മുളക് (Capsicum annuum L.)

നിലം ഒരുക്കല്‍

  • നിലം നന്നായി ഉഴുത് മറിച്ച് പാകമാക്കുക
  • നന്നായി അഴുകിപൊടിഞ്ഞ ജൈവവളം മണ്ണില്‍ ചേര്‍ത്തുകൊടുക്കുക
  • മേയ്മാസങ്ങളില്‍ തൈകള്‍ കുഴികളിലേക്ക് പറിച്ചു നടാം
  • മഴക്കാലങ്ങളില്‍ തൈകള്‍ വാരങ്ങളിലേക്ക് പറിച്ചു നടാം.
  • പറിച്ചു നട്ട തൈകള്‍ക്ക് വേനല്‍ മാസങ്ങളില്‍ 3-4 ദിവസം തണല്‍ നല്‍കേണ്ടതാണ്.

നടീല്‍

തൈകളുടെ ഉല്‍പ്പാദനം
  • സാധാരണയായി തൈകള്‍ പറിച്ചു നട്ടാണ്‌ മുളക് കൃഷി ചെയ്യുന്നത്.
  • വിത്ത്‌ പാകി മുളപ്പിച്ച്‌ തൈകളുണ്ടാക്കി, അവയ്ക്ക്‌ ഒരു മാസം പ്രായമാകുന്നതോടെ പറിച്ച്‌ നടാം.
  • നേഴ്‌സറിയിടുന്ന സ്ഥലത്തെ മണ്ണ്‌, വിത്ത്‌ പാകുന്നതിന്‌ ഒരു മാസം മുന്നേ സൂര്യതാപീകരണം ചെയ്യേണ്ടതാണ്‌. ഇപ്രകാരം ചെയ്താല്‍ നെഴ്‌സറി യിലെ അഴുകല്‍, ചീയല്‍ തുടങ്ങിയ രോഗങ്ങളെ കുറയ്‌ക്കാന്‍ സഹായിക്കും
  • നല്ല വളക്കൂറും നീര്‍വാര്‍ച്ചയും ഉള്ളതും ധാരാളം സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലത്ത്‌ വേണം തവാരണകളുണ്ടാക്കാന്‍.
  • സൂര്യതാപീകരണം ചെയ്ത മണ്ണില്‍ നല്ലതുപോലെ അഴുകിപപ്പൊടിഞ്ഞ കാലിവളം ചേര്‍ത്ത്‌ സൗകര്യപ്രദമായ നീളവും, ഒരു മീറ്റര്‍ വീതിയും 90 സെ. മീ. ഉയരവുമുള്ള വാരങ്ങളുണ്ടാക്കി അതില്‍ വിത്ത്‌ പാകാം.
  • അതിനുശേഷം പച്ചിലകൊണ്ട്‌ പുതയിട്ട്‌ ദിവസേന കാലത്ത്‌ നനയ്ക്കുക. വിത്ത്‌ മുളച്ച്‌ തുടങ്ങിയാല്‍ പുത മാറ്റണം.
  • തവാരണ നല്ലതുപോലെ നനച്ചതിന്‌ ശേഷമേ തൈകള്‍ പിഴുതെടുക്കാവു.
  • തവാരണയില്‍ വളര്‍ത്തുന്നതിന്‌ പകരം പ്രോട്രേകളിലും തൈകള്‍ തയ്യാറാക്കാവുന്നതാണ്‌.
നടീല്‍ സമയം
  • മഴയെ ആശ്രയിച്ചുള്ള കൃഷി ചെയ്യുമ്പോള്‍ കാലവര്‍ഷത്തിന് മുന്‍പായി മെയ്‌-ജൂണ്‍ മാസങ്ങളില്‍ തൈകള്‍ പറിച്ചു നടാവുന്നതാണ്.
  • ജലസേചിത കൃഷി ചെയ്യുമ്പോള്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ തൈകള്‍ പറിച്ചു നടാം.