കറുവാപ്പട്ട (Cinnamomum zeylanicum)

  • നട്ട് മൂന്നു വര്‍ഷം കഴിയുമ്പോള്‍ വിളവെടുക്കാനാകും.
  • മെയ്‌ മാസത്തിലും നവംബര്‍ മാസത്തിലുമായി വര്‍ഷത്തില്‍ രണ്ടു തവണ പട്ട ശേഖരിക്കാം.
  • ഈ സമയത്ത്‌ പുതിയ ശാഖകള്‍ തളിരിട്ട് ഇളം ചുവപ്പാര്‍ന്ന തളിരുകള്‍ മൂപ്പെത്തി പച്ച നിറമാകും.
  • കൂടാതെ ചെടിയുടെ കറ (കോശദ്രാവകം)തൊലിക്കടിയിലൂടെ നന്നായി പ്രവഹിക്കും എന്നതുകൊണ്ട് തൊലി വേഗം ഉരിച്ചെടുക്കാനും കഴിയും.
  • പരിചയസമ്പന്നര്‍ക്ക് മൂര്‍ച്ചയുള്ള കത്തി കൊണ്ട് തൊലി ചെറുതായി മുറിച്ചു നോക്കിയാല്‍ ഇത് അറിയാന്‍ സാധിക്കും.
  • തൊലി പെട്ടന്ന് വിട്ടു പോരുന്നുണ്ടെങ്കില്‍ പട്ട വെട്ടാന്‍ പാകമായി എന്ന് അനുമാനിക്കാം.
  • വിളവെടുപ്പ്‌ കഴിവതും രാവിലെ തന്നെ നടത്തണം. 2-2½ സെ.മീ. വ്യാസമുള്ള കമ്പുകള്‍ 1 ½ മുതല്‍ 2 മീറ്റര്‍ വരെ നീളത്തില്‍ മുറിച്ചെടുക്കണം.
  • ഇതിന്റെ ചില്ലകളും ഇലകളും മാറ്റി പുറമെയുള്ള തവിട്ടുനിറത്തിലുള്ള തൊലി ചുരണ്ടി മാറ്റിയ ശേഷം തണ്ട് ശക്തിയായി തിരുമ്മി തൊലി വിട്ടു പോരുന്ന തരത്തിലാക്കണം.
  • 30 സെ. മീ. അകലത്തില്‍ കമ്പിന് ചുറ്റുമായും പിന്നീട് ഇരു വശത്തുമായി നെടുകയും മുറിവുണ്ടാക്കി വളഞ്ഞ കത്തി കൊണ്ട് തൊലി കമ്പില്‍ നിന്നും വേര്‍പ്പെടുത്തണം.
  • നല്ലതും നീളം കൂടിയതുമായ പട്ടകള്‍ പുറത്തും ചെറിയവ അകത്തും വെച്ച് കൈകൊണ്ട് അമര്‍ത്തി ചുരുട്ടി കുഴല്‍ പോലെയാക്കി അറ്റം ഭംഗിയായി വെട്ടിയത്തിനു ശേഷം തണലില്‍ ഉണക്കിയെടുക്കാം.
  • നേരിട്ട് വെയിലില്‍ ഉണക്കിയാല്‍ പട്ട ചുക്കിച്ചുളിഞ്ഞി ഗുണമേന്മ കുറയുന്നതിന് ഇടയാകും.
  • ഉണങ്ങി കിട്ടുന്ന കറുവാപ്പട്ടയ്ക്ക് മഞ്ഞ നിറമായിരിക്കും. പല രീതിയിലും തരത്തിലുമുള്ള പട്ടകളുടെ ഒരു മിശ്രിതവുമായിരിക്കും. ഇതില്‍ നിന്ന് വിവിധ ഗ്രേഡുകള്‍ ആയി പട്ട തരം തിരിച്ചെടുക്കണം.
  • ഫൈന്‍ അല്ലെങ്കില്‍ കോണ്ടിനെന്റല്‍, മെക്സിക്കന്‍, ഹാംബര്‍ഗ്, (ഓര്‍ഡിനറി) എന്നിവയാണ് വിവിധ ഗ്രേഡുകള്‍.
  • ഉത്തമം (ഫൈന്‍) ഇനത്തില്‍ ഒരേപോലെ കനവും, നിറവും, ഗുണവും ഉള്ളതും യോജിച്ചു നില്‍ക്കുന്ന അരികുകളോടുകൂടിയതുമായ ചുരുളുകളായിരിക്കും.
  • മെക്സിക്കന്‍ ഇടത്തരം ഗുണേമേന്മയുള്ളതാണ്.
  • കനം കൂടിയതും ഇരുണ്ട നിറമുള്ളതുമായ ചുരുളുകലാണ് ഹാംബര്‍ഗ് ഇനം.

താഴ്ന്ന ഗ്രേഡുകൾ കയറ്റുമതി ചെയ്യുന്ന വിതം
  • മേല്‍പ്പറഞ്ഞ ഗുണങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത കഷണങ്ങള്‍, അതായത്‌ മറ്റു മുന്തിയ ഗ്രേഡുകളുടെ മുറിഞ്ഞ കഷണങ്ങളെല്ലാം, ക്വില്ലിങ്ങ്സ് എന്ന ഗ്രേഡില്‍ പെടും.
  • തൊലിയുടെ ഉള്‍വശവും വളവുകളുള്ള മറ്റ് കമ്പുകളും മറ്റും ചേര്‍ന്നതാണ് ഫെതറിങ്ങ്സ് എന്ന ഗ്രേഡ്‌.
  • പട്ടയുടെ അറ്റം വെട്ടി ഒപ്പമാക്കുമ്പോള്‍ കിട്ടുന്ന ചെറിയ കഷണങ്ങള്‍, തൊലിയുടെ ഭാഗങ്ങള്‍, പുറന്തൊലിയുടെ ചെറിയ കഷണങ്ങള്‍ എന്നിവ ചേര്‍ന്നതാണ് ചിപ്സ്.