രോഗങ്ങള്‍
കുറുനാമ്പുരോഗം
വാഴയെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങളില്‍ ഒന്നാണ് കുറുനാമ്പ് അല്ലെങ്കില്‍ കൂമ്പടപ്പ്. ബനാന ബഞ്ചിടോപ്പ് വൈറസ് എന്നറിയപ്പെടുന്ന വൈറസുകളാണ് ഈ രോഗത്തിന് കാരണം. രോഗഹേതുവായ വൈറസ്സിനെ പരത്തുന്നത് പെന്ററലോണിയ നൈഗ്രോനെര്‍വോസ എന്നറിയപ്പെടുന്ന ഒരു തരം കറുത്ത ചെറിയ വാഴപ്പേനുകളാണ്. രോഗം ബാധിച്ച വാഴയുടെ നാമ്പിലയുടെ അടിഭാഗത്തും തണ്ടിലും കടുംപച്ച നിറത്തിലുള്ള പൊട്ടുകളും വരകളും കാണാം. ക്രമേണ ഇലകള്‍ വിളറി, നീളവും വീതിയും കുറഞ്ഞ്, കുറുകി, കുത്തനെ മുകളിലേക്ക് ഉയര്‍ന്നു നില്ക്കും. രോഗം രൂക്ഷമാകുന്നതോടെ വളര്‍ച്ച പൂര്‍ണ്ണമായി മുരടിക്കുകയും മണ്ടയില്‍ നിരവധി ഇലകള്‍ ഞെരുങ്ങിവന്ന് കൂമ്പടഞ്ഞ വാഴ നശിച്ചു പോവുകയും ചെയ്യുന്നു. കുല പുറത്തു വരുന്നതിനുതൊട്ടു മുമ്പായി രോഗം ബാധിച്ചാല്‍ ശുഷ്ക്കിച്ച ചെറിയ കുലകള്‍ ആയിരിക്കും പുറത്തു വരുന്നത്.
നിയന്ത്രണമാര്‍ഗ്ഗങ്ങള്‍
1. നടുന്നതിനു തെരഞ്ഞെടുക്കുന്ന കന്നുകള്‍ രോഗബാധയില്ലാത്തവയായിരിക്ക ണം.
2. രോഗലക്ഷണം കാണുന്ന വാഴകള്‍ ഒട്ടും താമസിയാതെ മൂടോടെ പിഴുതെടുത്ത് കുഴിച്ചു മൂടുകയോ കത്തിച്ചു കളയുകയോ ചെയ്യണം. ഇതിനു മുമ്പായി മണ്ണെണ്ണയോ, പുകയിലക്കഷായമോ, സോപ്പുവെള്ള മോ, വാഴയുടെ മുകള്‍ഭാഗത്തും പോളകള്‍ക്കിടയിലും ഒഴിച്ചു വാഴപ്പേനുകളെ നശിപ്പിക്കണം.
3. താരതമ്യേന രോഗപ്രതിരോധശേഷിയുള്ള കാഞ്ചികേല, കര്‍പ്പൂരവള്ളി, കൂമ്പില്ലാക്കണ്ണന്‍, ഞാലിപ്പൂവന്‍ മുതലായ വാഴയിനങ്ങള്‍ കൃഷി ചെയ്യുക.
സിഗറ്റോക്ക
ഇളം മഞ്ഞ നിറത്തിലുള്ള ചെറിയ പൊട്ടുകളുടേയും വരകളൂടേയും രൂപത്തിലാണ് രോഗലക്ഷണങ്ങള്‍ കാണുന്നത്. പിന്നീട് ഇവ വലുതാകുകയും തവിട്ടുനിറമാകുകയും ചെയ്യുന്നു. ഇവയുടെ മദ്ധ്യഭാഗം കരിഞ്ഞ ചാര നിറമായിത്തീരുന്നു. ഇങ്ങനെയുള്ള ചെറിയ ചെറിയ പൊട്ടുകള്‍ കൂടിച്ചേര്‍ന്ന് ഇലയില്‍ വലിയ പുള്ളികള്‍ പ്രത്യക്ഷപ്പെടും. ക്രമേണ എല്ലാ ഇലകളിലും രോഗലക്ഷണം കാണുന്നു. മിക്കവാറും എല്ലാ ഇലകളും ഒടിഞ്ഞുതൂങ്ങി നില്ക്കുന്നതായി കാണാം.
നിയന്ത്രണമാര്‍ഗ്ഗങ്ങള്‍
1. കാര്യമായി രോഗം ബാധിച്ച ഇലകള്‍ മുറിച്ചുമാറ്റി തീയിട്ടു നശിപ്പിക്കണം.
2. ഇലകളില്‍ രോഗലക്ഷണം കണ്ടാലുടന്‍ തന്നെ 1% ബോര്‍ഡോമിശ്രിതം തളിക്കണം. രോഗത്തിന്റെ കാഠി ന്യം അനുസരിച്ച രണ്ടാഴ്‌ച ഇടവിട്ട് 5-6 തവണ മരുന്ന് തളിക്കേണ്ടിവരും.
3. 1% വീര്യമുള്ള മിനറല്‍ ഓയില്‍ തളിക്കുന്നത് ഫലപ്രദമാണ്.
4. ഈ രോഗത്തിനെതിരെ 0.05% വീര്യമുള്ള കാര്‍ബെന്‍ഡാസിം തളിച്ചുകൊടുക്കാം. അല്ലെങ്കില്‍ മാങ്കോസെബ് 0.2%, ട്രൈഡെമോര്‍ഫ് 0.08% ഇവ ഇടവിട്ട് മാറിമാറി പ്രയോഗിക്കുന്നത് രോഗം കുറയ്ക്കുന്നതിനു സഹായിക്കും. ഒരേ തരം കുമിള്‍നാശിനി തുടര്‍ച്ചയായി അടിക്കുന്നതുമൂലം കുമിളുകള്‍ പ്രതിരോധ ശക്തി ആര്‍ജ്ജിക്കുന്നത് തടയുന്നതിനും ഇത് ഉപകരിക്കും. കുമിള്‍നാശിനികള്‍ തളിക്കുമ്പോള്‍ ഇലയുടെ രണ്ടു വശത്തും വീഴുന്നുണ്ട് എന്നുറപ്പാക്കണം.
കൊക്കാന്‍ രോഗം (Banana bract mosaic virus)
ആദ്യകാലങ്ങളില്‍ അപ്രധാനമായിരുന്ന ഈ രോഗം അടുത്തിടയായി മാരകമായി തീര്‍ന്നിട്ടുണ്ട്. പല വാഴയിനങ്ങളിലും ഈ രോഗം കാണുന്നുണ്ടെങ്കിലും നേന്ത്രവാഴയുടെ വിളവിനെയാണ് ഇത് സാരമായി ബാധിക്കുന്നത്. ബനാന ബ്രാക്റ്റ് മൊസൈക് വൈറസ് എന്ന് പേരുള്ള ഒരിനം വൈറസുകളാണ് രോഗകാരണം. ഒരുതരം പ്രാണികളാണ് ഈ വൈറസിനെ പകര്‍ത്തുന്നത്.
വാഴയുടെ പുറംപോളകളില്‍ സാധാരണയില്‍ കവിഞ്ഞ ചുവപ്പു നിറത്തിലുള്ള വരകള്‍ താഴെനിന്നും മുകളിലേക്ക് പടര്‍ന്നു കയറുന്നതാണ് രോഗത്തിന്റെ പ്രാരംഭലക്ഷണം. ക്രമേണ പുറം പോളകള്‍ തടയില്‍നിന്നും ഇളകുകയും എളുപ്പത്തില്‍ ഒടിയുകയും ചെയ്യുന്നു. തന്മൂലം വാഴ മൊത്തത്തില്‍ മെലിഞ്ഞു നീണ്ടതായി തോന്നും. രോഗം രൂക്ഷമാകുന്നതോടെ പോളയുടെ ചുവപ്പുനിറം ഏറി ഇരുണ്ട നിറമാകുകയും പോളകളിലും വാഴക്കൈകളിലും ഇരുണ്ട നിറത്തി ലുള്ള പാടുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. രോഗം ബാധിച്ച ചില വാഴകളുടെ ഇലകല്‍ ചുറ്റും വീശുന്നതിനു പകരം രണ്ടു വശത്തിമാത്രം ഒതുങ്ങി 'ട്രാവലേഴ്‌സ് പാമിന്റെ' ആക്യ തിയില്‍ വരുന്നു. കൊക്കാന്‍ ബാധിച്ച വാഴകള്‍ കുലയ്ക്കുന്നതിന് സാധാരണയില്‍ കൂടുതല്‍ സമ യമെടുക്കും. കോമയുടെ ആകൃതിയിലുള്ള കായ്‌കള്‍ സാമാന്യേന ചെറുതായിരിക്കും. കുലകള്‍ക്കും വലിപ്പം കുറവായിരിക്കും.
നിയന്ത്രണമാര്‍ഗ്ഗങ്ങള്‍
1. രോഗം ബാധിച്ച വാഴയുടെ കന്നുകള്‍ നടാന്‍ ഉപയോഗിക്കാതിരിക്കുക.
2. വാഴയുടെ കന്നുനടുമ്പോള്‍ ഒരു കിലോഗ്രാം കുമ്മായം ചേര്‍ക്കുന്നത് പൊതുവെ ഗുണകരമാണ്.
3. കൂമ്പടപ്പു രോഗത്തിനെതിരെ എടുക്കേണ്ട മുന്‍കരുതലുകള്‍ ഈ വൈറസ് രോഗത്തിനും ബാധകമാണ്.
ഇലകളെ ബാധിക്കുന്ന വൈറസ് രോഗം (ഇന്‍ഫെക്ഷ്യസ് ക്ളോറോസിസ്)
നേന്ത്രന്‍, പാളയന്‍കോടന്‍, കര്‍പ്പൂരവള്ളി, കോസ്‌താബൊന്ത, പേയ്കുന്നന്‍, ദീംഖേല്‍, മൊട്ടപ്പൂവന്‍, ദക്ഷിണസാഗര്‍, മധുരാഗ (രസ്‌താളി), മ്യൂസ ഓര്‍ണേറ്റ എന്നീ ഇനങ്ങളിലാണ് ഈ രോഗം കണ്ടുവരുന്നത്.
ഇലകളില്‍ അവിടവിടെയായി പച്ചനിറം കുറയുകയും തളിരിലകളില്‍ ഇളം പച്ചയോ വെളുത്തതോ ആയ വീതി കൂടിയ വരകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതാണ് രോഗലക്ഷണം. വിരിഞ്ഞു വരുന്ന ഇലകള്‍ ക്രമേണ വികൃതമാകുകയും ഇലയുടെ വീതി കുറഞ്ഞുവരികയും ചെയ്യും. രോഗ ബാധയുടെ അവസാനഘട്ടത്തില്‍ വാഴത്തടയിലും ഇലയിലും അഴുകിയ ഭാഗങ്ങള്‍ കാണപ്പെടുകയും ചെയ്യും. ചെറിയ കുലകളേ ഉണ്ടാകൂ. കുറുനാമ്പു രോഗം പരത്തുന്ന വാഴപ്പേന്‍ തന്നെയാണ് ഈ വൈറസ് രോഗവും പരത്തുന്നത്.
നിയന്ത്രണമാര്‍ഗ്ഗങ്ങള്‍
1. നല്ല കുന്നുകള്‍ മാത്രം നടാനായി ഉപയോഗിക്കുക.
2. രോഗബാധയുള്ള വാഴകള്‍ തോട്ടത്തില്‍ നിന്നും നീക്കം ചെയ്യുക.
3. പ്ലയര്‍, വെള്ളരിവര്‍ഗ്ഗ വിളകള്‍ എന്നിവ ഇടവിളയായി കൃഷി ചെയ്യുന്നത് ഒഴിവാക്കുക.
മുകളിലേയ്ക്ക്
|