമ്മായം / ഡോളമൈറ്റ് പ്രയോഗിക്കുന്നതിലൂടെ അമ്ലക്ഷാര മൂല്യം നിലനിര്‍ത്താന്‍ സാധിക്കും.
  • ജൈവവളത്തോടൊപ്പം ചാരം ചേര്‍ക്കുന്നത് വഴി മണ്ണിന്റെ ഫലഭൂയിഷ്ട്ടി മെച്ചപ്പെടുത്താം.
  • മൂലകത്തിന്റെ അഭാവം തിരിച്ചറിയുന്നതിനായി മണ്ണ് പരിശോധന നടത്തുക.
  • മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് ചേര്‍ത്ത് കൊടുക്കുക. തവണകളായി ചേര്‍ക്കുന്നതാണ് അഭികാമ്യം
  • പെട്ടെന്നുള്ള പ്രതിവിധിക്കായി സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് (SOP) 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ പശ ചേര്‍ത്ത് ഇലകളില്‍ തളിക്കാവുന്നതാണ്

കാല്‍സ്യം

ലക്ഷണങ്ങൾ
  • ഇളം ഇലകളിലും ഇലയുടെ അഗ്രങ്ങളിലും മഞ്ഞളിപ്പ്, വലിപ്പം കുറയൽ, ഇലചുരുളല്‍ ചുരുളൽ എന്നിവ കാണപ്പെടുന്നു.
  • ഗുരുതരമായ കാൽസ്യത്തിൻ്റെ അപര്യാപ്ത്തത ചെടികളുടെ വളർച്ച മുരടിക്കുന്നതിനു കാരണമാകും.
  • ചെടികൾക്കുള്ളിൽ കാൽസ്യത്തിൻ്റെ കൈമാറ്റം പരിമിതമായതിനാൽ ഇലകൾ, കാണ്ഡം, മുളകൾ എന്നിവയുടെ അഗ്രഭാഗങ്ങളിലാണ് ലക്ഷണങ്ങൾ പ്രധാനമായി പ്രകടമാകുന്നത്.
  • കിഴങ്ങിനകത്തെ തുരുമ്പിച്ച പാടുകൾക്കൊപ്പം, മുകുളങ്ങളിലെ ആഗ്ര ഭാഗത്തെ കരിച്ചിലും കറുത്ത പാടുകളും കാൽസ്യം അപര്യാപ്ത്തതയെ സൂചിപ്പിക്കുന്നു.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മണ്ണ് പരിശോധന നടത്തുക
  • മണ്ണിൻ്റെ അമ്ലത പരിശോധിക്കുക. മണ്ണ് അങ്ങേയറ്റം അസിഡിറ്റി ഉള്ളതാണെങ്കിൽ (പി.എച്ച്. 3.5 നും 4.5 നും ഇടയിൽ), കുമ്മായം (3.4 കി.ഗ്രാം/സെൻ്റ് രണ്ട് തവണകളായി) ചേര്‍ത്ത് കൊടുക്കുക. മിതമായ അസിഡിറ്റി ഉള്ള സ്ഥലങ്ങളിൽ (5.5 നും 6 നും ഇടയിൽ) കുമ്മായം 1 കി.ഗ്രാം/സെൻ്റ് എന്ന നിലയില്‍ ചേര്‍ത്ത് കൊടുക്കുക.
  • ഫോസ്ഫറസിന്റെ അതിപ്രസരണം കാത്സ്യത്തിന്റെ അപര്യാപ്ത്തതക്ക് കാരണമാകുന്നു.
  • ക്ഷാരഗുണമുള്ള മണ്ണില്‍ ജിപ്സത്തിന്റെ പ്രയോഗം അഭികാമ്യമാണ്
  • കാത്സ്യത്തിന്റെ വിനിയോഗത്തിനു ബോറോണ്‍ ആവശ്യമായതിനാല്‍ അവയുടെ അഭാവം കാത്സ്യത്തിന്റെ അപര്യാപ്ത്തതക്ക് കാരണമാകുന്നു.

മഗ്നീഷ്യം

ലക്ഷണങ്ങൾ
  • മഗ്നീഷ്യത്തിന്‍റെ അഭാവമുള്ള ഇലകൾ സിരകള്‍ക്കിടയിലൂടെയുള്ള മഞ്ഞളിപ്പ് കാണിക്കുന്നു.
  • സിരകള്‍ക്കിടയിലൂടെയുള്ള കരിച്ചില്‍ രൂക്ഷമായ അപര്യാപ്ത്തതയില്‍ മുഴുവനായും കരിച്ചിലിനു കാരണമാകുന്നു.
  • രൂക്ഷമായ മഗ്നീഷ്യത്തിന്‍റെ അഭാവം പൊട്ടാസ്യത്തിൻ്റെ അഭാവവുമായി സാമ്യമുള്ളതാണ്.
  • സിരകള്‍ക്കിടയിലൂടെയുള്ള മഞ്ഞളിപ്പ് പാടുകളാണ് ലക്ഷണങ്ങളുടെ തുടക്കം
  • ഇളം ഇലകളിലും മുതിർന്ന ഇലകളിലും ലക്ഷണങ്ങൾ കാണപ്പെടുന്നു.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മണ്ണ് പരിശോധന നടത്തി അഭാവം ഉറപ്പാക്കുക
  • മഗ്നീഷ്യം സൾഫേറ്റ് ഒരു ഏക്കറിന് 32 കി.ഗ്രാം എന്ന തോതില്‍ ചെടികള്‍ക്ക് അരികെ ചേര്‍ത്തു കൊടുക്കുക
  • ഡോളമൈറ്റ് വളത്തിന്റെ ദീര്‍ഘകാല ഉപയോഗം അപര്യാപ്ത്തത കുറയ്ക്കുന്നു
  • മഗ്നീഷ്യം, പൊട്ടാസ്യം വളങ്ങള്‍ ഒരുമിച്ചു പ്രയോഗിക്കാന്‍ പാടുള്ളതല്ല

സള്‍ഫര്‍

ലക്ഷണങ്ങൾ
  • ഇലകൾ മുഴുവനായും മഞ്ഞളിപ്പ് കാണിക്കുന്നു, ഞരമ്പുകളിലും ഇലഞെട്ടുകളിലും ചുവപ്പ് നിറവ്യത്യാസം കാണിക്കുന്നു.
  • ഇളം ഇലകൾ ഉൾപ്പെടെ മുഴുവൻ ചെടിയിലും മഞ്ഞനിറം കാണപെടുന്നു.
  • ഇലകളുടെ അടിഭാഗത്ത് പലപ്പോഴും ചുവപ്പ് കലർന്ന നിറം കാണപ്പെടുന്നു.
  • സൾഫറിൻ്റെ അപര്യാപ്ത്തത രൂക്ഷമായ സാഹചര്യത്തില്‍ ഇലകൾ നിവര്‍ന്നതോ മടങ്ങിയതോ ആയി പെട്ടെന്ന് പൊട്ടുന്നതും ആകുന്നു.
  • ഇലകളില്‍ മുഴുവനും മഞ്ഞനിറം ഒരുപോലെ കാണപ്പെടുന്നു.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • ജൈവവളങ്ങളുടെ ഉപയോഗം സള്‍ഫര്‍ ലഭ്യത കൂട്ടുന്നു
  • സള്‍ഫര്‍ വളങ്ങളായ ഫാക്റ്റം ഫോസ്, അമ്മോണിയം, സിംഗിള്‍ സൂപ്പര്‍ തുടങ്ങിയവ അപര്യാപ്ത്തത കുറയ്ക്കുന്നു.
  • പൊടി രൂപത്തിലുള്ള സള്‍ഫര്‍ 10 കിലോഗ്രാം ഒരു ഏക്കറിന് എന്ന തോതില്‍ ചേര്‍ത്തു കൊടുക്കുക
  • ക്ഷാരഗുണമുള്ള മണ്ണിലെ അഭാവം കുറയ്ക്കുന്നതിനായി ജിപ്സം ചേര്‍ത്ത് കൊടുക്കുക
  • ജൈവ മാലിന്യം കത്തിക്കുന്നത് സള്‍ഫറിന്റെ അപര്യാപ്ത്തതക്ക് കാരണമാകുന്നു.

ബോറോണ്‍

ലക്ഷണങ്ങൾ
  • ബോറോൺ കുറവുള്ള ഇലകൾ മുഴുവനായും നേരിയ തോതിലുള്ള മഞ്ഞളിപ്പ് കാണിക്കുന്നു.
  • ബോറോണിന്‍റെ അഭാവം വളര്‍ച്ചാ ഭാഗങ്ങളില്‍ കരിച്ചിലിന് കാരണമാകുന്നു, അതിൻ്റെ ഫലമായി ഇലകളുടെ അഗ്രമേധാവിത്വവും ഇല്ലാതാകാന്‍ കാരണമാകുന്നു. ഇത് ഇലകൾ കൂട്ടം കൂടി വളരാൻ കാരണമാകുന്നു.
  • ലക്ഷണങ്ങൾ കാൽസ്യത്തിന്‍റെ അപര്യാപ്ത്തതയുമായി സാമ്യമുള്ളതാണ്.
  • ഇലകൾ പെട്ടെന്ന് പോട്ടിപോകാന്‍ സാധ്യതയുള്ളതുമാണ്.
  • മതിയായ ജലലഭ്യത ഉണ്ടായിരുന്നിട്ടും, ഇളം ഇലകൾ വാടിപ്പോയേക്കാം.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മണ്ണ് പരിശോധന നടത്തി അഭാവം ഉറപ്പാക്കുക
  • 4 കി.ഗ്രാം ബോറാക്സ് ഒരു ഏക്കറിന് എന്ന തോതില്‍ ചേര്‍ക്കാം
  • പത്രപോഷണമായി ബോറാക്സ് ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാവുന്നതാണ്
  • ബോറോണും കാല്‍സ്യവും ഒരുമിച്ച് പ്രയോഗിക്കരുത്
  • അമോണിയം വളങ്ങൾക്കൊപ്പം ബോറാക്സ് പ്രയോഗിക്കരുത്

ചെമ്പ് (കോപ്പര്‍)

ലക്ഷണങ്ങൾ
  • കോപ്പറിന്റെ അഭാവം ഇലകളുടെ പ്രദലത്തിൽ ആകമാനം നേരിയ മഞ്ഞളിപ്പ് ഉണ്ടാകുന്നു. ഇത് ഇളം ഇലകളിലെ ആരോഗ്യം നഷ്ടപ്പെടുന്നതിനും കാരണമാകുന്നു.
  • അടുത്തിടെ മൂപ്പെത്തിയ ഇലകളിൽ പച്ചനിറത്തിലുള്ള വലപോലുള്ള ഞരമ്പുകള്‍ കാണപ്പെടുന്നു, ചില ഭാഗങ്ങൾ വെളുത്ത ചാരനിറത്തിലേക്ക് മങ്ങി കാണപ്പെടുന്നു..
  • ചില ഇലകളിൽ വെള്ളം കുതിര്‍ന്ന കരിച്ചില്‍ പാടുകൾ ഉണ്ടാകുകയും, താഴേക്ക് വളയാനുള്ള പ്രവണത കാണിക്കുകയും ചെയ്യാം.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • കോപ്പർ സൾഫേറ്റ് 8 ഗ്രാം/സെൻ്റ് അല്ലെങ്കിൽ 800 ഗ്രാം/ ഏക്കർ എന്നാ തോതില്‍ മണ്ണിൽ ചേർക്കുക.

ഇരുമ്പ് (അയേണ്‍)

ലക്ഷണങ്ങൾ
  • ഇരുമ്പിന്‍റെ അഭാവമുള്ള ഇലകളുടെ അടിഭാഗത്ത് മഞ്ഞളിപ്പ് കാണിക്കുന്നു. ചിലഭാങ്ങളില്‍ വലപോലെ കാണപ്പെടുന്നു.
  • ഇരുമ്പിന്‍റെ അപര്യാപ്തത സാധാരണയായി ഇളം ഇലകളിൽ സിരകള്‍ക്കിടയിലൂടെയുള്ള മഞ്ഞളിപ്പ് കാണിക്കുന്നു, ക്രമേണ ഇവ ഇല മുഴുവനായും മഞ്ഞളിക്കുന്നു. ഒടുവിൽ ഇലകൾ പൂർണ്ണമായും വെള്ള നിറമായി മാറുന്നു.
  • ഇരുമ്പിന്‍റെ അഭാവത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങൾ ഏറ്റവും ഇളയ ഇലകളിലാണ് കാണപ്പെടുന്നത്.
  • ഇരുമ്പിന്‍റെ കുറവ് സാധാരണയായി സുഷിരങ്ങളുള്ള മണ്ണ്, വായുസഞ്ചാരം കുറഞ്ഞ മണ്ണ്, അമിതമായ ഘന ലോഹ സാന്നിധ്യമുള്ള മണ്ണ് എന്നിവടങ്ങളില്‍ കാണപ്പെടുന്നു.
  • അപര്യാപ്തത രൂക്ഷമായ സന്ദർഭങ്ങളിൽ, വളർച്ചാ ഭാഗങ്ങളും ഇളം ഇലകളും കരിച്ചില്‍ ബാധിക്കുന്നു കൂടാതെ ഇലകള്‍ മഞ്ഞയോ വെള്ളയോ ആയി മാറിയേക്കാം, അതേ സമയം സിരകള്‍ പച്ച നിറമായി തന്നെ തുടരുന്നു.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • കേരളത്തിലെ മണ്ണില്‍ ഇരുമ്പിന്റെ അളവ് കൂടുതലാണ്. അതുകൊണ്ട്, പ്രശ്നത്തിന്റെ കാരണം നിർണ്ണയിക്കാൻ മണ്ണ് പരിശോധന നടത്തുക.
  • പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നത് ഇരുമ്പിന്റെ അപര്യാപ്ത്തതക്ക് കാരണമാകുന്നു.
  • ഫെറസ്സ് സള്‍ഫേറ്റ് 6 കി.ഗ്രാം ഒരു ഏക്കറിന് എന്ന തോതില്‍ പ്രയോഗിക്കുക.

മാംഗനീസ്

ലക്ഷണങ്ങൾ
  • നേരിയ തോതില്‍ ഇലകള്‍ക്കിടയിലൂടെയുള്ള മഞ്ഞളിപ്പ് കാണപ്പെടുന്നു. മാംഗനീസിന്‍റെ അഭാവം മൂലമുണ്ടാകുന്ന മഞ്ഞളിപ്പിന്റെ പ്രാരംഭ ഘട്ടങ്ങൾ ഇരുമ്പിൻ്റെ അഭാവം മൂലമുണ്ടാകുന്ന ലക്ഷണങ്ങളുമായി സാമ്യം തോന്നുന്നു.
  • അപര്യാപ്ത്തത രൂക്ഷമാകുമ്പോള്‍, ഇലകളുടെ സിരകളിൽ ഇരുണ്ട കരിച്ചില്‍ പാടുകള്‍ കാണപ്പെടുന്നു.
  • ഇലകൾ മുകളിലേക്ക് ചുരുളുന്നു, പ്രധാന ഞരമ്പുകളില്‍ തവിട്ട് പാടുകൾ ഉണ്ടാകുന്നു.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മണ്ണ് പരിശോധന നടത്തുക
  • മാന്‍ഗനീസ് സള്‍ഫേറ്റ് 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിച്ചു കൊടുക്കുക

നാകം (സിങ്ക്)

ലക്ഷണങ്ങൾ
  • ഇലകളിൽ സിരകള്‍ക്കിടയിലൂടെയുള്ള കരിച്ചിലാണ് പ്രധാന ലക്ഷണങ്ങള്‍.
  • തുടക്കത്തിൽ, സിങ്കിൻ്റെ അഭാവം ഇളയ ഇലകൾ മഞ്ഞനിറമായി മാറുകയും മൂപ്പെത്തിയ ഇലകളുടെ മുകൾ പ്രതലങ്ങളിൽ ഞരമ്പുകൾക്കിടയിൽ കുഴിയുണ്ടാക്കുകയും ചെയ്യുന്നു.
  • അപര്യാപ്ത്തത തീവ്രമായ അവസ്ഥയില്‍ സിരകള്‍ക്കിടയിലൂടെയുള്ള കരിച്ചിലിലേക്ക് നയിക്കുന്നു, പ്രധാന സിരകൾ പച്ചയായി തന്നെ നിലനില്‍ക്കുന്നു.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • പി.എച്ച്. മൂല്യം 5 മുതല്‍ 7.5 വരെയാണ് നാകത്തിന്റെ ലഭ്യതക്ക് ഉചിതം.
  • മണ്ണ് പരിശോധനയിലൂടെ അപര്യാപ്ത്തത ഉറപ്പാക്കുക.
  • സിങ്ക് സള്‍ഫേറ്റ് 8 കി.ഗ്രാം / ഏക്കർ എന്ന തോതില്‍ പ്രയോഗിക്കുക.
  • സിങ്കും ഫോസ്ഫേറ്റ് വളങ്ങളും ഒരേ സമയത്ത് പ്രയോഗിക്കാതിരിക്കുക.
  • അഭാവം രൂക്ഷമാകുന്ന സാഹചര്യത്തില്‍, കാൽസ്യം കാർബണേറ്റും (2.5 ഗ്രാം ഒരു ലിറ്റർ വെള്ളത്തില്‍) സിങ്ക് സൾഫേറ്റും (2 ഗ്രാം ഒരു ലിറ്റർ വെള്ളത്തില്‍) പ്രഭാത സമയങ്ങളിൽ ഇലകളിൽ തളിക്കുന്നത് നിർദ്ദേശിക്കാവുന്നതാണ്.