ഞായര്‍ , ഡിസംബര്‍ 22, 2024 Information Gateway on Agriculture to Convert "Know How To Do How" English
കൃഷി > ഫലവര്‍ഗ്ഗ വിളകള്‍ > വാഴ
പരിപാലനം

നിലമൊരുക്കല്‍

ഉഴുതോ കിളച്ചോ നിലമൊരുക്കി കുഴികള്‍ തയ്യാറാക്കുക. മണ്ണിന്റെ തരം, വാഴയിനം, ഭൂഗര്‍ഭ ജലനിരപ്പ് എന്നിവയനുസരിച്ച് കുഴിയുടെ വലിപ്പം വ്യത്യാസപ്പെടും. പൊതുവെ 50 x 50 x 50 സെ മീ അളവിലുള്ള കുഴികളാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. താഴ്ന്ന‌ പ്രദേശങ്ങളില്‍ കൂനകൂട്ടി വേണം കന്നു നടാന്‍. ഏറ്റവും ഉയര്‍ന്ന ജലനിരപ്പില്‍ നിന്നും ഒരടിയെങ്കിലും പൊങ്ങി നില്‍ക്കത്തക്ക ഉയരത്തില്‍ വാരങ്ങളും കൂനകളും തയ്യാറാക്കണം.

വാഴകൃഷിയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് നല്ല കന്ന് തിരഞ്ഞെ ടുത്തു നടുകയെന്നത്. മൂന്നോ നാലോ മാസം പ്രായമുള്ളതും മാണഭാത്തിന് ഏകദേശം 700-1000 ഗ്രാം ഭാരവും 35-45 സെ. മീ ചുറ്റളവുള്ളതുമായ ഇടത്തരം സൂചിക്കന്നുകളാണ് നടാന്‍ തിരഞ്ഞെടുക്കേണ്ടത്. സൂചിക്കന്നുകളെ പീലിക്കന്ന്, വാള്‍ക്കന്ന് എന്നും പറയാറുണ്ട്. ഉയരം കുറഞ്ഞ് വീതികുടിയ ഇലകളുള്ള വെള്ളക്കന്നുകള്‍ (water suckers) കരുത്തു കുറഞ്ഞവയായതിനാല്‍ നടാന്‍ അനുയോജ്യമല്ല. നല്ല കുലകള്‍ തരുന്നതും രോഗകീടബാധകളില്ലാത്തതുമായ മാത്യവാഴയില്‍ നിന്നും വേണം കന്നുകള്‍ എടുക്കാന്‍.

നേന്ത്രവാഴ നടുമ്പോള്‍ മാണത്തിനു മുകളില്‍ 15-20 സെ. മീ. ശേഷിക്ക ത്തക്കവണ്ണം കന്നിന്റെ മുകള്‍ഭാഗം മുറിച്ചു കളയണം. അതോടൊപ്പം വേരുകളും, വലിപ്പമേറിയ പാര്‍ശ്വമുകുളങ്ങളും കേടുള്ള മാണഭാഗങ്ങളും നീക്കം ചെയ്യണം. അതിനുശേഷം ചാണകവും ചാരവും കലക്കിയ വെള്ളത്തില്‍ മുക്കിയെടുത്ത് 3-4 ദിവസം വെയിലത്ത് വച്ച് ഉണക്കണം.

ഇപ്രകാരം ഉണക്കിയ കന്നുകള്‍ 15 ദിവസത്തോളം തണലില്‍ സൂക്ഷിക്കാമെങ്കിലും കഴിവതും വേഗം നടുന്നത് തന്നെയാണ് നല്ലത്. നേന്ത്രനൊഴികെ മറ്റിനം വാഴകളുടെ കന്നുകള്‍ ഉണക്കേണ്ടതില്ല. മഴക്കാലത്താണ് നടുന്നതെങ്കില്‍ വെള്ളമിറങ്ങി കന്നുകള്‍ ചീഞ്ഞുപോകാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് മുറിക്കാന്‍ പാടുള്ളതല്ല. എന്നാല്‍ ഇലകള്‍ പകുതി നീളത്തില്‍ മുറിക്കുന്നതില്‍ തെറ്റില്ല.

Admin Login

പകര്‍പ്പവകാശം ©2024. നിര്‍മ്മിച്ചതും നിലനിര്‍ത്തുന്നതും സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്, കേരള കാര്‍ഷിക സര്‍വ്വകലാശാല